പുതുപ്പള്ളി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് പള്ളി

കേരളത്തിലെ ദേവാലയങ്ങളില്‍ സാംസ്കാരികമായ പൈതൃകംകൊണ്ടും ആചാരാനുഷ്ഠാനങ്ങളുടെ തനിമകൊണ്ടും ഏറെ ശ്രദ്ധേയമാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി. മലങ്കര ഓര്‍ത്തഡോക്സ് സഭ അനുശാസിക്കുന്ന എല്ലാ പെരുനാളുകളും പുതുപ്പള്ളി പള്ളിയില്‍ ആചരിക്കാറുണ്ടെങ്കിലും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുനാളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെ പുതുപ്പള്ളി പെരുനാള്‍ എന്നാല്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുനാള്‍ എന്നാണ് അര്‍ഥമാക്കുന്നത്.

കേവലം ക്രൈസ്തവ ആഘോഷം എന്നതിലുപരി നാനാജാതി മതസ്ഥര്‍ ഒത്തുകൂടുന്ന മഹോല്‍സവമാണു പുതുപ്പള്ളി പെരുനാള്‍. മാനവമൈത്രിയുടെയും മതമൈത്രിയുടെയും സംഗമസ്ഥാനമായ പുതുപ്പള്ളി പള്ളിയിലെ പെരുനാള്‍ മതപരമായ ആഘോഷത്തിനപ്പുറം നാടിന്റെകൂടി ഉല്‍സവമാണ്. മലങ്കര സഭയില്‍ മറ്റു ദേവാലയങ്ങളിലില്ലാത്ത പല പ്രത്യേകതകള്‍ പുതുപ്പള്ളി പെരുനാളിനുണ്ട്.

പൂര്‍വികര്‍ പരമ്പരാഗതമായി ആചരിച്ചുവരുന്ന ചില അനുഷ്ഠാനങ്ങള്‍ മുടക്കം കൂടാതെ ഇവിടെ ഇന്നും നിലനില്‍ക്കുന്നു. കൊടിമരമിടീല്‍, വിറകിടീല്‍, വെടിക്കെട്ട്, അരിയിടീല്‍, വെച്ചൂട്ട്, കോഴിനേര്‍ച്ച, പ്രദക്ഷിണം തുടങ്ങി പുതുപ്പള്ളി പെരുനാളിനു തനതായ സവിശേഷതകള്‍ പലതുണ്ട്. പൈശാചിക തിന്മകളുടെ അന്തകന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥത യാചിക്കാന്‍ നാനാദേശങ്ങളില്‍ നിന്നു നൂറുകണക്കിനു വിശ്വാസികളാണ് അനുദിനം പുതുപ്പള്ളി പള്ളിയില്‍ എത്തിച്ചേരുന്നത്.

അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രസാക്ഷ്യമായി പുതുപ്പള്ളി പള്ളി
നവമാധ്യസ്ഥരുടെ ചൈതന്യത്താല്‍ ധന്യമായ പുതുപ്പള്ളി പള്ളിയുടെ ചരിത്രം 16-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. അക്കാലത്ത് തെക്കുംകൂര്‍ രാജ്യം ഭരിച്ചിരുന്ന രാജാക്കന്മാര്‍ ക്രിസ്തുമത വിശ്വാസികള്‍ക്കു നല്‍കിയിരുന്ന അംഗീകാരത്തിന്റെ ഫലമായി അനേകം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തെക്കുംകൂറിലും പരിസരപ്രദേശങ്ങളിലും വന്നു താമസിച്ചിരുന്നു. അങ്ങനെ ഈ പ്രദേശത്ത് എത്തിയ ക്രൈസ്തവര്‍ രാജാവിന്റെ അനുമതിയോടെ എഡി 1557ല്‍ ദൈവമാതാവിന്റെ നാമത്തില്‍ ഒരു പള്ളി പണികഴിപ്പിച്ചു. കൊച്ചുപള്ളിക്കുന്ന് എന്നു പില്‍കാലത്ത് അറിയപ്പെട്ട ഈ സ്ഥലത്തു നിന്ന് എഡി 1640ല്‍ പള്ളി മാറ്റി സ്ഥാപിച്ചു. ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്ന ഇളന്തുരുത്തിക്കുന്നിലായിരുന്നു പുന:സ്ഥാപനം. മാര്‍ ബഹനാന്‍ സഹദായുടെ നാമത്തിലാണു പള്ളി സ്ഥാപിതമായത്. ഈ പള്ളി 1750ല്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ പുതുക്കി നിര്‍മിച്ചു.

