ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: കേരളത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും സിസ്റ്റര്‍ എവുപ്രാസ്യമ്മയേയും വിശുദ്ധ പദവിയേക്കുയര്‍ത്താന്‍ വത്തിക്കാന്‍ തീരുമാനിച്ചു. ഇരുവരുടേയും വിശുദ്ധപദ പ്രഖ്യാപനത്തിനാവശ്യമായ അത്ഭുത പ്രവര്‍ത്തികള്‍ അംഗീകരിക്കുന്ന ഡിക്രിയില്‍ വ്യാഴാഴ്ച മാര്‍പാപ്പ ഒപ്പുവെച്ചു. വിശുദ്ധപദ പ്രഖ്യാപനത്തിന്റെ തിയതി പിന്നീട് പ്രഖ്യാപിക്കും. ഇതോടെ രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള ഭാരത കത്തോലിക്കാ സഭയില്‍നിന്ന് ഈ പദവിയിലേക്കുയര്‍ത്തപ്പെടുന്നവരുടെ എണ്ണം മൂന്നായി. വിശുദ്ധ അല്‍ഫോന്‍സാമ്മയാണ് ഭാരത കത്തോലിക്കാ സഭയിലെ ആദ്യവിശുദ്ധ.


1805 ഫിബ്രുവരി 10 ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ ജനിച്ച ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്ന് 1829 ല്‍ പൗരോഹിത്യം സ്വീകരിച്ചു.

1831 ല്‍ ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസ സഭയായ സി.എം.ഐക്ക് (കാര്‍മ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) കോട്ടയം ജിലയിലെ മാന്നാനത്ത് തുടക്കമിട്ട അദ്ദേഹം സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായി പ്രവര്‍ത്തിച്ചു.ക്രിസ്തീയ പുരോഹിതന്‍ എന്ന നിലയില്‍ മാത്രമല്ല സാമുദായ പരിഷ്‌കര്‍ത്താവ് ,വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധനേടിയ അദ്ദേഹം. 1866-ല്‍ അദ്ദേഹം സിഎംസി സന്യാസിനീസഭയ്ക്കു രൂപം നല്കി. പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി എല്ലാ പള്ളികളോടുമൊപ്പം പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. മലയാളത്തിലെ ആദ്യ ദിനപത്രമായ 'നസ്രാണി ദീപിക' ആരംഭിച്ചതും ചാവറയച്ചനാണ്.

1871 ജനുവരി 3 നാണ് അദ്ദേഹം മരിച്ചത്. 1986 ഫിബ്രുവരി 8ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ ആയി പ്രഖ്യാപിച്ചു.

ചാവറയച്ചന്‍ സ്ഥാപിച്ച സിഎംസി സന്യാസസഭയിലെ അംഗമായിരുന്നു എവുപ്രാസ്യാമ്മ. 1877 ഒക്ടോബര്‍ 17 നു തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂര്‍ ഗ്രാമത്തില്‍ എലുവത്തിങ്കല്‍ ചേര്‍പ്പുക്കാരന്‍ തറവാട്ടില്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസില്‍തന്നെ കര്‍മലീത്താ സഭയില്‍ അംഗമായ റോസ 1897 മേയ് 10 നു സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു.

ഭക്ഷണം, വസ്ത്രം, ജീവിതസൗകര്യങ്ങള്‍ എന്നിവയില്‍ ഏറ്റവും മോശമായതും നിസ്സാരമായതും തെരഞ്ഞെടുക്കുന്നതില്‍ എവുപ്രാസ്യമ്മ മത്സരിച്ചിരുന്നു. പഴകിയതും രുചിയില്ലാത്തതും കയ്പു കലര്‍ത്തിയതുമായ ഭക്ഷണം, അതും ദിവസത്തില്‍ ഒരു നേരം മാത്രമാണ് അവര്‍ കഴിച്ചിരുന്നത്.

അധികമാരും താല്പര്യപ്പെടാത്ത ജോലികള്‍ എവുപ്രാസ്യമ്മ തിരഞ്ഞെടുത്തു. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ കിട്ടുന്ന ഒരവസരവും അവര്‍ പാഴാക്കിയിരുന്നില്ല. ഒല്ലൂര്‍ സെന്റ് മേരീസ് മഠത്തില്‍ 45 വര്‍ഷത്തോളം മാതൃകാപരമായ സുകൃതജീവിതം നയിച്ച് 1952 ആഗസ്ത് 29 ന് മരിച്ച എവുപ്രാസ്യമ്മയെ 1987-ലാണ് സഭ ദൈവദാസിയായി പ്രഖ്യാപിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനേകം പേര്‍ക്ക് പ്രാര്‍ത്ഥനയിലൂടെ ആശ്വാസവും സൗഖ്യവും സമാധാനവും നല്‍കിയിരുന്ന എവുപ്രാസ്യമ്മയെ 'പ്രാര്‍ത്ഥിക്കുന്ന അമ്മ' എന്നാണ് വിളിച്ചിരുന്നത്.

