ഉണ്ണിശോയുടെ വരവിന് ഒരുക്കമായുള്ള പ്രാര്‍ത്ഥന ..

ആദിമാതാപിതാക്കന്മാരുടെ സന്തതികളില്‍ നിന്നും ജനിച്ച സകലരിലും വച്ച് ദൈവപുത്രന് മാതാവായി തിരെഞ്ഞെടുക്കുപ്പെടുകയും  അതിനുവേണ്ടി സകല വരപ്രസാദങ്ങളും  സമ്പൂര്‍ണ്ണമായി പ്രാപിക്കുകയും പ്രാപിച്ച വരപ്രസാദങ്ങളാലും ചെയ്ത സുകൃതത്താലും അലംകൃതമായി സര്‍വേശ്വരനെ അങ്ങേ തിരുവുദരത്തില്‍ ബഹുസന്തോഷത്തോടെ കൈകൊള്ളുകയും ചെയ്ത മാതാവേ അങ്ങേ തിരുകുമാരന്‍ പിറപ്പാനിരിക്കുന്ന ദിവസം സമീപിച്ചിരിക്കുന്നു എന്നറിഞ്ഞ് തനിക്ക് ശുശ്രുഷ ചൈയ്യുവാന്‍ അങ്ങ് എത്രയോ ആഗ്രഹിച്ചിരുന്നു.എന്റെ ആശ്രയമായ മാതാവേ ഞാനും ഈ വിധം ആഗ്രഹിച്ചുകൊണ്ട് ഈ തിരുനാളില്‍ ലോക രക്ഷകനായ അങ്ങേ തിരുകുമാരനെ എന്റെ ഹൃദയത്തില്‍ വേണ്ടവിധം കൈകൊള്ളുന്നതിനും എന്റെ മരണപര്യന്തം തനിക്ക് വിശ്വാസമുള്ള ശുശ്രുഷ ചെയ്യുന്നതിനും വേണ്ട ദൈവാനുഗ്രഹം ലഭിക്കുന്നതിനായി അല്പമായ ഈ ജപത്തെ അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്നു.

1.പരിശുദ്ധ ദൈവമാതാവേ അങ്ങേ തിരുകുമാരനു മാതാവായി തെരഞ്ഞെടുക്കപ്പെട്ട സമയം ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചൈയ്യുമാറാകട്ടെ .( 1സ്വ.10 നന്മ. 1ത്രിത്വ )

2.പരിശുദ്ധ ദൈവമാതാവേ  അങ്ങേ തിരുകുമാരനെ പ്രസവിച്ച ക്ഷണം ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചെയ്യുമാറാകട്ടെ.(1സ്വ.10നന്മ.1 ത്രിത്വ )

3.പരിശുദ്ധ ദൈവമാതാവേ  അങ്ങേ തിരുകുമാരനെ ആദ്യമായി തൊട്ടു തലോടിയ ക്ഷണം  ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചെയ്യുമാറാകട്ടെ (1സ്വ.10നന്മ.1ത്രിത്വ )

4.പരിശുദ്ധ ദൈവമാതാവേ  അങ്ങേ തിരുകുമാരനു ആദ്യമായി പാലുകൊടുത്ത ക്ഷണം ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചെയ്യുമാറാകട്ടെ .(1 സ്വ.10നന്മ.1 ത്രിത്വ )

                                  കാഴ്ച വയ്ക്കുന്ന ജപം 

പരിശുദ്ധ ദൈവമാതാവേ ഈ ആഗമന കാലത്തില്‍ ഞാന്‍ ജപിച്ച ആയിരം നന്മനിറഞ്ഞ മറിയം എന്ന ഈ ജപത്തെ കൈകൊണ്ട്  അങ്ങേ തിരുകുമാരനു  ഒരു മുടി തീര്‍ത്തു ചൂടണമെന്നു അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ സമര്‍പ്പിക്കുന്ന ഈ കാഴ്ച എത്ര നിസ്സാരമായിരുന്നാലും അത് അങ്ങേ തൃക്കൈയ്യില്‍ നിന്നും  വരുന്നതിനാല്‍  വിലപിടിച്ചതും  അങ്ങേ തിരുകുമാരനു പ്രിയമുള്ളതായിരിക്കുമെന്നും നിശ്ചയമായി ശരണപ്പെടുന്നു 
ആകയാല്‍ ദിവ്യ ഉണ്ണിയെ ഈ തിരുമുടി ചൂടിക്കുമ്പോള്‍ ആ ഉണ്ണിയില്‍ നിന്നും  എനിക്കൊരു അനുഗ്രഹം പ്രാപിച്ചു തരണമേ. അതായത് ഇനി ഞാന്‍ ഒരു ചാവുദോഷം ചെയ്തുകൊണ്ട്  ആ ഉണ്ണിയെ സങ്കടപ്പെടുത്തുന്നതിനു മുന്‍പായി,മരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു തരണമേ ആമ്മേന്‍.

നവംബര്‍ 30- നു ഈ പ്രാര്‍ത്ഥന ചൊല്ലി തുടങ്ങുക. കാഴ്ച  വയ്ക്കുന്ന ജപം അവസാനദിവസം ചൊല്ലുക. ( ഡിസംബര്‍ 24 -നു രാത്രിയില്‍ )

 

Views: 294

Reply to This

Replies to This NEWS

Mercy,  Good preparation. Let us all pray together and be blessed.

RSS

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service