ആധുനികരീതിയില്‍ വീണ്ടും നവീകരിച്ച ദേവാലയ സമുച്ചയം ഒന്‍പതു ത്രോണോസുകളോടെ നവമധ്യസ്ഥരുടെ നാമത്തില്‍ 2003 ആഗസ്റ്റ് 19-ാം തീയതി കൂദാശ ചെയ്തു. 2007ല്‍ ഈ ദേവാലയത്തെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ പൌരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. പുതുപ്പള്ളി പള്ളി ഇന്ന് ആയിരത്തിയഞ്ഞൂറിലേറെ കുടുംബങ്ങളുള്ള ദേവാലയമാണ്. ഒന്‍പതു ത്രോണോസുകള്‍ - ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ ഒന്‍പതു വിശുദ്ധര്‍ - അവരില്‍ അഭയം പ്രാപിച്ചുകൊണ്ടുള്ള പ്രാര്‍ഥനകള്‍ പുതുപ്പള്ളിപ്പള്ളിയെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രമാക്കി മാറ്റി. പൈശാചിക തിന്മകളുടെ അന്തകന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥത യാചിക്കാന്‍ നാനാദേശങ്ങളില്‍ നിന്നു നൂറുകണക്കിനു വിശ്വാസികള്‍ അനുദിനം ഇവിടെ എത്തിച്ചേരുന്നു. അശരണരുടെയും ആലംബഹീനരുടെയും കാവല്‍നാഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പേരില്‍ അറിയപ്പെടുന്ന ഈ ദേവാലയം ഇന്ന് അനേകായിരങ്ങളുടെ അഭയകേന്ദ്രമാണ്.

നവമാധ്യസ്ഥര്‍ അനുഗ്രഹം ചൊരിഞ്ഞ് പുതുപ്പള്ളി പള്ളി   
ഭാരതീയ വാസ്തുവിദ്യാ സങ്കല്‍പം അനുസരിച്ചാണ് ഇൌ ദേവാലയ സമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്. മൂന്നു പള്ളികള്‍ ഒരുമിച്ചുചേരുന്ന അനുഭവമാണ് ഇന്നു പുതുപ്പള്ളിപ്പള്ളി കണ്ടാല്‍ തോന്നുക. പള്ളിയുടെ ഉള്ളിലേക്കു പ്രവേശിച്ചാല്‍ ഒന്ന് മറ്റൊന്നില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതായി തോന്നാം.

ഒന്‍പതു ത്രോണോസുകള്‍ ഉണ്ടെന്നുള്ളതാണ് പുതുപ്പള്ളി പള്ളിയുടെ ഒരു പ്രധാന സവിശേഷത. മധ്യഭാഗത്തുള്ള വലിയപള്ളിയുടെ പ്രധാന ത്രോണോസ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇടതും വലതുമായി പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെയും പരിശുദ്ധ പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെയും നാമത്തിലുള്ള ത്രോണോസുകള്‍ സ്ഥിതി ചെയ്യുന്നു. വലിയ പള്ളിയുടെ വടക്കുഭാഗത്തെ പ്രധാന ത്രോണോസ് വിശുദ്ധ ദൈവമാതാവിന്റെയും ഇടതും വലതുമായി മര്‍ത്തശ്മൂനിയമ്മ, മോര്‍ത്ത യൂലീത്തി എന്നിവരുടെയും നാമത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ശുദ്ധിമതികളുടെ നാമത്തിലുള്ള മലങ്കരയിലെ ഏക ദേവാലയമാണ് പുതുപ്പള്ളി പള്ളി.