2006 ഡിസംബര്‍ മൂന്നിന് കത്തോലിക്കാ സഭ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
കടപ്പാട്: മാതൃഭൂമി ദിനപ്പത്രം, 2014 ഏപ്രില്‍ 3

Views: 393

Reply to This

Replies to This NEWS

പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി എല്ലാ പള്ളികളോടുമൊപ്പം പള്ളിക്കൂടം.

Think about todays' - പള്ളിക്കൂടം ???????????????????????

തീര്‍ച്ചയായും ചിന്തിക്കേണ്ട കാര്യം തന്നെയാണ് മേരീ, പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി എല്ലാ പള്ളികളോടുമൊപ്പം സ്ഥാപിക്കപ്പെട്ട പള്ളിക്കൂടങ്ങള്‍ക്ക് ഇന്ന്‍ എന്തു പറ്റിയെന്ന്...; തെരുവുകുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ട ഡോണ്‍ബോസ്കോ വിദ്യാലയങ്ങള്‍ക്ക് (ഒരു ഉദാഹരണമായി പറഞ്ഞതാണ്) എന്തു പറ്റിയെന്ന്..; നമ്മുടെ ഓരോ സഭാ സമൂഹങ്ങളും ആരംഭിച്ചപ്പോഴുള്ള ഉദ്ദേശലക്ഷ്യങ്ങളും നിയോഗങ്ങളും അവ ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയെന്തെന്നുമൊക്കെ  ചിന്തിക്കുക മാത്രമല്ല, പ്രാര്‍ഥിക്കുകയും പ്രാവര്‍ത്തികമാക്കാനുള്ള‍ ശ്രമങ്ങളില്‍ നമ്മളെല്ലാവരും കഴിവിനൊത്ത് പ്രവര്‍ത്തിക്കയും വേണം.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കച്ചവടവല്‍ക്കരിക്കപ്പെട്ട വിദ്യാഭ്യാസമേഖലയില്‍ സഭസ്ഥാപനങ്ങളും കച്ചവടക്കാരായി മാറിയിരിക്കുന്ന കാഴ്ച വളരെ ദയനീയമാണ്. എന്നാല്‍ ഇതിന് നമ്മള്‍ ആരെയാണ് കുറ്റം പറയേണ്ടത്? സഭയിലെ ഓരോ അംഗത്തിനും ഈ അപചയത്തില്‍ പങ്കുണ്ട്.

ഒരുമടിയുമില്ലാതെ ദശാംശമോ അതിലധികമോ നല്കാന്‍ തയ്യാറുള്ള സഭാമക്കള്‍ നിരവധിയുണ്ട്. അവരെയെല്ലാം പ്രാര്‍ത്ഥനയിലൊന്നിപ്പിച്ച് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ പഴയതു പോലെ വിദ്യാഭ്യാസമേഖലയിലും ആതുരശുശ്രൂഷാമേഖലയിലും ക്രിസ്തുസ്നേഹത്തിന്റെ മാതൃകയായി സേവനം ചെയ്യാന്‍ ഇനിയും കത്തോലിക്കാ സഭയ്ക്കാവും.  

ചാവറയച്ചനെയും എവുപ്രാസ്യാമ്മയെയും നവംബര്‍ 23 ന് വിശുദ്ധരായി പ്രഖ്യാപിക്കും
വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും എവുപ്രാസ്യമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് നവംബര്‍ 23ന് നടക്കും. കര്‍ദിനാള്‍മാരുടെ പ്രത്യേക സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

തീയതി പ്രഖ്യാപിക്കുന്നതോടനുബന്ധിച്ചു ചാവറയച്ചന്റെ കബറിടമുള്ള മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിലും എവുപ്രാസ്യാമ്മയുടെ കബറിടമുള്ള ഒല്ലൂരും ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും നടന്നു. ചാവറ പിതാവിന്റെ കബറിടത്തില്‍ അര്‍പ്പിച്ച സമൂഹബലിക്ക് ആശ്രമ ശ്രേഷ്ഠന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
(മാതൃഭൂമി വാര്‍ത്ത)

RSS

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service