അര്ത്തുങ്കല് പള്ളി

നാലുശതകത്തിലധികം പഴക്കമുള്ള അര്‍ത്തുങ്കല്‍ പള്ളി മതസഹിഷ്ണുത യുടെ വിശ്വാസഗോപുരമാ യാണ് അറിയപ്പെടുന്നത്. ദൈവദാസന്‍ ചാവറ കുരി യാക്കോസ് ഏലിയാസച്ച ന്‍ വൈദികപ്പട്ടം സ്വീകരി ച്ചതും പ്രഥമദിവ്യബലി അര്‍പ്പിച്ചതും ഈ ദേവാ ലത്തിലാണ്. ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാ ക്കണമെങ്കില്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ തിരുനട യിലെത്തി മാലയൂരണ മെന്നാണു വിശ്വാസം. സുപ്രസിദ്ധമായ അര്‍ത്തുങ്കല്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളില്‍ പങ്കെടുക്കാന്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ രാജ്യമെമ്പാടും നിന്നെത്തുന്നു.

പള്ളിയുടെ ചരിത്രം       
മദ്ധ്യയുഗങ്ങളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കേരളരാജ്യമായിരുന്നു മൂത്തേടം. അര്‍ത്തുങ്കല്‍, മൂത്തേടത്തു രാജ്യത്തിന്റെ തലസ്ഥാനവും പ്രമുഖമായ ഒരു വ്യവസായകേന്ദ്രവുമായിരുന്നു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും, തുറമുഖമായിരുന്ന കുഞ്ഞിത്തൈ ഭാഗത്തു താമസിച്ചിരുന്ന മുസ്ളീംകളും, മുത്തേടത്തു രാജ്യത്തിലെ ഹൈന്ദവരും ഏകോദരസഹോദരങ്ങളെപ്പോലെയാണു കഴിഞ്ഞു വന്നിരുന്നത്. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയില്‍ ഹിന്ദുക്കളും ഹിന്ദുക്കളുടെ പൂജാദികര്‍മ്മങ്ങളില്‍ ക്രിസ്ത്യാനികളും പങ്കെടുത്തിരുന്നുവത്രെ! ക്രൈസ്തവരുടെ ആചാരങ്ങളും ജീവിതരീതികളും ഹൈന്ദവരുടേതുമായി അഭേദ്യമായൊരു ബന്ധം പുലര്‍ത്തിയിരുന്നു.

പോര്‍ച്ചുഗീസ് മിഷനറിമാരെത്തുന്നതിനു മുമ്പ് ദേവാലയങ്ങളോ പുരോഹിതന്മാരോ മൂത്തേടത്തു ക്രൈസ്തവര്‍ക്കുണ്ടായിരുന്നില്ല. 16-ാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ പോര്‍ച്ചുഗീസുകാരായ ഈശോ സഭാമിഷനറിമാര്‍ മൂത്തേടത്തെത്തിയപ്പോള്‍ ക്രിസ്ത്യാനികള്‍ ഏറെ സന്തോഷത്തോടെയാണ് അവരെ സ്വാഗതം ചെയ്തത്. നാട്ടുകാരായ ക്രിസ്ത്യാനികള്‍ക്ക് കൂദാശകള്‍ സ്വീകരിക്കാന്‍ പള്ളിയും പട്ടക്കാരുമില്ലെന്നു മനസ്സിലാക്കിയ മിഷനറിമാര്‍ അങ്കമാലി മെത്രാനായിരുന്ന മാര്‍ അബ്രഹാമിനെ വിവരമറിയിക്കുകയും അതനുസരിച്ച് അദ്ദേഹം തന്റെ പരിധിയില്‍പ്പെട്ട മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ആത്മീയകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനും കൂദാശകള്‍ നല്കുന്നതിനും വേദോപദേശത്തിനുമായി ഈശോസഭാംഗങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

