കുറവിലങ്ങാട് മര്ത്തമറിയം പള്ളി

കേരളത്തിലെ സുപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിക്ക് സഭാ ചരിത്രത്തില്‍ തന്നെ സവിശേഷപ്രാധാന്യമുണ്ട്. എ.ഡി. 337-ല്‍ നിര്‍മ്മിച്ച കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയുടെ സ്ഥാപിതത്തെ കുറിച്ച് ഒട്ടേറെ കഥകളുമുണ്ട്. ആദിമ ക്രൈസ്തവകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന പാലയൂരില്‍ നിന്നു ശങ്കരപുരി, പകലോമറ്റം, കള്ളി, കാളികാവ് എന്നീ നാലു ഇല്ലക്കാര്‍ അങ്കമാലി, തെക്കന്‍ പള്ളിപ്പുറം വഴി ഏറ്റുമാനൂരിലും പിന്നീട് കടുത്തുരുത്തിയിലും പിന്നീട് കുറവിലങ്ങാട്ട് എത്തിയെന്നുമാണ് ചരിത്രം. പാലയൂരിനടുത്ത് വെമ്മേനാട്ടില്‍ അമ്പലത്തിനു വടക്ക് കുറവങ്ങാട്ട് എന്ന പേരില്‍ ഒരു മനയുണ്ടായിരുന്നുവെന്നും ആ പേരു തന്നെ ഇവിടെയുമുപ യോഗിച്ചിരിക്കാമെന്നുമാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.

പള്ളിസ്ഥാപനം    
കുറവിലങ്ങാട് പള്ളിയുടെ സ്ഥാപനത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്. ഒരു കുന്നിന്റെ അരികിലുള്ള ഉറവയുടെ അടുത്തു നിര്‍മ്മിച്ചിരിക്കുന്ന പള്ളിയുടെ സ്ഥാപനത്തിലും ഈ ഉറവയ്ക്ക് പ്രാധാന്യമുള്ള കഥകളാണ് പ്രചാരത്തില്‍.

ആദ്യ കഥ ഇങ്ങനെ:     
ഒരിക്കല്‍ കളരിയില്‍ പഠിക്കുന്ന കുറെ കുട്ടികള്‍ ആടുമാടുകളെ മേയിച്ച് ഈ കുന്നില്‍ കളിച്ചു നടന്നു. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് സഹിക്കാന്‍ വയ്യാത്ത വിശപ്പും ദാഹവും. അപ്പോള്‍ ഒരു വൃദ്ധയെത്തി അവര്‍ക്ക് അപ്പം നല്കി. കുടിക്കാന്‍ ഉറവ കാണിച്ചുകൊടുത്തു. കുട്ടികള്‍ കളരി കഴിഞ്ഞ് വീട്ടില്‍ പോകാതെ കളിച്ചു നടന്ന് സമയം പോയപ്പോഴാണ് ഈ സംഭവമെന്ന് ഒരുപഴയ കഥയുമുണ്ട്. വിശപ്പും ദാഹവും മാറി വീട്ടിലെത്തിയ കുട്ടികള്‍ മാതാപിതാക്കളോട് ഈ വിവരം പറഞ്ഞു. വൃദ്ധയുടെ വേഷത്തിലെത്തി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയത് കന്യകാമറിയമാണെന്നാണ് വിശ്വസിക്കുന്നത്. ആ കരയ്ക്കു സമീപം പള്ളി പണിതു എന്നതാണ് ആദ്യ കഥ. ക്രിസ്തുമതം സ്വീകരിച്ച നാല് ഇല്ലക്കാര്‍ പാലയൂരില്‍ നിന്നു തെക്കോട്ടു പോന്നു. കൈപ്പുഴ രാജാവിന്റെ അധീനതയിലുള്ള കുര്യനാട് എന്ന സ്ഥലത്ത് താമസം തുടങ്ങി. കടുത്തുരുത്തിയാ യിരുന്നു ഇടവകപള്ളി. ഒരു വേനല്‍ക്കാലത്ത് മഴപെയ്യാന്‍ വൈകിയപ്പോള്‍ പകലോമറ്റം കുടുംബത്തിലെ ഒരു കാരണവര്‍ പാച്ചോര്‍ നേര്‍ച്ച കഴിക്കാന്‍ പാച്ചോറുമായി ഇടവകപള്ളിയായ കടുത്തുരുത്തിക്കുപോയി. ഇപ്പോള്‍ പള്ളി നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്തുകൂടി കടന്നുപോകവേ മാതാവ് പ്രത്യക്ഷപ്പെട്ട് അവിടെ കാലിമേയ്ക്കുന്ന കുട്ടികള്‍ക്ക്് പാച്ചോര്‍ വിളമ്പാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ ഉദിഷ്ടകാര്യം സാധിക്കുമെന്നും മാതാവിന്റെ നാമത്തില്‍ പള്ളിനിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അടയാളമായി ഉറവയും കാട്ടിക്കൊടുത്തു.

