ജോയി വരയ്ക്കുന്നത് ജീവിതത്തിന്റെ നിറക്കൂട്ട്‌

ലനമറ്റ ശരീരവും പറക്കമുറ്റാത്ത കുട്ടികളും; എല്ലാം അവസാനിച്ചെന്ന് ലോകം വിധിയെഴുതി. നാല്‍പതാം വയസില്‍ കട്ടിലിലേക്ക് ലോകം ചുരുങ്ങിയെന്നറിഞ്ഞപ്പോള്‍ ആകെ തളര്‍ന്നു. പക്ഷേ, പ്രതീക്ഷകളുടെ നന്മകളുമായി സ്വന്തങ്ങളും സുമനസ്സുകളും കൂടെ ചേര്‍ന്നപ്പോള്‍ മുന്നോട്ടു പോകാന്‍ ഇനിയുമേറെയുണ്ടെന്ന് ജീവിതം പഠിപ്പിക്കുകയാണ്. ‘ഇപ്പോള്‍ എന്നെ താങ്ങുന്നത് എന്റെ ദൈവമാണ്. എനിക്കിപ്പോള്‍ എന്റെ എല്ലാമെല്ലാമാണ് ദൈവം’ പാതിവിറച്ച് നിറകണ്ണുകളോടെ ജോയി പറഞ്ഞു.Joy

2010 സെപ്തംബര്‍ രണ്ടിനാണ്പെയിന്റിങ്ങ് ജോലിക്കാരനായ ആനന്ദപുരത്ത് കോട്ടുപാടത്തുള്ള തൊമ്മാന കുഞ്ഞുവറീത് ജോയിയെ കിടപ്പുരോഗിയായി മാറ്റിയ അപകടം നടന്നത്. സുഹൃത്ത് എലുവത്തിങ്കല്‍ ജോസഫിനൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ പുറകോട്ടെടുത്തിരുന്ന ടിപ്പര്‍ തട്ടി ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ജോസഫിന്റെ തലയോടുകള്‍ക്കിടയില്‍ ചിന്നല്‍ വീണു. ജോയിയുടെ നിലവളരെ ഗുരുതരമായിരുന്നു വലതുകൈകുഴ കഴുത്തിലേക്ക് കയറി; സ്‌പൈനല്‍ കോഡില്‍ മാരകമായക്ഷതമേറ്റു. ചികിത്സകള്‍ക്കും തുടര്‍ചികിത്സകള്‍ക്കുമിടയില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി ഇനി ജോയിക്ക് നടക്കാനാവില്ല. തളര്‍ന്ന ശരീരവും മരവിച്ച മനസ്സും; ആദ്യം നിരാശ തോന്നിയെങ്കിലും ജീവന്‍ തിരികെ തന്ന ദൈവത്തോടുള്ള നന്ദിയാണ് ജോയിയുടെ ഇപ്പോഴത്തെ ജീവിതം. ‘ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്’ പൂര്‍ണമായും ചലിപ്പിക്കാനാവാത്ത വലതുകൈ ഇടതുകൈയോട് ചേര്‍ത്ത് കൂപ്പിപിടിച്ച് ജോയി പറഞ്ഞു.