മിഷനറിമാര്‍ അര്‍ത്തുങ്കല്‍ കേന്ദ്രമാക്കി ക്രിസ്തുമത പ്രചാരണവും, വേദോപദേശവും, കൂദാശകള്‍ നല്‍കലും ആരംഭിച്ചു. പിന്നീട് ഹൈന്ദവരും, ക്രൈസ്തവരും, മിഷനറിമാരും ചേര്‍ന്ന് മൂത്തേടത്തു രാജാവിനെ മുഖം കാണിച്ച് തങ്ങള്‍ക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കുവാന്‍ പള്ളി നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കമമെന്ന് അഭ്യര്‍ത്ഥിച്ചു.
രാജാവ് ആദ്യം വിസമ്മതം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് തടിയും ഓലയുംകൊണ്ട് അര്‍ത്തുങ്കലില്‍ ദേവാലയം പണിയാന്‍ അനുവദിക്കുകയും അതിനായി തന്റെ ഉദ്യാനത്തിലെ ഏറ്റവും നല്ല മരം കൊടുത്തു സഹായിക്കുകയും ചെയ്തു. 1581-ല്‍ മൂത്തേടത്തു രാജാവു നല്‍കിയ തടിയും ഓലയുമുപയോഗിച്ച് വിശുദ്ധ അന്ത്രയോസിന്റെ നാമത്തില്‍ പള്ളി പണികഴിപ്പിക്കുകയും വിശുദ്ധന്റെ തിരുനാള്‍ ദിനമായ നവംബര്‍ 30-ന് ദേവാലയപ്രതിഷ്ഠ നടത്തുകയും ചെയ്തു.
1584-ല്‍ മൂത്തേടത്തു രാജാവും ഏഴുനായര്‍ മാടമ്പിമാരും ഈ ദേവാലയത്തില്‍ ക്രിസ്തുമതം സ്വീകരിച്ചുവത്രെ. 1597-ല്‍ പള്ളി കല്ലുകൊണ്ടു പുതുക്കിപ്പണിതു. 1616 ഫെബ്രൂവരി 6ന് പോള്‍ അഞ്ചാമന്‍ മാര്‍പ്പാപ്പ നല്‍കിയ തിരുവെഴുത്തുവഴിയാണ് അര്‍ത്തുങ്കല്‍ പ്രദേശം അങ്കമാലി രൂപതയില്‍നിന്നു വേര്‍പെടുത്തി കൊച്ചി രൂപതയോടു ചേര്‍ത്തത്.

വെളുത്തച്ചന്റെ അത്ഭുതാനുഗ്രഹങ്ങള്‍ തേടിയും, ആഘോഷപൂര്‍വ്വവും വിപുലവുമായ തിരുനാളുകള്‍ക്കെത്തുന്ന ഭക്തജനങ്ങളെ ഉള്‍ക്കൊള്ളുന്നതിനും മറ്റുമായി ദേവാലയം മതിയാകാതെ വന്നപ്പോള്‍ 1915 ഫെബ്രുവരി 15ന് പുതിയപള്ളിയ്ക്കു ശിലാസ്ഥാപനം നടത്തുകയുണ്ടായി. പള്ളിപണിക്കു കരിങ്കല്ലും മറ്റു സാധനങ്ങളും കൊണ്ടുവരുന്നതിന് പണി ഇടയ്ക്കുവച്ചു നിര്‍ത്തേണ്ടിവന്നെങ്കിലും പ്ളാനില്‍ ചില പരിഷ്കാരങ്ങളോടെ 1950-ല്‍ ദേവാലയനിര്‍മ്മാണം പുനരാരംഭിച്ചു. ചെത്തിമിനുക്കിയ കരിങ്കല്ലില്‍ തീര്‍ത്ത ഭീമമായ ഗോപുരങ്ങളും കരുത്തും അഴകും വഴിഞ്ഞൊഴുകുന്ന ശില്പഭംഗിയും നിര്‍മ്മാണവൈഭവവും അര്‍ത്തുങ്കല്‍ പള്ളിയെ ശാന്തഗംഭീരമാക്കുന്നു.