കാരണവര്‍ കുട്ടികള്‍ക്ക് പാച്ചോര്‍ വിളമ്പിക്കൊടുക്കുകയും മറ്റുള്ളവരോടു വിവരം പറയുകയും ചെയ്തു. അങ്ങനെയാണ് കുറവിലങ്ങാട്ടു പള്ളി പണിതതെന്നാണ് രണ്ടാമത്തെ കഥ. മൂന്ന് നോമ്പിന്റെ മധ്യ ദിവസത്തിലായിരുന്നു ഈ സംഭവമെന്നും പറയുന്നു.  മലയില്‍പോയി പ്രാര്‍ത്ഥിക്കുക എന്ന യഹൂദ പാരമ്പര്യം മലമുകളില്‍ പള്ളി നിര്‍മ്മിക്കുക എന്ന യഹൂദ-സമറിയ പാരമ്പര്യവും പള്ളി നിര്‍മ്മിക്കുന്ന സ്ഥലത്തെ സ്വാധീനിച്ചു എന്നും വാദമുണ്ട്. എ. ഡി. 337-ല്‍ നിര്‍മ്മിച്ച ഈ പള്ളിയുടെ പഴയ മണിമാളികയില്‍ സ്ഥാപനകാലം 337 എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. എ. ഡി. 345-ല്‍ ക്നായി തോമായോടൊപ്പം കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ ഏദേസക്കാരന്‍ മാര്‍ യൌസേപ്പ് മെത്രാനാണ് പള്ളി ആശീര്‍വദിച്ചതത്രെ.

ഇന്നത്തെ ദേവാലയം     
ആദ്യകാലപള്ളികള്‍ ക്ഷേത്രമാതൃകയിലായിരുന്നു. എന്നാല്‍ ഇന്നു കാണുന്ന മുഖവാരം ഈ നൂറ്റാണ്ടിലേതാണ്. കിഴക്കോട്ട് തിരിഞ്ഞു നിന്ന് പ്രാര്‍ത്ഥിക്കുകയെന്ന പ്രാചീന സമ്പ്രദായമനുസരിച്ച് പള്ളിയുടെ മദ്ബഹ കിഴക്കേ വശത്തും ആനവാതില്‍ പടിഞ്ഞാറുമാണ്.
മൂന്നുപ്രാവശ്യം ഈ പള്ളി പുതുക്കിപണിതു. ഓരോ തവണയും വടക്കോട്ടു വീതിയുണ്ടാക്കുകയാണ് ചെയ്തത്. ആദ്യ പള്ളിയുടെ മദ്ബഹ പിന്നത്തെ പുതുക്കലോടെ തെക്കേയരികിലായി. തെക്കേ സങ്കീര്‍ത്തിയെന്ന് ഇതിന് പേരുമിട്ടു. അവിടെയുള്ള അള്‍ത്താരയിലാണ് മാതാവിന്റെ സുപ്രസിദ്ധമായ കരിങ്കല്‍ പ്രതിമ. ആ അള്‍ത്താരയ്ക്കു നേരെയാണ് കുരിശിന്‍തൊട്ടിയിലെ കല്‍ക്കുരിശുകള്‍. പള്ളിക്ക് വടക്കോട്ട് വീതികൂട്ടി എന്നതിന്റെ തെളിവ് ഈ കല്‍ക്കുരിശുകള്‍ തന്നെ.

