മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്

കേരള സംസ്ക്കാരത്തിന്റെ പൈതൃകം മുഴുവനായും ഉള്‍ക്കൊള്ളുന്ന മാവേലിക്കരയുടെ ചരിത്രത്തില്‍ ഇവിടത്തെ ദേവാലയങ്ങള്‍ക്കു പ്രത്യേക പ്രാധാന്യമുണ്ട്. എന്നും മതസൌഹാര്‍ദ്ദത്തിനു പര്യായമായി മാറുന്ന മാവേലിക്കരയുടെ മണ്ണില്‍ മുഖത്തോടു മുഖം നോക്കി നില്‍ക്കുന്ന ദേവാലയങ്ങള്‍ ഒരു ദേശമാകെ സമാധാനത്തിന്റെ ദൂത് വിളംബരം ചെയ്യുന്നു.

ക്രിസ്തീയ ദേവാലയ ചരിത്രങ്ങളില്‍ എന്നും പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്ന മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിനു സഹസ്രാബ്ദത്തിലധികം പഴക്കമുണ്ട്. വിശുദ്ധ അഹത്തുള്ള ബാവയുടെ നാമധേയത്തില്‍ ശ്രാദ്ധപ്പെരുനാള്‍ ആഘോഷിക്കുന്ന ഈ ദേവാലയത്തിനു മാവേലിക്കരയുടെ സാംസ്കാരിക, ആത്മീയ, രാഷ്ട്രീയ,ചരിത്ര മേഖലകളിലും ഒത്തിരി സംഭാവനകള്‍ നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

രാജവാഴ്ചയുടെ തേരോടിയ മാവേലിക്കരയുടെ ഇടനാഴികളില്‍ ഹൈന്ദവ ക്രൈസ്തവ മതമൈത്രിയുടെ ശംഖൊലി കേട്ടിരുന്ന ഇന്നലെകള്‍ ആ മൈത്രിയും ശക്തിയും ഇന്നും ഇവിടുത്തെ ജനങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. കാലത്തിന്റെ കാണാപ്പാടങ്ങളിലേക്കു നാം അനുവദിച്ച നന്‍മകളോ തിളക്കമാര്‍ന്ന സംസ്ക്കാരമോ വലിച്ചെറിയുവാന്‍ തയ്യാറാകാത്ത വിശ്വാസികള്‍ ഈ നാടിന്റെ ഭാഗ്യം. ഹൈന്ദവരും ക്രൈസ്തവരും മുസ്ളീങ്ങളും ഒന്നു ചേര്‍ന്നു വിശ്വാസത്തോടും ആത്മീയ ചൈതന്യത്തോടും ഈ നാട്ടിലെ ഉല്‍സവങ്ങള്‍ മനോഹരമാക്കുമ്പോള്‍ കൊലവിളിയിലും അട്ടഹാസങ്ങളിലും രക്തച്ചൊരിച്ചിലിലും അവസാനിക്കുന്ന ചില നാട്ടിലെ ഉല്‍സവങ്ങള്‍ക്കു മുന്‍പില്‍ ഈ നാട് അഭിമാന പുളകിതയാകുന്നു. വൈരുദ്ധ്യങ്ങളും, വൈജാത്യങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ മതങ്ങളും വിശ്വാസങ്ങളും തീപ്പന്തങ്ങളേറ്റി ഉറഞ്ഞു തുളളുമ്പോള്‍ ഇവിടെ ഈ കൊച്ചു പട്ടണത്തില്‍ സമാധാനത്തിന്റെ ഒലിവിലത്തുമ്പുകള്‍ നീട്ടി ആരാധനയും അനുഷ്ഠാനങ്ങളും അരങ്ങേറുന്നു. മനുഷ്യനെ ദൈവിക ചിന്തയുമായി കോര്‍ത്തിണക്കി ആത്മീയ പാതയിലൂടെ നടത്തുവാന്‍ ഈ മണ്ണിലെ ദേവാലയങ്ങള്‍ ഒത്തൊരുമയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. ആശയും പ്രതീക്ഷയും കൊഴിഞ്ഞു വീഴുന്ന ആധുനിക സമൂഹത്തിന് അത്താണിയായി മാറാന്‍ മാവേലിക്കരയിലെ ക്രൈസ്തവ- ഹൈന്ദവ ദേവാലയങ്ങള്‍ ചരിത്ര സത്യങ്ങള്‍ മറക്കാതെ മുന്നേറുമ്പോള്‍ പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലിലെ പുരോഹിതവൃന്ദവും വിശ്വാസികളും അതിനു മുന്നോടിയായി സമാധാനത്തിന്റെ ദീപശിഖ പേറുന്നു. തോമാശ്ളീഹായുടെ ഭാരത പര്യടനത്തിലൂടെ കേരളത്തില്‍ രൂപീകരിക്കപ്പെട്ട ദേവാലയങ്ങള്‍ ഓരോന്നും കൈവഴികള്‍ തേടിയപ്പോള്‍ തായ്വഴികളുടെ യാത്രയില്‍ മിശ്രസംസ്ക്കാരത്തിന്റെ പ്രതീകമായി വിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നമ്മുടെ ഈ ദേവാലയവും നിലകൊള്ളുന്നു. കേരള ചരിത്രത്തിന്റെ ഏടുകള്‍ തേടുമ്പോള്‍ പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു നിദാനമായ സത്യങ്ങള്‍കാണാം. കായംകുളം രാജാവ് മാവേലിക്കര രാജാവിനെ ആക്രമിച്ചപ്പോള്‍ മാവേലിക്കര രാജാവിനു പിന്തുണ നല്‍കിയ ഇവിടുത്തെ ക്രിസ്ത്യാനികളുടെ കണ്ടിയൂരുള്ള പള്ളി തകര്‍ത്ത് കായംകുളം രാജാവ് പകരം വീട്ടി. ദേശസ്നേഹികളായ ക്രിസ്ത്യാനികള്‍ക്ക് അന്നു മാവേലിക്കര രാജാവ് പുതിയകാവിലെ ഇപ്പോഴത്തെ പള്ളിനില്‍ക്കുന്ന സ്ഥലം ദാനമായി നല്‍കിയെന്നാണു ചരിത്രം. ചരിത്രസത്യങ്ങളോടു ചേര്‍ന്നു നിന്നുകൊണ്ട് മാവേലിക്കരയുടെ പൈതൃകസമ്പത്തില്‍ ക്രിസ്തീയ - ഹിന്ദു ഐക്യത്തിന്റെ നക്ഷത്രവിളക്കുകള്‍ പ്രശോഭിക്കുന്നു. ഇന്നു കാലഘട്ടത്തിന്റെ മാറ്റവും വൈകല്യങ്ങളും ഏറി വരുമ്പോഴും നമുക്കു സ്വന്തമായി നമ്മുടെ മാത്രം വിശ്വാസവും പ്രത്യാശയും പാരമ്പര്യങ്ങളും നിലനിര്‍ത്തുവാനായി ഈ കത്തീഡ്രലില്‍ നിയോഗിക്കപ്പെട്ട വൈദികശ്രേഷ്ഠരും വിശ്വാസികളും ഒറ്റക്കെട്ടായി നില്‍ക്കുന്നു.

