ഫാ. ജോര്‍ജ് എളമ്പാശ്ശേരിലിന്റെ പൗരോഹിത്യ ജൂബിലി ആഘോഷം 26ന്

ഡാലസ് : ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ പള്ളി വികാരി

ഫാ. ജോര്‍ജ് (ജോഷി) എളമ്പാശ്ശേരിലിന്റെ പൗരോഹിത്യ രജത ജൂബിലിയാഘോഷവും നന്ദിയര്‍പ്പണ കുര്‍ബാനയും നവംബര്‍ 26 ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3.45നു ഫാ. ജോര്‍ജ് എളമ്പാശ്ശേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കുര്‍ബാന നടക്കും. ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത്, ഇടവകയിലെ മുന്‍ വൈദികര്‍, രൂപതയില്‍ നിന്നെത്തുന്ന മറ്റു വൈദികര്‍ എന്നിവരും നന്ദിയര്‍പ്പണ കുര്‍ബാനയില്‍ പങ്കെടുക്കും. മാര്‍. ജേക്കബ് അങ്ങാടിയത്ത് വചന സന്ദേശം നല്‍കും. 

തുടര്‍ന്ന് സെന്റ് തോമസ് ജൂബിലി ഹാളില്‍ നടക്കുന്ന സമ്മേളനം മാര്‍. ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നെത്തുന്ന വൈദികര്‍ ആശംസാ പ്രഭാഷണങ്ങള്‍ നടത്തും. തുടര്‍ന്ന് സ്‌നേഹ വിരുന്നു സല്‍ക്കാരവും ഉണ്ടായിരിക്കും. 

കോട്ടയം കടപ്ലാമറ്റം ഇടവകയില്‍ എളമ്പാശ്ശേരില്‍ വര്‍ക്കി ചെറിയാന്‍ മേരി വര്‍ക്കി ദമ്പതികളുടെ മകനായാണ് ഫാ. ജോര്‍ജ് ജനിച്ചത്. കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1992 ജനുവരി 2ന് ബിഷപ് മാര്‍. ജോസഫ് പള്ളിക്കാപറമ്പില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. മുത്തോലപുരം സെന്റ് സെബാസ്റ്റ്യന്‍ അസിസ്റ്റന്റ് വികാരിയായി വൈദിക സേവനം ആരംഭിച്ചു.

മേലുകാവുമറ്റം സെന്റ് തോമസ് ദേവാലയം, അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ദേവാലയം, ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ ദേവാലയം, പാലാ കീഴ്തടിയൂര്‍ സെന്റ് ജോസഫ് (സെന്റ്. ജൂഡ്) ദേവാലയം, മരങ്ങോലി സെന്റ് മേരീസ്എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ച ശേഷം 2010ലാണ് അമേരിക്കയിലെ സിറോ മലബാര്‍ രൂപതയുടെ സേവനത്തിനായി ഫാ. ജോര്‍ജ് നിയമിതനാകുന്നത്. 2010 മുതല്‍ 2015 വരെ ഡിട്രോയിറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ വികാരിയായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നാട്ടില്‍ നിന്നെത്തി ജൂബിലിയാഘോഷത്തില്‍ പങ്കുചേരും. പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജൂബിലിയാഘോഷ കോഓര്‍ഡിനേറ്റര്‍ ജോസഫ് വലിയവീട് (മോന്‍സി), ട്രസ്റ്റിമാരായ ടോമി നെല്ലുവേലില്‍, സാലിച്ചന്‍ കൈനിക്കര എന്നിവര്‍ അറിയിച്ചു.

Views: 15

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service