ഉപദേവാലയങ്ങള്‍    
ഇവിടെ ഒരു കോമ്പൌണ്ടില്‍ തന്നെ മൂന്നു പള്ളികളുണ്ട്. ഒന്ന് ഇടവകപള്ളിയായ വലിയ പള്ളി. അതിനു തൊട്ട് കിഴക്ക് സെമിത്തേരിയില്‍ വിശുദ്ധ യൌസേപ്പിന്റെ നാമത്തില്‍ ഒരു കപ്പേള, അതിനും തെക്കായി വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തില്‍ ചെറിയ പള്ളി.  എ. ഡി. 1653-ലെ കൂനന്‍കുരിശു സത്യത്തിനുശേഷം അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഇവിടെ വന്നു താമസിച്ച, അക്കാലത്ത് ഇവിടുത്തെ വികാരിയായിരുന്ന പറമ്പില്‍(പള്ളിവീട്ടില്‍)ചാണ്ടി കത്തനാരെ കേരളത്തിന്റെ ഒന്നാമത്തെ നാട്ടുമെത്രാനായി വാഴിക്കുകയും ചെയ്ത മാര്‍ സെബസ്ത്യാനിയോടുള്ള നന്ദി സൂചകമായാണത്രെ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തില്‍ ചെറു ദേവാലയം നിര്‍മ്മിച്ചത്. ചാണ്ടി മെത്രാന്‍ ഈ പള്ളി സ്വകാര്യ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നു.

ചരിത്രപ്രസിദ്ധമായ മൂന്നു നോമ്പു തിരുനാള്‍
    ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ തിരുനാള്‍ മൂന്നുനോമ്പു തിരുനാളാണ്. മൂന്ന് ദിവസം നോമ്പും അത്യാഘോഷപൂര്‍വ്വമായ തിരുനാളും. ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്നതും ഏറ്റവും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതും മൂന്നു നോമ്പു തിരുനാളാണ്. യോനാ പ്രവാചകന്റെ കപ്പല്‍യാത്രയെ അനുസ്മരിക്കുന്ന തിരുനാളും അതിനുമുമ്പുള്ള മൂന്നു ദിവസത്തെ നോമ്പും കേരളത്തിലെ അപൂര്‍വംപള്ളികളില്‍ മാത്രമേയുള്ളൂ. അതില്‍ ഒന്നാണ് കുറവിലങ്ങാട് .ക്രൈസ്തവരുടെ നാവിക പാരമ്പര്യമാണ് നോമ്പിന്റെയും തിരുനാളിന്റെയും പിന്നില്‍.  കപ്പല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്ന് നോമ്പ്. നോമ്പിനു ശേഷമുള്ള തിരുനാളില്‍ പ്രദക്ഷിണത്തില്‍ ഒരു ചെറു കപ്പല്‍ വെള്ളത്തിലെന്നപോലെ ചലിപ്പിച്ചു കൊണ്ട് എഴുന്നള്ളിക്കുക എന്നത് ആദ്യകാലം മുതലുണ്ട്. കുറവിലങ്ങാട്ട് മൂന്നു നോമ്പ് തിരുനാളിന് കൊടിയേറ്റാന്‍ നാല് ഇല്ലങ്ങളിലേയും കാരണവന്മാരോടും പള്ളിയിലെ മൂപ്പനച്ചനോടും അനുവാദം ചോദിച്ചിരുന്ന പതിവ് അടുത്ത കാലം വരെയുണ്ടായിരുന്നു.

മൂന്നു നോമ്പിലെ വെച്ചൂട്ട്
    മൂന്നു നോമ്പ് തിരുനാളിന് മൂന്നു ദിവസം വെച്ചൂട്ട് നടത്തുക പതിവായിരുന്നു. ഭക്ഷണസാധനങ്ങള്‍ പള്ളിയില്‍ വേവിച്ച് സഹഭോജനം നടത്തുന്നു. തിരുനാളിന് വരുന്ന ഏവര്‍ക്കും അന്ന് ഭക്ഷണം നല്‍കി വരുന്ന ചടങ്ങ് ക്രമേണ അപ്രത്യക്ഷമായി. ആദ്യ ദിവസം കുറവിലങ്ങാട്ടുകാരും രണ്ടാം ദിവസം കടപ്പൂരുകാരും മൂന്നാം ദിവസം കാളികാവുകാരുമാണ് ഇവിടെ വെച്ചൂട്ട് നടത്തിയിരുന്നത്.