തിരുസ്വരൂപം      
പോര്‍ച്ചുഗീസ് മിഷനറിമാരുടെ കാലത്ത് പാരീസില്‍ നിര്‍മ്മിച്ച വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുരൂപവുമായി ലിയോര്‍നാര്‍ഡ് ഗോണ്‍സാല്‍വസ് എന്ന നാവികന്‍ കപ്പലില്‍ മൈലാപ്പൂരിലേയ്ക്കു സഞ്ചരിക്കുകയായിരുന്നു. അര്‍ത്തുങ്കലിനു സമീപമെത്തിയപ്പോള്‍ ഉഗ്രമായ കടല്‍ക്ഷോഭം. കപ്പല്‍ തകര്‍ന്നേക്കുമെന്ന അവസ്ഥ.വിവശനായ കപ്പിത്താന്‍ സുരക്ഷിതമായി തീരമണയാന്‍ കഴിഞ്ഞാല്‍ കരയിലുള്ള പള്ളിയില്‍ത്തന്നെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊള്ളാമെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്ന് സുരക്ഷിതമായി കപ്പല്‍ കരയ്ക്കടുത്തത് അര്‍ത്തുങ്കല്‍ വിശുദ്ധ അന്ത്രയോസ് പള്ളിയുടെ നടയിലായിരുന്നുവെന്നും അങ്ങനെയാണ് 1947ല്‍ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുസ്വരൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നും കരുതപ്പെടുന്നു.

വിശുദ്ധ സെബാസ്ത്യനോസാണ് അര്‍ത്തുങ്കല്‍ വെളുത്തച്ചനായി അറിയപ്പെടുന്നത്. വസൂരി, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ നിന്നു വെളുത്തച്ചന്‍ രോഗശാന്തി നല്‍കുന്നുവെന്നാണ് വിശ്വാസം. പകര്‍ച്ചവ്യാധികളുണ്ടാകുമ്പോള്‍ ഇടവകതോറും തിരുസ്വരൂപം എഴുന്നള്ളിക്കുന്ന പതിവുണ്ടായിരുന്നു. ഏതാണ്ട് ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ് തിരുസ്വരൂപത്തോടു പൂര്‍ണ്ണമായും സാദൃശ്യമുള്ള മറ്റൊരു സ്വരൂപം നിര്‍മ്മിക്കുകയുണ്ടായി. ഇതിനു രണ്ടു കാരണങ്ങളാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇടവകകള്‍ തോറും എഴുന്നള്ളിക്കുന്നതിനാല്‍ തിരുസ്വരൂപത്തിന് കേടുപാടുകള്‍ സംഭവിക്കുമെന്നു ശങ്കിച്ചാണെന്നും മാനാശേരി ഇടവകയിലെത്തിയ തിരുസ്വരൂപം കൈക്കലാക്കാന്‍ ഒരു സംഘമാള്‍ക്കാര്‍ നടത്തിയ വിഫലശ്രമം മൂലമാണെന്നും. ഈ കാരണങ്ങള്‍ കൊണ്ടാവണം ഇന്നും പള്ളിയുടെ നിക്ഷേപത്തില്‍ നാലുപൂട്ടിനുള്ളില്‍ ഭദ്രമായി തിരുസ്വരൂപം സൂക്ഷിച്ചിരിക്കുന്നത്. ജനുവരി 17ന് അര്‍ദ്ധരാത്രി ദേവാലയത്തി ലേയ്ക്കു കൊണ്ടുവരുന്ന തിരുസ്വരൂപം 18ന് രാവിലെ ദര്‍ശനത്തിനു വയ്ക്കുന്നു. 27നു സ്വരൂപം തിരികെ നാലുപൂട്ടിനുള്ളിലേയ്ക്കു മാറ്റുന്നു. ഇങ്ങനെ വര്‍ഷത്തില്‍ പത്തുദിവസം മത്രമാണ് അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ തിരുസ്വരൂപം പൊതുവണക്കത്തിനായി വയ്ക്കുന്നത്.