പ്രധാന പള്ളിയുടെ തെക്കുഭാഗത്തായി പുതുക്കിപ്പണിത ഭാഗത്ത് മധ്യത്തില്‍ വിശുദ്ധ ബഹനാന്‍ സഹദായുടെയും ഇടതും വലതുമായി പരിശുദ്ധനായ വട്ടശേരില്‍ മാര്‍ ദിവന്ന്യാസ്യോസ് തിരുമേനിയുടെയും പാമ്പാടി കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെയും നാമത്തില്‍ ത്രോണോസുകള്‍ നിര്‍മിച്ചിരിക്കുന്നു. സഭാഭാസുരന്‍ പരിശുദ്ധ വട്ടശേരി തിരുമേനിയുടെ നാമത്തില്‍ മലങ്കരയില്‍ ആദ്യമായി സ്ഥാപിക്കുന്ന ത്രോണോസ് പുതുപ്പള്ളി പള്ളിയിലാണ്. (പരിശുദ്ധ വട്ടശേരി തിരുമേനിയ്ക്കു കോറൂയാ പട്ടം ലഭിച്ചത് പുതുപ്പള്ളി പള്ളിയില്‍ വച്ചായിരുന്നു). തെക്കും വടക്കുമുള്ള ചാപ്പലുകള്‍ക്കു മുന്നിലായി രണ്ടു കല്‍വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന മലങ്കര സഭയിലെ പ്രഥമ ദേവാലയമാണു പുതുപ്പള്ളി പള്ളി. പെരുനാളിനോടനുബന്ധിച്ച് 2004 മേയ് ഏഴിനാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ പുതുപ്പളളി പളളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചത്. വിശുദ്ധ ഗീവര്‍ഗീസ് സഹദാ രക്തസാക്ഷിത്വം വരിച്ചിട്ടു പതിനേഴു നൂറ്റാണ്ടു പൂര്‍ത്തിയായ അവസരത്തിലാണ് പുതുപ്പളളി പളളിയില്‍ തിരുശേഷിപ്പ് സ്ഥാപിച്ചത്. മധ്യപൂര്‍വദേശ സന്ദര്‍ശനവേളയില്‍ പരിശുദ്ധ വട്ടശേരില്‍ തിരുമേനിക്കു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നല്‍കിയതാണ് ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ്. തിരുശേഷിപ്പ് വട്ടശേരില്‍ തിരുമേനി അന്ന് റമ്പാന്‍ ആയിരുന്ന പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ എല്‍പ്പിക്കുകയും അദ്ദേഹം കുണ്ടറ സെമിനാരിയില്‍ സൂക്ഷിക്കുകയും ചെയ്തു. പിന്നീട് പഴയ സെമിനാരിയില്‍ എത്തിച്ചു. 2004 മേയ് ഏഴിന് വട്ടശേരി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പഴയസെമിനാരിയില്‍ നിന്ന് തിരുശേഷിപ്പ് ആഘോഷപൂര്‍വം പുതുപ്പളളി പളളിയില്‍ എത്തിച്ചു. കുര്‍ബാനയെ തുടര്‍ന്ന് പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുശേഷിപ്പ് പളളിയില്‍ സ്ഥാപിച്ചു. സഹദായുടെ ഭൌതിക ശരീരത്തിന്റെ സാന്നിധ്യം അനേകായിരങ്ങള്‍ക്കു സൌഖ്യദായകമായ നീരുറവയായി തീര്‍ന്നിരിക്കുന്നു. തിരുശേഷിപ്പ് വണങ്ങി അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ദിവസവും നൂറുകണക്കിനു വിശ്വാസികളാണ് ഇവിടെ എത്തിച്ചേരുന്നത്. പുതുപ്പള്ളി പള്ളിയില്‍ എത്തുന്ന അനേകായിരങ്ങള്‍ പരിശുദ്ധന്റെ സാന്ത്വന സ്പര്‍ശത്തില്‍ ആത്മശാന്തി ലഭിച്ചു മടങ്ങുന്നു.