കപ്പല്‍ പ്രദക്ഷിണം
    കറുത്തേടം, ചെമ്പന്‍കുളം, പുതുശ്ശേരി, അഞ്ചേരി, വലിയവീട് എന്നീ കടപ്പൂരുകാരായ അഞ്ചു വീട്ടുകാരാണ് മൂന്നു നോമ്പ് തിരുനാളിന് കപ്പല്‍ വഹിക്കുന്നത്.

പാച്ചോര്‍ നേര്‍ച്ച
    മാര്‍ത്തോമാ ശ്ളീഹായുടെ ഓര്‍മപ്പെരുനാളായ ദുക്റോനായ്ക്ക് നടത്തി വന്നിരുന്ന പാച്ചോര്‍ നേര്‍ച്ച ക്രമേണ എല്ലാ പള്ളികളിലും മറ്റു തിരുനാളുകള്‍ക്കും നടത്തിപ്പോന്നിരുന്നു. രാക്കുളി തിരുനാളിന് കുളിച്ചിട്ടു കഴിക്കുന്ന പാച്ചോറിന് ചക്കരപാച്ചോര്‍ എന്നും മറ്റു സന്ദര്‍ഭങ്ങളിലുള്ളതിന് വെണ്‍പാച്ചോര്‍(വെളുത്ത പാച്ചോര്‍) എന്നുമാണ് പേര്.  കുറവിലങ്ങാട് പള്ളിയില്‍ അമ്പതുനോമ്പുകാലത്തെ എല്ലാ ഞായറാഴ്ചകളിലും പാച്ചോര്‍ നേര്‍ച്ചയുണ്ടായിരുന്നു. ഒരു ഞായറാഴ്ചത്തെ പാച്ചോര്‍ നേര്‍ച്ച ഒരു കരക്കാര്‍ നടത്തുക എന്നതായിരുന്നു ഇവിടുത്തെ പതിവ്. കാളിയകാവുകാര്‍, കുറവിലങ്ങാട്ടുകാര്‍, കടപ്പൂരുകാര്‍, മണ്ണയ്ക്കനാട്ടുകാര്‍, കോഴക്കാര്‍, കുറിച്ചിത്താനക്കാര്‍, മോനിപ്പള്ളിക്കാര്‍ എന്നീ ക്രമത്തിലായിരുന്നു നേര്‍ച്ച നടത്തിയിരുന്നത്. വെച്ചൂട്ടുപോലെ പാച്ചോര്‍ നേര്‍ച്ചയും ക്രമേണ അപ്രത്യക്ഷമായി.

തമുക്കു നേര്‍ച്ച
    കുറവിലങ്ങാട്ടു പള്ളിയില്‍ നടത്തി വന്നിരുന്ന തമുക്കു നേര്‍ച്ചയ്ക്കു പിന്നില്‍ ഉദ്ദ്വേഗഭരിതമായ ഒരു കഥയുണ്ട. ബാലരാമവര്‍മ ആയില്യം തിരുനാള്‍ രാജാവ് തിരുവിതാംകൂര്‍ ഭരിച്ച കാലം. സര്‍. എ. ശേഷയ്യാ ശാസ്ത്രിയായിരുന്നു പ്രധാനമന്ത്രി. മാനശിങ്കു എന്നയാള്‍ പറവൂര്‍ മുതല്‍ വടക്കന്‍ പ്രദേശങ്ങളിലെ പോലീസ് സൂപ്രണ്ടായി നിയമിക്കപ്പെട്ടു. അദ്ദേഹം കുറെ സഹായികള്‍ക്കൊപ്പം 1873-ലെ ദുഃഖശനിയാഴ്ച ദിവസം കളത്തൂരില്‍ വ്യാജപ്പുകയില പിടിക്കാന്‍ അന്വേഷണത്തിനിറങ്ങി. ഉയിര്‍പ്പു ഞായറാഴ്ചയ്ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പുരുഷന്മാര്‍ പുറത്തുപോയ സമയത്തായിരുന്നു മാനശിങ്കുവിന്റേയും കൂട്ടാളികളുടെയും വരവ്.  മാനശിങ്കുവും ആള്‍ക്കാരും വീടുകളില്‍ കയറി സ്ത്രീകളെ ശല്യം ചെയ്തു. മുള്ളുവേലില്‍ ചക്കിയെന്ന ഈഴവ സ്ത്രീയെക്കൊണ്ട് സത്യം പറയിക്കാന്‍ നഗ്നയാക്കി ഗുഹ്യഭാഗങ്ങളില്‍ മുളക് അരച്ചു തേച്ചു. തൊട്ടടുത്ത് തൊണ്ടില്‍ നിന്നു മൂന്നുകെട്ട് പുകയിലയും കണ്ടെടുത്തു. മറ്റു വീടുകളിലും അന്വേഷണവും സ്ത്രീകളെ പീഢിപ്പിക്കലുമുണ്ടായി.

