രാജമറ്റം തിരുഹൃദയപള്ളി

ഇന്നത്തെ രാജമറ്റം പള്ളിയുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത് ഈ പ്രദേശത്തെ വിശ്വാസസമൂഹത്തിന്റെ വിലമതിക്കേണ്ട വിശ്വാസ തീക്ഷ്ണതയെപ്പറ്റിയാണ്. 1804ല്‍ തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കപ്പേള ഇടവകപള്ളിയായി ഉയര്‍ന്നുകഴിഞ്ഞിരുന്നു. അന്ന് ഇരവുചിറ, രാജമറ്റം, തോട്ടയ്ക്കാട്, ചമ്പക്കര പള്ളിയുടെ പടിഞ്ഞാറെഭാഗം എന്നിവിടങ്ങളില്‍ താമസിച്ചിരുന്ന കത്തോലിക്കാ വിശ്വാസികള്‍ തോട്ടയ്ക്കാട് പള്ളിയിലാണ് തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചിരുന്നത്.

1952-ല്‍ ഭാഗ്യസ്മരണീയനായ പതിനൊന്നാം പീയൂസ് മാര്‍പാപ്പ കൊച്ചുത്യേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ച അവസരത്തില്‍ അന്നത്തെ തോട്ടയ്ക്കാട് പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട തെക്കേമുറി ഏബ്രഹാം അച്ചന്റെ നിര്‍ദേശപ്രകാരം വിശുദ്ധ കൊച്ചുത്യേസ്യായുടെ നാമത്തില്‍ കല്ലൂപ്പറമ്പില്‍ ജോര്‍ജ് ഉലഹന്നാന്റെ പറമ്പില്‍ ആരംഭിച്ച വേദപഠനകളരിയാണ് ഇന്നത്തെ രാജമറ്റം തിരുഹൃദയപള്ളിയുടെ ചരിത്രത്തിലെ ആദ്യത്തെ നാഴികക്കല്ല്.

അക്കാലത്ത് ഇന്നത്തെ വട്ടോലിക്കവലയ്ക്ക് വടക്കുകിഴക്കുള്ള പ്രദേശം പന്തപ്പാട് എന്ന സ്ഥലനാമത്തില്‍ അറിയപ്പെട്ടിരുന്നു. കല്ലട ജോസഫ് ഫിലിപ്പോസിന്റെ സ്ഥലം അവിടെയായിരുന്നു. അവിടെ ഒരു കപ്പേള ഉണ്ടാകണമെന്ന ആഗ്രഹത്തോടെ 15 സെന്റ് സ്ഥലം 1929ല്‍ ജോസഫ് ഫിലിപ്പോസ് തോട്ടയ്ക്കാട് പള്ളിക്ക് ദാനം ചെയ്തു. 1929-ലെ ക്രിസ്തുരാജത്വ തിരുനാള്‍ദിനം തോട്ടയ്ക്കാട് പള്ളി വികാരി ബഹു. പുന്നപ്പാടത്ത് അച്ചന്‍ പന്തപ്പാട് തിരുഹൃദയ ചാപ്പലിന് ആരംഭം കുറിക്കുകയും കല്ലൂപ്പറമ്പില്‍ ജോസഫ് ഉലഹന്നാന്റെ പറമ്പില്‍ സ്ഥാപിച്ച് മതപഠനം നടത്തിയിരുന്നു. ഞായര്‍ മതപഠനകളരി ഈ ചാപ്പലിലേക്ക് മാറ്റി പഠനം തുടരുകയും ചെയ്തു. 40 അടി നീളത്തിലും 20 അടി വീതിയിലും 15 അടി ഉയരത്തിലും പണിതീര്‍ത്ത ഈ ചാപ്പലാണ് രാജമറ്റം പള്ളിയുടെ ചരിത്രത്തിലെ രണ്ടാമത്തെ നാഴികക്കല്ല്.

ആദ്യ വേദപഠനകളരിക്കും രണ്ടാമത്തെ ചാപ്പലിന്റെ നിര്‍മിതിക്കും പഠിപ്പിക്കലിനും നേതൃത്വം നല്‍കിയത് നമ്പരക്കല്‍ ചാക്കോ ആശാനും കല്ലൂപ്പറമ്പില്‍ ജോസഫ് ഉലഹന്നാനും കരിമ്പിന്‍കടുപ്പില്‍ ചാക്കോ സാറും ആലുങ്കല്‍ മത്തായി സാറും ആണ്. 1929ലെ തിരുനാള്‍ ദിനത്തിലെ പ്രസംഗമധ്യേ ബഹു. പുന്നപ്പാടത്തച്ചന്‍ ആണ് ക്രിസ്തുരാജന്റെ മഹത്വത്തിനായി കൂരമറ്റമേ നീ രാജമറ്റമായ് മാറുക എന്നു പ്രഖ്യാപിച്ചതും രാജമറ്റം എന്ന സ്ഥലനാമം നല്‍കിയതും.