കഴുത്തിനു താഴെ പൂര്‍ണമായും തളര്‍ന്ന ശരീരത്തിലെ കാലുകള്‍ ഇടയ്ക്ക് സ്പ്രിങ്ങ് പോലെ അനിയന്ത്രിതമായി പിടയും. അപ്പോഴേക്കും നിഴലുപോലെ കൂടെയുള്ള ഭാര്യ ഷീജ ഓടിയെത്തും. നീരുവന്ന് വീര്‍ത്ത് വിണ്ടുപൊട്ടി തുടങ്ങിയ കാലുകള്‍ അടക്കിപ്പിടിച്ച് അവള്‍ ഏറെ നേരെമിരിക്കും; കാലുകള്‍ നിശ്ചലമാകുന്നതുവരെ. അപകടത്തെ തുടര്‍ന്ന് ആദ്യ നാളുകളില്‍ തനിക്കും സങ്കടമായിരുന്നെന്ന് ഷീജ. രണ്ടാം ക്ലാസില്‍ പഠിക്കുന്ന മൂത്തകുഞ്ഞും നാലുമാസം പ്രായമുള്ള കൈകുഞ്ഞും, ദാരിദ്ര്യത്തിന്റെ കൂട്ടും. പക്ഷെ, ഇപ്പോള്‍ സങ്കടമില്ല; ഏറെ സഹിച്ച തമ്പുരാനോടൊപ്പം ജീവിത സഹനങ്ങള്‍ പങ്കുവയ്ക്കുന്ന പുണ്യത്തില്‍ ഷീജയും പങ്കുകാരിയാണ്. വേദനകള്‍ക്ക് നടുവില്‍ ദൈവം കൂട്ടുണ്ടെന്ന ബോധ്യമാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഷീജ വിശ്വസിക്കുന്നു.
ഈ വിശ്വാസമാണ് ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കാനും പ്രാര്‍ഥനയില്‍ ഏറെ വളരാനും മാസത്തില്‍ രണ്ടു തവണയെങ്കിലും വില്‍ചെയറിന്റെ സഹായത്തോടെ ചേട്ടനോടൊപ്പം ദേവാലയത്തിലെത്തി ദിവ്യകാരുണ്യം സ്വീകരിക്കാനും തന്നെ പ്രേരിപ്പിക്കുന്നതെന്ന് ഷീജ കൂട്ടിചേര്‍ത്തു.
തുടിപ്പ് നിലച്ച ജീവിത ചലനങ്ങള്‍ക്ക് പലപ്പോഴും താളം നല്‍കുന്നത് ചില മാലാഖമാരുടെ സാമിപ്യമാണ്. എയ്ഞ്ചല്‍ റോസ്, അനുഷ റോസ് ജോയിയുടെ കുഞ്ഞുമക്കള്‍. എയ്ഞ്ചല്‍ റോസ് ആറാം ക്ലാസുകാരിയാണ്. വീട്ടുജോലിയിലും അപ്പച്ചന്റെ ശുശ്രൂഷകളിലും പഠനത്തിലും എപ്പോഴും മുഴുകി നിറസാന്നിധ്യമായി അവള്‍ വീട്ടിലുള്ളതുകൊണ്ട് ഒറ്റപ്പെടലറിയാറില്ലെന്ന് ജോയി. നാലുമാസം പ്രായമുള്ളപ്പോള്‍ അനുഷ്യക്ക് കൈകളില്‍ കോരിയെടുക്കുന്ന നെഞ്ചില്‍ ചേര്‍ത്തുനിറുത്തുന്ന ആനപ്പുറത്ത് കളിപ്പിക്കുന്ന അപ്പച്ചന്‍ കിടക്കയിലേക്ക് ഒതുങ്ങിയതിന്റെ രഹസ്യമറിയുമായിരുന്നില്ല. ഇപ്പോള്‍ നാലുവയസുള്ളപ്പോള്‍ അപ്പച്ചന് പ്രപഞ്ചത്തെ മുഴുവന്‍ ഓരോ ദിവസവും പരിചയപ്പെടുത്തി കൊടുക്കലാണ് അവളുടെ പ്രധാന ജോലിയത്രേ!
പഠനത്തിലും മത്സരങ്ങളിലും മികവു തെളിയിക്കുന്ന ഇരുവര്‍ക്കും വലിയ സ്വപ്‌നങ്ങളാണ്. എയ്ഞ്ചലിന് ഡോക്ടറാകണം; അനുഷയ്ക്ക് പോലിസും. തളര്‍ന്നുകിടക്കുന്ന ഏറെ പേരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഈ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ ഫലമണിയട്ടെ!