പുറത്തുപോയിരുന്ന പുരുഷന്മാര്‍ തിരിച്ചെത്തിയപ്പോള്‍ വലിയ കലഹമായി. പിറ്റേന്ന് ഈസ്റ്റര്‍ ഞായറാഴ്ച മാനശിങ്കു കൂടുതല്‍ ആള്‍ക്കാരുമായി അന്വേഷണത്തിനിറങ്ങി. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റായിരുന്ന രാമന്‍ പണ്ടാലയെയും കൂട്ടരെയും അന്വേഷണത്തില്‍ സഹകരിപ്പിച്ചു. അതു വഴി വന്ന കളത്തൂര്‍ക്കാര്‍ ഒരു ശെമ്മാശനെ മര്‍ദ്ദിച്ച് അവശനാക്കി, വായില്‍ മൂത്രമൊഴിച്ച് ബലമായി ഏറ്റുമാനൂര്‍ അങ്ങാടിയിലെത്തിച്ചു. അന്വേഷണത്തിന് തടസ്സം നിന്നുവെന്നും ഉദ്ദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും പറഞ്ഞ് അനേകം ക്രിസ്ത്യാനികള്‍ക്കെതിരേ മജിസ്ട്രേറ്റ് കോടതിയില്‍ കേസായി.

ക്രിസ്ത്യാനികളും തിരിച്ചു കേസ് കൊടുത്തു. കേസു നടത്തിപ്പില്‍ ഇരുപക്ഷത്തും വിജയമുണ്ടായി. ഒടുവില്‍ വിസ്തരിച്ച കേസില്‍ മാനശിങ്കുവിന് ആറു വര്‍ഷം കഠിനതടവ് കിട്ടി. ആക്രമിക്കാന്‍ പോയതിന് കളത്തൂര്‍ക്കാരായ ആറു ക്രിസ്ത്യാനികള്‍ക്ക് ആറുമാസത്തെ തടവു കിട്ടി. ശിക്ഷ കഴിഞ്ഞ് മാനശിങ്കു ആലപ്പുഴയില്‍ വച്ചു പാത്രക്കച്ചവടത്തിനിറങ്ങി. നിധീരിക്കല്‍ മാണിക്കത്തനാര്‍ അക്കാലത്ത് അവിടെ മാര്‍ സ്ളീവാ പള്ളിയില്‍ വികാരിയായി. അവിടെ വച്ച് ഇരുവരും കണ്ടുമുട്ടി സൌഹൃദത്തിലായി. മാണിക്കത്തനാര്‍ പിന്നീട് കുറവിലങ്ങാട്ട് വികാരിയായിരിക്കേ മാനശിങ്കു പാത്രക്കച്ചവടവുമായി മൂന്നു നോമ്പ് തിരുനാളിന് കുറവിലങ്ങാട്ടെത്തുകയും അദ്ദേഹത്തെ തമുക്കു നേര്‍ച്ച കഴിപ്പിക്കുകയും ചെയ്തു എന്നാണ് ചരിത്രം. മാനശിങ്കുവിന്റെ കാലത്താണ് കളത്തൂര്‍ക്കാര്‍ കുറവിലങ്ങാട്ട് തമുക്കു നേര്‍ച്ച നേര്‍ന്നത്. നേര്‍ച്ച ആദ്യം സ്ത്രീകള്‍ക്കു വിളമ്പണമെന്നായിരുന്നു ആദ്യ കാലത്തെ നിയമം.