പൈതൃകപ്പെരുമയില്‍ കുരിശിന്‍തൊട്ടിയും പതിനെട്ടാംപടിയും   
പുതുപ്പള്ളി പള്ളിയുടെ സാംസ്കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ് കുരിശിന്‍തൊട്ടിയും പതിനെട്ടാംപടിയും. കേരളീയ രീതിയില്‍ എണ്ണയൊഴിച്ചു തിരി കത്തിക്കാന്‍ പാകത്തിലുള്ള വിളക്കുകള്‍ കുരിശിന്‍തൊട്ടിക്കു ചുറ്റും ഘടിപ്പിച്ചിരിക്കുന്നു. എണ്‍പത്തിനാലു തിരികള്‍ ദീപം തെളിക്കാന്‍ കുരിശിന്‍തൊട്ടിയില്‍ സൌകര്യമുണ്ട്. പന്ത്രണ്ട് ശ്ലീഹന്മാരെയും എഴുപത്തിരണ്ട് അറിയിപ്പുകാരെയുമാണ് ഈ തിരികള്‍ പ്രതിനിധീകരിക്കുന്നത്. കൊടൂരാറ്റില്‍ മുങ്ങിക്കുളിച്ചു കുരിശിന്‍തൊട്ടിയില്‍ ചുറ്റുവിളക്ക് കത്തിച്ചു പ്രാര്‍ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നാണ് വിശ്വാസം. കാര്യസിദ്ധിക്കു വേണ്ടിയും പാപ പരിഹാരാഥവും കുരിശിന്‍തൊട്ടിക്കു ചുറ്റും വിശ്വാസികള്‍ ശയനപ്രദക്ഷിണവും മുട്ടിന്മേല്‍ നീന്തലും നടത്താറുണ്ട്.

ഒരു കാലത്ത് കഠിനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആളുകളെ പതുപ്പള്ളി പള്ളിയുടെ മുമ്പില്‍ നിര്‍ത്തി സത്യം ചെയ്യിക്കുന്ന പതിവുണ്ടായിരുന്നു. ഗീവര്‍ഗീസ് സഹദായുടെ തിരുനടയില്‍ നിന്നു തെറ്റായി പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പിന്നില്‍. അത്രയധികം പാവനവും ശക്തിദായകവുമാണ് കുരിശിന്‍തൊട്ടി. വ്രതശുദ്ധയോടു കൂടി പുതുപ്പള്ളി പള്ളിയുടെ പതിനെട്ടുപടികള്‍ കയറി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ സാന്നിധ്യത്തില്‍ എത്തി അഭയം പ്രാപിച്ചു പ്രാര്‍ഥിച്ചാല്‍ മറുപടി ലഭിക്കുമെന്നാണ് വിശ്വാസം. രോഗത്താലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ഥിച്ച് അനുഗ്രഹം പ്രാപിച്ചതായുള്ള ഒട്ടേറെ അനുഭവ സാക്ഷ്യങ്ങള്‍ ഇതിന് ഉദാഹരണമാണ്.

പൊന്നിന്‍ കുരിശും പുതുപ്പള്ളി കുരിശും    
പുതുപ്പള്ളി പള്ളിയുടെ തനതു സവിശേഷതകളില്‍ പ്രധാനപ്പെട്ടതാണ് പൊന്നില്‍ കുരിശും പുതുപ്പള്ളി കുരിശും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്നു വിശ്വസിക്കപ്പെടുന്ന പൊന്നിന്‍ കുരിശ് പുതുപ്പള്ളി പള്ളിയുടെ ശതകാല മഹത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. നാനൂറ്റിയൊന്നു പവന്‍ തൂക്കമുള്ള ഈ കുരിശ് പെരുനാള്‍ ദിനങ്ങളില്‍ മാത്രമാണ് പുറത്തെടുക്കുന്നത്. പ്രധാന പെരുനാളിന്റെ തലേദിവസമായ ആറിനു രാവിലെ നടക്കുന്ന കുര്‍ബാനയ്ക്കു ശേഷമാണു ചരിത്രപ്രസിദ്ധമായ പൊന്നിന്‍ കുരിശ് പുറത്തെടുത്ത് പ്രധാന ത്രോണോസില്‍ സ്ഥാപിക്കുന്നത്.