ദിവസങ്ങള്‍ തള്ളി നീക്കുന്നത് വയലിലെ ലില്ലികളെ അണിയിച്ചൊരുക്കുന്ന ആകാശത്തെ പറവകളെ തീറ്റി പോറ്റുന്ന ഈശ്വരന്‍ കാരണമാണെന്ന് ജോയിക്ക് ബോധ്യമുണ്ട്. അന്നന്നപ്പത്തിനുവേണ്ടി അധ്വാനിക്കുന്ന കാലത്താണ് അപകടം വെല്ലുവിളിയായെത്തിയത്. ചികിത്സകള്‍ക്കായുള്ള പണം മുഴുവന്‍ ദൈവചൈതന്യമുള്ള മനുഷ്യരുടെ സഹായമാണ്. ഇന്‍ഷുറന്‍സ് കേസുകള്‍ ഇതുവരെയും തീര്‍പ്പായിട്ടില്ല. സ്വന്തം ഇടവകയായ ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിലെ അച്ചന്മാരും ഇടവകകാരും ചേര്‍ന്ന് ഒരു ഭവനം പണിതു നല്‍കിയത് ദൈവിക ഇടപെടലായിരുന്നു.
മരുന്നുകള്‍, വീട്ടുചെലവുകള്‍, കുട്ടികളുടെ പഠനം ഷീജയും മക്കളും ചേര്‍ന്ന് തൃശൂരിലെ നെല്ലിക്കുന്നത്തുള്ള മാത്യുച്ചേട്ടന്റെ നേതൃത്വത്തില്‍ നല്‍കുന്ന ചേരുവകള്‍ ചേര്‍ത്ത് ഫിനോയിലും ഹാന്‍ഡ് വാഷും സോപ്പും വീട്ടില്‍ നിര്‍മിച്ച് ചെറുവില്‍പന. ആകെ വരുമാനമതാണ്. ഷീജക്ക് അധികനേരം പുറത്ത് പോകാനാവാത്തതുകൊണ്ട് ഇളയമകള്‍ അനുഷ റോഡിലൂടെ പോകുന്നവര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കും. കുട്ടികുരുന്നിന്റെ കണ്ണിലെ തിളക്കം പലരെയും സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കും. സ്വന്തം വീടുകാര്‍ അല്‍പം അകന്നുനില്‍ക്കുന്നത് ആദ്യം അസ്വസ്ഥതയുണ്ടാക്കിയെങ്കിലും ഇപ്പോള്‍ എല്ലാമായും പൊരുത്തപ്പെട്ടെന്ന് ജോയി സമ്മതിക്കുന്നു. തളര്‍ന്നുകിടക്കുന്ന രോഗികളുടെ കൂട്ടായ്മയില്‍ ജോയി അംഗമാണ്. വ്യത്യസ്തതമായ കര്‍മപരിപാടികള്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള മനുഷ്യസ്‌നേഹി എന്ന സന്നദ്ധ സംഘടന ചെയ്യുന്നുണ്ട്. ജീവിതത്തില്‍ ഉന്മേഷത്തിനും ഉത്സാഹത്തിനും ഇവ തന്നെ ഏറെ സഹായിക്കുന്നുണ്ടെന്ന് ജോയി അഭിപ്രായപ്പെടുന്നു.
നിറങ്ങള്‍ തേച്ചുപിടിപ്പിച്ചിരുന്ന ഈ 44 വയസുള്ള കലാകാരന് ജീവിതത്തില്‍ ഇനിയും ഏറെ വര്‍ണകൂട്ടുകള്‍ ഒരുക്കാനുണ്ട്. ശുഭപ്രതീക്ഷയുടെ നല്ല നാളെകളിലേക്ക് വര്‍ണമേളങ്ങളുടെ സന്തുഷ്ട കുടുംബമായി മുന്നേറാന്‍ ജഗദീശ്വരന്‍ കൂട്ടുണ്ടാകും; ഒപ്പം നല്ലമനസുകളുടെ തുടര്‍ സഹായങ്ങളും.

ഫോണ്‍ – 9747939084

കേരളസഭ മാസിക 2014 ഏപ്രില്‍ 1

(ഇരിങ്ങാല‍ക്കുട രൂപത പ്രസിദ്ധീകരണം)

Views: 65

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service