ആണ്ടു പിറവി മുതല്‍ ഉല്‍സവങ്ങള്‍ ആഘോഷിക്കുന്ന ഈ കൊച്ചു പ്രദേശത്ത് ഒരുമയുടെ ദീപ്തിചൊരിഞ്ഞു നില്‍ക്കുന്ന ദേവാലയസമുച്ചയങ്ങള്‍ ഒരു അത്ഭുതമത്രേ. ഉത്സവങ്ങളും പെരുന്നാളുകളും ഒരു നാടിന്റെ മുഴുവന്‍ അവകാശമായി ഉയര്‍ത്തപ്പെടുമ്പോള്‍ നാണിച്ചു പോകുന്നത് മതസഹിഷ്ണുത നഷ്ടപ്പെട്ട ഇതരപ്രദേശങ്ങളും രാജ്യങ്ങളും. ഇങ്ങനെ ഓണാട്ടുകര ഉള്‍പ്പെടുന്ന ഈ പ്രദേശത്തിനു മാനവ ഐക്യത്തിന്റെയും മതമൈത്രിയുടെയും ഒരു നൂറു കഥകള്‍.

മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയതായി രൂപം കൊണ്ട മാവേലിക്കര മെത്രാസനത്തിലെ കത്തീഡ്രല്‍ ദേവാലയമായ ഈ പള്ളി ക്രൈസ്തവ സഭാചരിത്രത്തിലെ പല പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. 1836 ജനുവരി 16നു മാവേലിക്കര പടിയാലേ എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ ഉടമ്പടി ഈ പള്ളിയില്‍ വച്ചാണു തയ്യാറാക്കിയത്. സഭയുടെ അഞ്ചു വൈദികശ്രഷ്ഠരെ മേല്‍പ്പട്ടസ്ഥാനത്തേക്കു വാഴിക്കുന്നതിന് ആതിഥേയത്വം വഹിക്കുവാന്‍ ഈ പള്ളിക്കു കിഞ്ഞു. 1600-ല്‍ പ്പരം കുടുംബങ്ങളും ആറു ചാപ്പലുകളും ഉള്ള ഈ കത്തീഡ്രലിന്റെ വികാരിയായി റവ. ഫാ. നൈനാന്‍ ഉമ്മനും സഹവികാരിയായി റവ. ഫാ. റോയി തങ്കച്ചനും ചാപ്പലുകളായ കൊച്ചിക്കല്‍ സെന്റ് മേരീസില്‍ റവ. ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടിലും, റവ. ഫാ. റോയി തങ്കച്ചനും, കൊറ്റാര്‍കാവ് സെന്റ് ജോര്‍ജജ് ചാപ്പലില്‍ റവ. ഫാ. ഐ. ജെ. മാത്യുവും, കല്ലുമല സെന്റ് ഗ്രീഗോറിയോസില്‍ റവ. ഫാ. പി.കെ. വര്‍ഗ്ഗീസും, കല്ലുമലത്ത് സൌത്ത് എം. ബി. ഐ.റ്റി. സി ചാപ്പലില്‍ റവ. ഫാ. പ്രവീണ്‍ മാത്യു അച്ചനും സേവനം അനുഷ്ഠിക്കുന്നു. മാവേലിക്കരയുടെ വിദ്യാഭ്യാസ മേഖലയില്‍ വെളിച്ചം നിറഞ്ഞ പാതയൊരുക്കുന്നതിന് ഒന്നര കോടിയോളം രൂപ ചെലവു ചെയ്ത് ആരംഭിച്ചിരിക്കുന്ന സെന്റ് മേരീസ് കത്തീഡ്രല്‍ പബ്ളിക് സ്കൂളും കല്ലുമലയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് ഐ. റ്റി. സി. ആയ എം. ബി. ഐ. റ്റി. സിയും ഈ നാടിന് അഭിമാനം ആണ്. ഇനിയും വികസനത്തിന്റെയും വിജ്ഞാനത്തിന്റെയും നിധികുംഭങ്ങള്‍ തുറക്കുവാന്‍ ഈ ദേവാലയവും ഇവിടുത്തെ വിശ്വാസികളും വൈദികശ്രേഷ്ഠന്‍മാരും പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.

സഭയുടെ എല്ലാ ആത്മീയ പ്രസ്ഥാനങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു. ഇടവകയുടെ വിവിധ ഭാഗങ്ങളിലായി സണ്‍ഡേസ്കൂള്‍, മര്‍ത്തമറിയ സമാജ യൂണിറ്റുകള്‍, യുവജനപ്രസ്ഥാനങ്ങള്‍, പ്രാര്‍ത്ഥനായോഗങ്ങള്‍, സുവിശേഷ സംഘം, ബാല-ബാലികാ സമാജങ്ങള്‍, ദിവ്യബോധന പഠന യൂണിറ്റുകള്‍, എന്നിവ വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

കഷ്ടപ്പാടിന്റെ കാഠിന്യമേറിയ വഴികളിലൂടെ മുന്നേറിയ ഈ ദോവാലയത്തിന് രാജ്യത്തിന് അഭിമാനിക്കാവുന്ന ധാരാളം പൌരന്‍മാരെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞുവെന്നത് ഒരു സത്യമത്രേ. പ്രശസ്തരും പ്രതിഭാധനരുമായ പലരും ഈ ദേവാലയത്തിന്റെ സന്തതികളാണ്. മലങ്കരസഭയ്ക്ക് എന്നും അഭിമാനിക്കുവാന്‍ കഴിയുന്ന കാലം ചെയ്ത അഭിവന്ദ്യ തോമാ മാര്‍ ദിവന്നാസിയോസ് തിരുമേനിയും ഇപ്പോള്‍ സഭയ്ക്ക് ധീരമായ നേതൃത്വം നല്‍കുന്ന പരി. കാതോലിക്കാ  ബാവാ തിരുമേനിയും ഇപ്പോള്‍ പുതിയതായി മെത്രാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ പുതിയകാവ് പള്ളിയിലെ ഈ തലമുറയുടെ അഭിമാനം നിയുക്ത മെത്രാന്‍ മത്തായി റമ്പാനെയും നിരവധി ആചാര്യശ്രഷ്ഠരെയും ഈ ഇടവക സഭയ്ക്കു സംഭാവന ചെയ്തതാണ്. അവരുടെയും ദൈവസ്നേഹികളായ ഒരു വലിയ സമൂഹത്തിന്റെ കണ്ണുനീര്‍ നിറഞ്ഞ പ്രാര്‍ത്ഥനകളിലൂടെയും ഈ ദേവാലയം ഇന്ന് ഉയരങ്ങള്‍ തേടുകയാണ്.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service