ചുറ്റുവിളക്കു നേര്‍ച്ച, എണ്ണ നേര്‍ച്ച    
അഭീഷ്ട സിദ്ധിക്കായി ചുറ്റുവിളക്കില്‍ എണ്ണ പകര്‍ന്ന് തിരി കത്തിക്കുന്ന നേര്‍ച്ച ഇവിടെയും പതിവാണ്.

ചരിത്ര പുരുഷന്മാര്‍
    പണ്ട് സഭാ ഭരണം നടത്തിയിരുന്ന ആര്‍ച്ച് ഡീക്കന്മാര്‍ (ആര്‍ക്കേദിയാക്കോമാര്‍) കുറവിലങ്ങാട്ടെ പകലോമറ്റം കുടുംബങ്ങളില്‍ നിന്നും അതിന്റെ ശാഖകളില്‍ നിന്നുമായിരുന്നു. പള്ളിക്കാര്യങ്ങളും മറ്റും നിര്‍വഹിച്ചിരുന്നത് ആര്‍ക്കേദി യാക്കോന്മാരായിരുന്നു. അഞ്ച് ആര്‍ക്കേദിയാക്കോന്മാരുടെ ഒരു കപ്പേളയും കുറവിലങ്ങാട്ടുണ്ട്.
പനങ്കുഴയ്ക്കല്‍ വല്യച്ചന്‍, വലിയവീട്ടില്‍ ഉണ്ണീട്ടിയച്ചന്‍, കേരളത്തിലെ ആദ്യ സ്വദേശി മെത്രാനായ പള്ളി വീട്ടില്‍ ചാണ്ടി മെത്രാന്‍, ബഹുഭാഷാ പണ്ഡിതനും ബൈബിള്‍ വിവര്‍ത്തകനും പുനരൈക്യപ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനും ദീപിക പത്രത്തിന്റെ പ്രഥമഎഡിറ്ററുമായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാര്‍ തുടങ്ങിയവര്‍ ഈ ഇടവകയില്‍പ്പെട്ടവരായിരുന്നു.

പുരാവസ്തുക്കള്‍
    ഇപ്പോഴത്തെ പള്ളിയുടെ പ്രധാന അള്‍ത്താരയുടെ തെക്കുവശത്തുള്ള ചെറിയ അള്‍ത്താരയില്‍ ഉണ്ണിയെ കയ്യിലേന്തുന്ന കന്യകാ മറിയത്തിന്റെ കരിങ്കല്‍ പ്രതിമ, ഉണ്ണീശോയെ കൈയ്യിലേന്തുന്ന കന്യകാമറിയത്തിന്റെ പലകയില്‍ വരച്ച മനോഹരമായ ചിത്രം, പള്ളിയുട മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള ഏതാണ്ട് 48 അടി ഉയരം വരുന്ന കല്‍ക്കുരിശ്, ഒറ്റത്തടിയില്‍ തീര്‍ത്ത എട്ടു ചിരവകളുടെ സംഘാതം, മൂന്നു നോമ്പുതിരുനാളിലെ പ്രദക്ഷിണത്തിന് ഉപയോഗിക്കുന്ന ചെറു ബോട്ടിന്റെ വലിപ്പമുള്ള കപ്പല്‍, പള്ളിക്കു കിഴക്കു ഭാഗത്തുള്ള അത്ഭുത ഉറവ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. n പോര്‍ച്ചുഗീസുകാര്‍ പോര്‍ച്ചുഗലില്‍ വാര്‍ത്ത് കുറവിലങ്ങാട്ടു കൊണ്ടുവന്ന മണിയിലെ ലിഖിതം വായിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതിനൊപ്പം രണ്ടു മണികള്‍ കൂടി പോര്‍ച്ചുഗലില്‍ നിന്നും കൊണ്ടുവന്നുവെന്നും കരയ്ക്കിറങ്ങിയപ്പോള്‍ ഒരെണ്ണം കടലില്‍ വീണുവെന്നും പറയുന്നു. ഇപ്പോഴത്തെ മണിമാളികയില്‍ കാണുന്ന മൂന്നു വലിയ മണികള്‍ 1910-ല്‍ ജര്‍മനിയില്‍ നിര്‍മ്മിച്ചവയാണ്. മൂന്നിനും മൂന്നു വലിപ്പവും ആട്ടി അടിക്കുന്നവയുമാണ്. വലിയ മണിക്ക് ഒരാള്‍ പൊക്കവും അതിനടുത്ത വിസ്താരവുമുണ്ട്.