മതസൌഹാര്‍ദ്ദ പ്രതീകം       
നാനാജാതിമതസ്ഥര്‍ സ്വന്തമെന്നോണം കരുതുന്ന അര്‍ത്തുങ്കല്‍ പള്ളിയില്‍ ജനുവരി 18ന് പതിനായിരക്കണക്കിന് അയ്യപ്പന്‍മാര്‍ തിരുസ്വരൂപം കണ്ടുവന്ദിക്കുകയും പള്ളിക്കുളത്തില്‍ കുളിച്ചുതൊഴുകയും ചെയ്യുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പന്‍മാര്‍ അര്‍ത്തുങ്കലെത്തി വെളുത്തച്ചന്റെ സന്നിധാനത്തില്‍ നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് മാലയൂരുന്നു. അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ തിരുസവിധത്തില്‍ മാലയൂരിയാല്‍ പൂര്‍ണ്ണ       ഫലപ്രാപ്തിയുണ്ടാവുമെന്നാണ് വിശ്വാസം. വെളുത്തച്ചനും അയ്യപ്പനുമായി ബന്ധപ്പെട്ട് ചില ഐതിഹ്യങ്ങള്‍ ഉണ്ട്.
അര്‍ത്തുങ്കല്‍ പള്ളിയിലെ വെളുത്തച്ചന്‍ ശബരിമല സഹോദരാണെന്നു പറയുന്ന ഐതിഹ്യങ്ങളിലൊന്നില്‍ വെളുത്തച്ചന്‍ യൂറോപ്യന്‍ പാതിരിയായിരുന്ന ഫോലിനീഷ്യോ ആണെന്നു കാണുന്നു. (ഒരു പക്ഷേ 'വെള്ളക്കാരനായ അച്ചന്‍ എന്നതാവാം വെളുത്തച്ചനായി ലോപിച്ചത്) കലളിലും, ശാസ്ത്രങ്ങളിലും, ദര്‍ശനങ്ങളിലും അതിനിപുണനായിരുന്ന ഈ പുരോഹിതശ്രേഷ്ഠന്‍ കളരിപ്പയറ്റു പഠിക്കാന്‍ ചീരപ്പന്‍ ചിറയിലെത്തി. അയ്യപ്പന്റെ ഗുരുകലവും ചീരപ്പന്‍ ചിറയായിരുന്നു. അവിടെ ഇരുവരും സഹോദരതുല്യമായ സ്നേഹബന്ധത്തിലായെന്നാണ് ഐതിഹ്യം.

ഇതിനോടു സാമ്യമുള്ള മറ്റൊരു ഐതിഹ്യപ്രകാരം കടല്‍ത്തീരത്തു കൂടി വടക്കോട്ടു പോകുകയായിരുന്ന അയ്യപ്പന്‍ വിശ്രമവേളയില്‍ കണ്ട ഒരു യുവാവുമായി സൌഹൃദത്തിലായി. അതു വെളുത്തച്ചനായിരുന്നു. സ്വന്തം സഹോദനനാണെന്നു പറഞ്ഞാണ് വെളുത്തച്ചന്‍ അയ്യപ്പനെ ചീരപ്പന്‍ചിറയില്‍ എത്തിച്ചു പരിചയപ്പെടുത്തിയത്. വെളുത്തച്ചന്റെയും അയ്യപ്പനറെയും സ്നേഹബന്ധം മതമൈത്രിയടെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറി.
'എന്നെ കാണുവാന്‍ വരുന്നവര്‍
എന്റെ വെളുത്തച്ചനെകൂടി കണ്ടു കൊണ്ടു പോകണമെന്ന്
ശബരിമലയിലെ ഒരു വെളിച്ചപ്പാടി തുള്ളിപ്പറയുമായിരുന്നത്രെ. മകരപ്പെരുന്നാളിനു പള്ളിയില്‍ കൊടിയേറുമ്പോള്‍ നാട്ടുകാര്‍ വായ്ക്കുരവയിടുന്നത് വെളുത്തച്ചന്‍ ജേഷ്ഠസഹോദരനായി കരുതുന്ന ശരിമല അയ്യപ്പനെ അറിയിക്കാനെന്നാണു വിശ്വാസം. കുരവയിടീല്‍ അതിവേഗമാണ് നടെങ്ങും പരക്കുന്നത്. നാനാജാതിമതസ്ഥരും അത്യാഹ്ളാദത്തോടെ ആവേശപൂര്‍വ്വമാണ് പെരുനാള്‍ ആഘോഷിക്കുന്നത്.