പുതുപ്പള്ളി പള്ളിയില്‍ മാത്രമുള്ള അപൂര്‍വ മാതൃകയിലുള്ള കുരിശാണ് പുതുപ്പള്ളി കുരിശ് എന്ന പേരില്‍ അറിയപ്പെടുന്നത്. കൂര്‍മാകൃതിയിലുള്ള ശില്‍പഭംഗി കലര്‍ന്ന പീഠത്തിലാണ് ഈ കുരിശ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. കൂര്‍മപാദങ്ങളുള്ള കുരിശ് സാധാരണയായി കാണാറില്ല. പുതുപ്പള്ളി കുരിശിന്റെ കൈപ്പിടി ഒരു വാളിന്റെ പിടിയെ അനുസ്മരിപ്പിക്കുന്നു. പീഠത്തിന്റെ ആമക്കാലുകള്‍ ഭൂമിയെ ഉദ്ധരിക്കാനായി മനുഷ്യാവതാരം ധരിച്ച ദൈവപുത്രനെ അനുസ്മരിപ്പിക്കുന്നു. രണ്ടു വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. പാപികളെ ഉദ്ധരിക്കാനായി അവതരിച്ച ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഓര്‍മയെ ആര്‍ഷഭാരത സംസ്കാരവുമായി പ്രതീകാത്മകമായി ഈ കുരിശില്‍ ബന്ധപ്പെടുത്തിയിരിക്കുന്നു.

അകലെയാണെങ്കിലും അരികിലാകാന്‍ 'പുതുപ്പള്ളി ഉൌട്ട്   
പുതുപ്പള്ളി പള്ളിയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുമായി ബന്ധപ്പെട്ടു നിലവിലിരിക്കുന്ന അനുഷ്ഠാനമാണ് പുതുപ്പള്ളി ഉൌട്ട്. ചിലയിടങ്ങളില്‍ പുതുപ്പള്ളിച്ചാത്തം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഒാര്‍മ്മപ്പെരുനാള്‍ ആചരിക്കുന്ന 5, 6, 7 തീയതികളിലാണ് ഇൌ ചടങ്ങ് നടത്തുന്നത്. പുതുപ്പള്ളിയില്‍ പോയി പരിശുദ്ധ ഗീവര്‍ഗീസ് സഹദായെ ദര്‍ശിക്കാന്‍ സാധിക്കാത്ത വിശ്വാസികള്‍ പ്രാദേശികമായി നടത്തുന്ന ആചാരമാണ് പുതുപ്പള്ളി ഉൌട്ട്. വ്രതശുദ്ധിയോടും പ്രാര്‍ഥനയോടുമാണ് ഇതു നടത്തുന്നത്. ഉൌട്ടിനു നിശ്ചയിക്കപ്പെട്ട ഭവനത്തില്‍ ബന്ധുക്കളോടൊപ്പം അയല്‍ക്കാരും ഇതില്‍ പങ്കെടുക്കും. പല സ്ഥലങ്ങളില്‍ പല രീതിയിലാണ് ഇൌ ചടങ്ങ് നടത്തുന്നത്. വിഭവങ്ങളും വ്യത്യസ്തമാണ്. കോഴിയിറച്ചി പ്രധാന വിഭവമാണ്. പുണ്യവാളനു വേണ്ടി സമര്‍പ്പിക്കപ്പെട്ട നേര്‍ച്ചക്കോഴികളെയാണ് ഉൌട്ടിനായി പാകം ചെയ്യുന്നത്. ഉൌട്ട് നടത്തുന്ന വീട്ടുകാര്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചിത്രത്തിനു മുമ്പില്‍ കൊളുത്തിവച്ച വിളക്കിനു സമീപം ആദ്യ ഇലയിട്ട് സഹദായെ സങ്കല്‍പ്പിച്ചു ഭക്ഷണം വിളമ്പും. പിന്നീടു മാത്രമേ മറ്റുള്ളവര്‍ക്കു വിളമ്പുകയുള്ളൂ.

ആദ്യ കാലങ്ങളില്‍ വൈദികരുടെ സാന്നിധ്യത്തിലാണ് ഇതു നടത്തിയിരുന്നത്. കുടുംബത്തിലെ പ്രായമുള്ളവരുടെ നേതൃത്വത്തിലും ചടങ്ങ് നടത്താറുണ്ട്. പ്രാര്‍ഥനയ്ക്കു ശേഷമാണു ഭക്ഷണം. നേര്‍ച്ചയൂട്ടിനു ചിലയിടങ്ങളില്‍ അപ്പവും ഇറച്ചിയും പഴവുമാണ് വിഭവം. വറുത്തരച്ച മസാല കൊണ്ടു കോഴിയെ പാകം ചെയ്യുന്ന രീതിയാണു സാധാരണയായി നിലവിലുള്ളത്. കോഴിയിറച്ചിയും അപ്പവും ചക്കപ്പഴവും കരിപ്പെട്ടിക്കാപ്പിയുമാണ് ചില സ്ഥലങ്ങളിലെ വിഭവം. മറ്റുചില സ്ഥലങ്ങളില്‍ കോഴിയിറച്ചിയും അപ്പവും വിളമ്പിയ ശേഷം വിഭവസമൃദ്ധമായ ഉൌണും ഉണ്ടാവും. പുതുപ്പള്ളിയിലെ ക്രൈസ്തവ വിശ്വാസികളുടെ പാരമ്പര്യബന്ധമാവാം ഇൌ അനുഷ്ഠാനത്തിനു പിന്നിലുള്ളത്.