കുറവിലങ്ങാട് പള്ളിയും ഏറ്റുമാനൂര്‍ ക്ഷേത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഐതിഹ്യം  :
കുറവിലങ്ങാട്ട് മൂന്നുനോമ്പു തിരുനാളില്‍ പങ്കെടുക്കാന്‍ തെക്കുനിന്നു വന്ന ഒരു നസ്രാണി വഴി തെറ്റി ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തി. ഊരാഴ്മക്കാര്‍ അയാളെ പിടിച്ച് പുലിക്കൂട്ടിലിട്ട് കൊല്ലാന്‍ തീരുമാനിച്ചു. ഈ വാര്‍ത്ത പള്ളിയിലെത്തിയപ്പോള്‍ വികാരിയായിരുന്ന വലിയവീട്ടില്‍ ഉണ്ണിയിട്ടന്‍ കത്തനാര്‍ കുറെ അഭ്യാസികള്‍ക്കൊപ്പം ഏറ്റുമാനൂരെത്തി. ഉണ്ണിയിട്ടന്‍ കത്തനാരും കളരിപ്പയറ്റില്‍ സമര്‍ത്ഥനായിരുന്നു. അദ്ദേഹവും സംഘവും പുലിക്കൂടു പൊളിച്ച് നസ്രാണിയെ രക്ഷിച്ചു കൊണ്ടുപോയി. പുലിക്കൂടു പൊളിച്ച നസ്രാണികളുടെ പള്ളിപൊളിക്കാന്‍ ക്ഷേത്രാധികാരികള്‍ തീരുമാനിച്ചു. ഒരു ദിവസം കുറെ ആളുകളും ആനയുമായി അവര്‍ പള്ളി മുറ്റത്തെത്തി. പള്ളി പരിസരത്തുണ്ടായിരുന്ന നസ്രാണികള്‍ ഭയന്നോടി. വികാരിയാകട്ടെ, പള്ളിക്കകത്തു കയറി കതകടച്ച് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. പള്ളി കുത്തിപൊളിക്കാന്‍ ആനയോട് ആജ്ഞാപിച്ചു. ആന ആനവാതിലില്‍ ആഞ്ഞുകുത്തിയപ്പോള്‍ കൊമ്പുകള്‍ രണ്ടും കട്ടികൂടിയ പലകയില്‍ തുളച്ചു കയറി. വാതില്‍ പൊളിഞ്ഞില്ല. ഉടക്കിയ കൊമ്പ് പിന്‍വലിക്കാനും ആനയ്ക്ക് കഴിഞ്ഞില്ല. ആനയും വിരണ്ടു. പള്ളിപൊളിക്കണമെന്ന വിചാരം വിട്ട് ആനയുമായി വല്ല വിധേനയും രക്ഷപ്പെട്ടാല്‍ മതിയെന്നായി ക്ഷേത്രാധികാരികളുടെ ചിന്ത. വാതില്‍ പഴുതിലൂടെ അകത്തേയ്ക്കു നോക്കിയപ്പോള്‍ പ്രാര്‍ത്ഥനാ നിരതനായിരിക്കുന്ന വികാരിയച്ചനെയാണ് ആളുകള്‍ കണ്ടത്. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ ശക്തിയാലാണ് ആന അപകടത്തിലായതെന്ന് വിശ്വസിച്ച ക്ഷേത്രക്കാര്‍ മാപ്പപേക്ഷിച്ച് ആനയെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ചു. വികാരിയച്ചന്‍ അകത്തു നിന്ന് വാതിലിന്റെ പൂട്ടു നീക്കി ആനയുടെ കൊമ്പ് ഊരിയെടുത്തു എന്നാണ് കഥ.

