കോഴഞ്ചേരി പഴയ പള്ളി

കോഴഞ്ചേരി പഴയ പള്ളി

മാര്‍ത്തോമ്മാ സഭയുടെ പാരമ്പര്യത്തിന്റെ തിരുശേഷിപ്പായി കോഴഞ്ചേരി മാര്‍ത്തോമ്മാ ഇടവകയുടെ ഭാഗമായ കോഴഞ്ചേരി പഴയപള്ളി  മലങ്കര സഭാ നവീകരണത്തിന്റെ 175-ാം വര്‍ഷത്തില്‍ ഒരു ചരിത്ര അടയാളമായി നിലനില്‍ക്കുന്നു. സഭാ നവീകരണത്തിന്റെ 175-ാം വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നതും കോഴഞ്ചേരി പള്ളിയിലായിരുന്നു. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയോട് ചേര്‍ന്ന് പാരമ്പര്യപ്രൌഢിയില്‍ ഇപ്പോഴും സംരക്ഷിച്ചുപോരുന്ന പഴയപള്ളി അടുത്തിടെ നടത്തിയ അറ്റകുറ്റപണി പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തതോടെ ജാതിമത ഭേദമെന്യേ ഒട്ടേറെ വിശ്വാസികളാണ് എത്തുന്നത്.

കോഴഞ്ചേരി പഴയ പള്ളിയുടെ പ്രാധാന്യം  
വിശ്വാസികളുടെ ഇടയില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ തുടച്ചുനീക്കിയ നടപടികളാണ് നവീകരണാശയങ്ങളായി അറിയപ്പെടുന്നത്. മലങ്കര സഭയില്‍ നവീകരണ ആശയങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്  റവ. ഏബ്രഹാം മല്‍പ്പാനായിരുന്നു. കൊല്ലവര്‍ഷം 1012 ല്‍ നടന്ന നവീകരണാശയങ്ങള്‍ക്ക് ശേഷം മാര്‍ത്തോമ്മാ സഭയ്ക്ക് പൂര്‍വികമായി ലഭിച്ച പള്ളികളില്‍ പ്രഥമ സ്ഥാനമാണ് കോഴഞ്ചേരി പഴയ പള്ളിയ്ക്കുള്ളത്.

കോഴഞ്ചേരി പഴയ പള്ളിയുടെ ചരിത്രം
കോഴഞ്ചേരി പഴപള്ളി മാര്‍ത്തോമ്മാസഭയുടെ ഒരു ചരിത്രസ്മാരകം എന്ന നിലയ്ക്കാണ് സംരക്ഷിച്ചുവരുന്നത്.  നവീകരണ കാലത്തിനും മുന്‍പ്   കൊല്ലവര്‍ഷം 775 ല്‍ കുലശേഖര രാജാവിന്റെ കാലത്ത് ചെമ്പോലയില്‍ എഴുതി തുല്യം ചാര്‍ത്തി നല്‍കിയ സ്ഥലത്താണ് പള്ളി അന്ന് സ്ഥാപിച്ചത്. ലിഖിത രേഖകളായി പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകത്തില്‍ പഴയ മലയാള ലിപിയിലുള്ള സംഖ്യകളില്‍ കൊല്ലവര്‍ഷം 1069 ല്‍ അറ്റകുറ്റപ്പണി നടത്തിയതായി കാണാം. മലബാര്‍ സെന്റ് തോമസ് ക്രിസ്തീയ മേലധ്യക്ഷനായ തോമസ് മാര്‍ അത്തനാസിയോസിന്റെ ആജ്ഞാനുസരണമാണ് ജീര്‍ണോദ്ധാരണം നടത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

പള്ളിയുടെ പ്രത്യേകതകള്‍  
പള്ളിയുടെ മേല്‍ക്കൂരയുടെ ഉരുപ്പടികള്‍ തേക്ക് തടികൊണ്ട് നിര്‍മ്മിച്ചതാണ്. ഇതിന്   ഒരടിയോളം ഘനമുണ്ട്. അക്കാലത്ത് നിര്‍മ്മിച്ചിരുന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന മേല്‍ത്തട്ടും പൂര്‍ണ്ണമായും തടികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പകുതി ഭാഗത്തോളം മാത്രമുള്ള മേല്‍ത്തട്ട് ഇന്നത്തെ ഹാളുകള്‍ക്കുള്ള ബാല്‍ക്കണിയാണ് അനുസ്മരിപ്പിക്കുന്നത്.

ശില്‍പ്പ വൈദഗ്ധ്യം വിളിച്ചോതുന്ന കല്ലുകൊണ്ടും തടികൊണ്ടും നിര്‍മ്മിച്ച തൂണുകളും പള്ളിയുടെ പാരമ്പര്യത്തിന് മുതല്‍ക്കൂട്ടാണ്. സാധരണയായി പള്ളികളോട് ചേര്‍ന്ന് കാണാത്ത തരത്തില്‍ ഒരു വശത്തേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു ഭാഗവും പഴയപള്ളിക്കുണ്ട്. ആരാധന നടക്കുമ്പോള്‍ ഇവിടം വിശ്വാസികള്‍ ഇരിക്കുന്നതിന് ഉപയോഗിച്ചിരുന്നു. ജനങ്ങള്‍ക്ക് അക്കാലത്ത് സംവാദിക്കുന്നതിനുള്ള ഇടം കൂടിയായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്.

ആരാധനകള്‍ എന്തൊക്കെ? എങ്ങനെ?  
1941 ലാണ് ഇടവകയുടെ ഇപ്പോഴത്തെ പള്ളി (വലിയപള്ളി) കൂദാശ നടത്തിയത്. വലിയ പള്ളിയുടെ നിര്‍മ്മാണത്തിനു ശേഷവും പഴയ പള്ളിയില്‍ ജാതിമത ഭേദമെന്യേ വിശ്വാസികള്‍ ഇപ്പോഴും പ്രാര്‍ഥനയ്ക്കെത്തുന്നുണ്ട്. ദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30 വരെ പള്ളി വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.  പള്ളിയുടെ ഉള്ളില്‍ മുന്‍പിലായി സ്ഥാപിച്ചിരിക്കുന്ന വിളക്കില്‍ എണ്ണയൊഴിക്കുന്നതിനും മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്നതിനും ഒട്ടേറെ പേരാണ് ദിവസവും എത്തുന്നത്. എല്ലാ ഒന്നാമത്തെ ബുധനാഴ്ചയും എട്ടിന് ഇവിടെ കുര്‍ബാനയും നടക്കുന്നുണ്ട്.

എങ്ങനെ എത്തിച്ചേരാം  
തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ കോഴഞ്ചേരി ടൌണില്‍ സ്ഥിതിചെയ്യുന്ന പള്ളിയിലേക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്ന് അരകിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളു.

ഫോണ്‍: 0468-2212086.

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service