വിറകീടീല്‍ ചടങ്ങ്    
പുതുപ്പള്ളി പള്ളിയിലെ ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിനായി വിറകു ശേഖരിക്കുന്ന ആചാരമാണ് വിറകീടീല്‍ ചടങ്ങ് എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രധാന പെരുനാളിന്റെ തലേനാള്‍ ഉച്ചകഴിഞ്ഞ് പുതുപ്പള്ളി, എറികാട് കരകളില്‍ നിന്നെത്തിയ വിശ്വാസികള്‍ സംഘംചേര്‍ന്നു വിറകുശേഖരിച്ച് ആഘോഷത്തോടെ പള്ളിയില്‍ എത്തിക്കും. പെരുനാള്‍ സദ്യയായ വെച്ചൂട്ടിന് അരി പാകം ചെയ്യുന്നതിനാവശ്യമായ വിറകു ശേഖരിക്കുകയാണു ചടങ്ങിന്റെ ലക്ഷ്യം. കോഴിനേര്‍ച്ചയ്ക്കായി ഇറച്ചി പാകം ചെയ്യുന്നതിനും ഈ വിറകാണ് ഉപയോഗിക്കുന്നത്. സ്വന്തം വീടുകളില്‍ നിന്നോ വിലയ്ക്കു വാങ്ങിയോ ആണ് ഇടവകാംഗങ്ങള്‍ വിറക് പള്ളിയില്‍ എത്തിക്കുന്നത്. വിറകു ചുമക്കാന്‍ ശേഷിയില്ലാത്ത പ്രായമായവര്‍ പോലും ഒരു കമ്പെങ്കിലും എത്തിച്ചു ചടങ്ങില്‍ പങ്കുചേരും. വിറകിടീല്‍ കഴിഞ്ഞാല്‍ പള്ളിമുറിയില്‍ സൂക്ഷിച്ചിട്ടുള്ള വാര്‍പ്പുകളും ചെമ്പുകളും പുറത്തിറക്കി കഴുകി വൃത്തിയാക്കുന്നു. പന്തിരുനാഴി എന്നറിയപ്പെടുന്ന പന്ത്രണ്ടു പറ അരി വയ്ക്കാവുന്ന വാര്‍പ്പ് എടുത്ത് ആര്‍പ്പുവിളിയോടെ കുരിശിന്‍തൊട്ടിക്കു ചുറ്റും പ്രദക്ഷിണം വയ്ക്കും. മുന്നൊരുക്കമായി പന്തലും അടുപ്പും മറ്റും തയാറാക്കിയിരിക്കും. പള്ളിയിലെ കെടാവിളക്കില്‍ നിന്നു പ്രധാന പുരോഹിതന്‍ കോല്‍വിളക്കിലേക്കു പകരുന്ന തിരിനാളം കൊണ്ടു പോയി അടുപ്പില്‍ ജ്വലിപ്പിക്കുകയാണു പതിവ്. ഏഴിനു പുലര്‍ച്ചെ ഒരു മണിക്കാണു വെച്ചൂട്ടിനുള്ള അരി പാകംചെയ്യാന്‍ തുടങ്ങുന്നത്.

ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്    
പുതുപ്പള്ളി പെരുനാളിന്റെ മുഖ്യ സവിശേഷതയാണു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്. പെരുനാളിനു പള്ളിയില്‍ എത്തുന്ന വിശ്വാസികള്‍ക്കു ഭക്ഷണം നല്‍കുന്ന ചടങ്ങാണിത്. കുര്‍ബാനയ്ക്കു ശേഷമാണു വെച്ചൂട്ട്. പള്ളിപ്പറമ്പില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ ആളുകളെ ഇരുത്തിയാണു ചോറും കറികളും വിളമ്പുന്നത്. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നേര്‍ച്ചയായി കണക്കാക്കി ക്രൈസ്തവര്‍ വെച്ചൂട്ടില്‍ പങ്കെടുക്കുമ്പോള്‍ അന്യമതസ്ഥര്‍ അതു സഹദായുടെ പ്രസാദമായി കരുതി പങ്കാളികളാകുന്നു. കുട്ടികള്‍ക്ക് ആദ്യമായി ചോറുകൊടുക്കാന്‍ ഒട്ടേറെ മാതാപിതാക്കള്‍ വെച്ചൂട്ടില്‍ പങ്കെടുക്കാറുണ്ട്. വൈദികര്‍ കുഞ്ഞുങ്ങള്‍ക്കു ചോറു വാരിക്കൊടുത്താണ് ഇൌ കര്‍മം നിര്‍വഹിക്കുന്നത്. വെച്ചൂട്ടിനു വിളമ്പുന്ന നേര്‍ച്ചച്ചോറും കറികളും വീട്ടില്‍ കൊണ്ടുപോയി സ്വന്തക്കാര്‍ക്കും അയല്‍ക്കാര്‍ക്കും പങ്കുവയ്ക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കുന്നു.

പ്രദക്ഷിണം    
പെരുനാള്‍ ദിവസം രണ്ടു മണിയോടെയാണു പ്രദക്ഷിണം. നൂറുകണക്കിനു പൊന്‍, വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം അങ്ങാടിവഴി ഇരവിനല്ലൂര്‍കവല ചുറ്റി തിരികെ പള്ളിയില്‍ എത്തിച്ചേരും.

കോഴിനേര്‍ച്ച    
പ്രദക്ഷിണത്തിനു ശേഷമാണു പ്രസിദ്ധമായ കോഴിനേര്‍ച്ച. കോഴിയിറച്ചിയും അപ്പവുമാണു വിശ്വാസികള്‍ക്കു നേര്‍ച്ചയായി വിളമ്പുന്നത്. പള്ളിയില്‍ നേര്‍ച്ചയായി ലഭിക്കുന്ന കോഴികളെ കൊന്നു മാംസമെടുത്തു വെടിപ്പാക്കി പാകംചെയ്തു നേര്‍ച്ചയായി വിളമ്പുന്ന പതിവ് പണ്ടുകാലം മുതല്‍ നിലനില്‍ക്കുന്നു. വിശ്വാസികള്‍ വീടുകളില്‍ കോഴിയെ അടവയ്ക്കുമ്പോള്‍ ഒരു മുട്ടയില്‍ കുരിശടയാളം ഇടുകയും തലപ്പൂവനെ പള്ളിക്കുകൊടുക്കുകയും പതിവാണ്. ഇടവകയിലെ കുടുംബങ്ങളില്‍ നിന്നും തീര്‍ഥാടകരില്‍ നിന്നും നേര്‍ച്ചയായി ലഭിക്കുന്ന അപ്പമാണു കോഴിയിറച്ചിക്കൊപ്പം വിളമ്പുന്നത്. പുതുപ്പള്ളി പുണ്യവാളന്റെ പെരുനാള്‍ ആഘോഷങ്ങള്‍ കുടുംബാംഗങ്ങളോടെന്നതു പോലെ സമൂഹത്തിലെ എല്ലാവര്‍ക്കും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ പെരുനാള്‍ദിവസം ഇടവകയിലെ വീടുകളില്‍ അപ്പമുണ്ടാക്കി എത്തിക്കാറുണ്ട്. നേര്‍ച്ചവിളമ്പോടു കൂടി പെരുനാളിന്റെ ആരവങ്ങള്‍ക്കു സമാപനമാകും.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥത ഇന്ന് അനേകര്‍ക്കു ബലവും കോട്ടയുമാണ്. പൌരസ്ത്യ - പാശ്ചാത്യ ക്രൈസ്തവ സഭകളെല്ലാം വിശുദ്ധനായി കണക്കാക്കുന്ന അദ്ദേഹത്തിന്റെ മധ്യസ്ഥപ്രാര്‍ഥനയില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് അഭയം പ്രാപിക്കുന്നത്.

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service