അര്‍ത്തുങ്കല്‍പള്ളി തിരുനാള്‍
      കേരളത്തിലെ പ്രമുഖമായ തിരുനാളാഘോഷങ്ങളില്‍ ഒന്നാണ് അര്‍ത്തുങ്കല്‍ പള്ളി വെളുത്തച്ചന്റെ തിരുനാള്‍. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ജനങ്ങള്‍ മതഭേതം മറന്ന് ഒത്തൊരുമയോടെയാണ് ആഘോഷിക്കുന്നത്. എല്ലാ ജനുവരി 10-നും ആരംഭിക്കുന്ന തിരുനാള്‍ സമാപിക്കുന്നത് 27-നാണ്. ജനുവരി 20-ന് പ്രധാന തിരുനാള്‍. ചരിത്രപ്രസിദ്ധമായ നാലു മണിക്കൂര്‍ പ്രദക്ഷിണം അന്നാണ്. ആദ്യകാലങ്ങളില്‍ പ്രദക്ഷിണത്തിനുപയോഗിച്ചിരുന്നത് മുത്തേടത്തു രാജകുടുംബത്തില്‍നിന്നു സമ്മാനിച്ച തേരായിരുന്നു. ഈ തേര് ജീര്‍ണ്ണിക്കുവാന്‍ തുടങ്ങിയപ്പോഴാണ് ഇന്നത്തെ ശില്പവേലകളോടുകൂടിയ രൂപക്കൂടായത്. ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം അറബിക്കടലിന്റെ തീരത്തുള്ള പള്ളിയുടെ കുരിശടി വരെയാണ്. തിരുസ്വരൂപം കടപ്പുറത്തെ പടിഞ്ഞാറെ കുരിശിനു സമീപത്തെത്തുമ്പോഴും തിരിച്ചു പള്ളിയകത്തു കയറുമ്പോഴും 'വെളുത്തച്ചോ വിളികള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമാകും. മുത്തുകുടകളും പൊന്‍വെള്ളിക്കുരിശുകളും വര്‍ണ്ണശബളമാക്കുന്ന പ്രദക്ഷിണത്തെ അകമ്പടി സേവിക്കാനെന്നവണ്ണം ആകാശത്തു വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തുകള്‍ അത്ഭുതമുളവാക്കുന്നതും എന്നാല്‍ ചിത്തഹാരിയുമായ കാഴ്ചയാണ്.

പത്തുദിവസം മാത്രം ദര്‍ശനഭാഗ്യമുളള വെളുത്തച്ചന്റെ തിരുസ്വരൂപം വണങ്ങാന്‍ എത്തുന്ന ഭക്തലക്ഷങ്ങള്‍ ഉരുള്‍നേര്‍ച്ച, അമ്പും വില്ലും നേര്‍ച്ച, മുട്ടേല്‍നിരങ്ങല്‍, ആനപ്പുറത്തു നേര്‍ച്ച, അടിമയിരിപ്പ് തുടങ്ങിയ നേര്‍ച്ചകളില്‍ പങ്കെടുക്കുന്നു. വിവിധതരം മത്സ്യങ്ങള്‍, ശരീരാവയവങ്ങള്‍, അസ്ത്രങ്ങള്‍ എന്നിവ സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത് ഭക്തജനങ്ങള്‍ പള്ളിയിലെത്തിക്കുന്നു. പ്രധാന വഴിപാട് അമ്പും വില്ലും നേര്‍ച്ചയാണ്. കാല്‍ലക്ഷത്തിലധികം നേര്‍ച്ചകള്‍ ഓരോ വര്‍ഷവും അര്‍പ്പിക്കപ്പെടുന്നു. വീടുകളില്‍നിന്ന് ആനപ്പുറത്തേന്തി അമ്പും വില്ലും നേര്‍ച്ചകള്‍ ഓരോ വാദ്യാഘോഷങ്ങളോടെ പള്ളിയില്‍ കൊണ്ടുവരാറുണ്ട്. ചിലപ്പോള്‍ ആറ് ആനകള്‍ വരെ നേര്‍ച്ചകള്‍ക്ക് അകമ്പടി സേവിക്കാറുണ്ട്. ഒരു വര്‍ഷത്തെ വരുമാനത്തിന്റെ ഒരംശം പള്ളിയില്‍ സമര്‍പ്പിക്കുന്ന മത്സ്യത്തൊഴിലാളികളും ഉണ്ട്. അറബിക്കടലിന്റെ തീരത്ത് ശാന്തഗംഭീരമായി നിലകൊള്ളുന്ന അര്‍ത്തുങ്കല്‍ പള്ളി കലാവിരുതിന്റെ തനിമകൊണ്ടും ഭക്തിസാന്ദ്രതയുടെ വിശുദ്ധിയാലും സാംസ്കാരികത്തിന്റെയും മതമൈത്രിയുടെയും സമ്പന്നതയാലും അനുഗ്രഹീതമാണ്.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service