ആനയെ രക്ഷിച്ചതിന് നന്ദി സൂചകമായും പള്ളി പൊളിക്കാന്‍ ശ്രമിച്ചതിന് പ്രായശ്ചിത്തമായും പള്ളിയില്‍ പാച്ചോര്‍ നേര്‍ച്ച നടത്തുന്നതിന് പള്ളിക്കടുത്തുള്ള മൂന്നേക്കര്‍ 26 സെന്റ് നെടുമറ്റം നിലം പള്ളിക്ക് ദാനമായി നല്‍കി.  പാച്ചോര്‍ നേര്‍ച്ചയ്ക്ക് ആവശ്യമായ ഓട്ടുപാത്രങ്ങളും മൂന്ന് നോമ്പ് തിരുനാളിന് പ്രദക്ഷിണത്തിന് അകമ്പടി സേവിക്കാന്‍ ആനയെ അയയ്ക്കാമെന്നും ഉറപ്പു നല്‍കി.  ആനയെക്കൊണ്ടു പള്ളിപൊളിപ്പിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വേറെയും കഥയുണ്ട്. പള്ളിയുടെ അറ്റകുറ്റ പണിക്കായി രാജവൃക്ഷമായി കരുതിയിരുന്ന ഒരു തേക്ക് വെട്ടി. തേക്ക് വെട്ടാന്‍ രാജാവിന് മാത്രമായിരുന്നു അധികാരം. തേക്കു തടി പള്ളിക്കകത്തു സൂക്ഷിച്ചിരിക്കുന്നുവെന്നു കരുതി ക്ഷേത്രത്തിലെ ആനയെ കൊണ്ടുവന്ന് പള്ളി പൊളിക്കാന്‍ തീരുമാനിച്ചുവെന്നാണ് ആ കഥ. തിരുനാളിന് പ്രദക്ഷിണത്തിന് അകമ്പടി സേവിക്കുന്നതിന് ആനയെ അയയ്ക്കുന്ന പതിവ് ഒരു പ്രാവശ്യം ക്ഷേത്രാധികാരികള്‍ ലംഘിച്ചു. ക്ഷേത്രത്തിലെ ഉത്സവപിറ്റേന്ന് പള്ളിയിലെ പ്രദക്ഷിണത്തിന് പോന്നിരുന്ന ആനയെ തിരുനാള്‍ ദിവസം ക്ഷേത്രത്തില്‍ തളച്ചിച്ചു. പക്ഷേ പ്രദക്ഷിണ സമയമായപ്പോഴേയ്ക്കും തളച്ചിരുന്ന മരവും പിഴുത് ആന പള്ളിമുറ്റത്തെത്തി. പ്രദക്ഷിണമുറങ്ങിയപ്പോള്‍ ആന വന്ന് കുമ്പിട്ടു നിന്നുവെന്നാണ് ആ കഥ. ഏതായാലും അതിനുശേഷം എല്ലാ വര്‍ഷവും പ്രദക്ഷിണത്തിന് ആനയെ കൊണ്ടു വന്നിരുന്നു.

കുറവിലങ്ങാട്ട് എത്താനുള്ള വഴി
    എം. സി. റോഡില്‍ കോട്ടയത്തു നിന്ന് 22 കി. മീ. വടക്ക് വഴിയരികില്‍ സ്ഥിതി ചെയ്യുന്നു. ട്രെയിനില്‍ ഏറ്റുമാനൂരിലിറങ്ങി 10 കി. മീ. എം. സി. റോഡിലൂടെ വടക്കോട്ടു വന്നാല്‍ പള്ളി.യിലെത്താം. എറണാകുളം ഭാഗത്തു നിന്ന് ഏറ്റുമാനൂരിലിറങ്ങി എം. സി. റോഡിലൂടെയും, പാലാ വഴി പോകുന്ന ബസുകളില്‍ നേരിട്ടും കുറവിലങ്ങാട്ടെത്താം.

ഫോണ്‍ : 04822- 230224, 230124- വികാരി

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service