1948ല്‍ ബഹുമാനപ്പെട്ട ചോതിരക്കുന്നേല്‍ ഇഗ്നേഷ്യസച്ചന്‍ വികാരിയായിരുന്ന കാലത്താണ് രാജമറ്റത്ത് ഒരു ചാപ്പല്‍ ട്രസ്റ്റിയും ചാപ്പല്‍ കമ്മറ്റിയും ഉണ്ടായത്. കയ്യാലപ്പറമ്പില്‍ പോത്തന്‍ കുര്യാക്കോസ് പ്രഥമ ട്രസ്റ്റിയായി നിയോഗിക്കപ്പെട്ടു. ചാപ്പല്‍ കമ്മറ്റിയായി ചെത്തിമറ്റത്ത് തോമസും നടുവിലാട്ട് ഫിലിപ്പോസ് തോമസും കണക്കനായി കയ്യാലപ്പറമ്പില്‍ ചെറിയാന്‍ കുര്യാക്കോസും തിരഞ്ഞെടുക്കപ്പെട്ടു.

1955 ആയപ്പോഴേക്കും രാജമറ്റത്ത് ഒരു പള്ളി പണിയണമെന്ന ആവശ്യം ഉടലെടുത്തു. 1955ലെ ട്രസ്റ്റി കയ്യാലപ്പറമ്പില്‍ തോമസ് ഫിലിപ്പോസും അക്കൌണ്ടന്റ് കൊച്ചുള്ളാട്ട് തോമസ് ജോസഫും ആയിരുന്നു. അന്ന് വികാരിയായിരുന്നത്. ബഹു. വാളിപ്ളാക്കല്‍ തോമസ് അച്ചനാണ്. അദ്ദേഹത്തിന്റെ അനുമതിയോടെ രാജമറ്റത്തെ വിവിധ ആരാധനാസഖ്യാംഗങ്ങള്‍ സ്വരൂപിച്ച ഫണ്ടുകൊണ്ട് തകിടിയേല്‍ക്കുന്നേല്‍ പുരയിടത്തിന്റെ, ഇന്ന് പള്ളിയിരിക്കുന്ന സ്ഥലം വാങ്ങി. 1958 കാലയളവില്‍.

1959 ജനുവരി 10നു പള്ളി പണിക്ക് അനുവാദം ആവശ്യപ്പെട്ട് മാര്‍ മാത്യു കാവുംകാട്ട് മെത്രാപ്പോലീത്തയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. 1959 മേയ് 26നു പള്ളി നിര്‍മാണത്തിന് അനുമതി ലഭിച്ചു. 1961 ഡിസംബര്‍ 27നു തോട്ടയ്ക്കാട് പള്ളി വികാരി പൊന്നെടുത്തുകല്ലേല്‍ ജോര്‍ജ് അച്ചന്‍ ഇന്നത്തെ രാജമറ്റം പളളിയുടെ ശിലാസഥാപനകര്‍മം നിര്‍വഹിച്ചു. രാജമറ്റത്തെ മുഴുവന്‍ കുടുംബങ്ങളുടെയും സഹകരണംകൊണ്ടു മാത്രമാണ് 1968 ആയപ്പോഴേക്കും 75 അടി നീളത്തിലും 25 അടി വീതിയിലും 20 അടി ഉയരത്തിലുമുള്ള ദൈവാലയത്തിന്റെ നല്ല ഭാഗം പണികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. 1958ല്‍ ഉപരിപഠനത്തിനു റോമിലേക്ക് പോകുകയും തിരുപ്പട്ടം സ്വീകരിച്ചു ബൈബിളില്‍ ഡോക്ടറേറ്റ് എടുത്ത് 1967ല്‍ തിരിച്ചെത്തിയ കയ്യാലപ്പറമ്പില്‍ തോമസ് അച്ചന്റെ സേവനംകൊണ്ടു ബാക്കി പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

വടവാതൂര്‍ സെമിനാരിയില്‍ പ്രഫസറായിരുന്ന കയ്യാലപ്പറമ്പില്‍ തോമസ് അച്ചന്‍ മാര്‍ മാത്യു കാവുകാട്ട് തിരുമേനിയുടെ അനുവാദത്തോടെ 1968 ജൂണ്‍ 18 മുതല്‍ ഇന്നത്തെദൈവാലയത്തില്‍ (അന്ന് ചാപ്പല്‍) ഞായറാഴ്ച 2 കുര്‍ബാനകള്‍ അര്‍പ്പിച്ചുപോന്നു. 1968 മുതല്‍ 1976ല്‍ ഇടവകയായി ഉയര്‍ത്തപ്പെടുന്നതുവരെ രാജമറ്റം ചാപ്പലിന്റെ ചാര്‍ജ് വഹിച്ചിരുന്നത് തോമസ് കയ്യാലപ്പറമ്പില്‍ അച്ചനാണ്. വടവാതൂര്‍ സെമിനാരിയിലെ ശെമ്മാശന്മാരും നമ്മുടെ ഇടവകയിലെ അധ്യാപകരും ഒത്തുചേര്‍ന്നു കുട്ടികള്‍ക്ക് മതപഠനം നടത്തിപ്പോന്നു. ബഹുമാനപ്പെട്ട തോമസ് അച്ചന്റെ നേതൃത്വത്തില്‍ പള്ളിമുറിയും പള്ളിപ്പരിസരത്ത് സണ്‍ഡേ സ്കൂളും കല്ലറയും കൊണ്ടോടിക്കലായ ഏറത്തേട്ട് ഈപ്പന്‍ ജേക്കബ് ദാനമായി തന്ന സ്ഥലത്ത് കുരിശടിയും പണികഴിപ്പിക്കപ്പെടുകയും ചെയ്തു. വേദപഠനം കുട്ടികള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ഒരു സ്റ്റേജും ഈ കാലയളവില്‍ പണിതീര്‍ക്കപ്പെട്ടു.

1976ഏപ്രില്‍ 27-ാം തീയതി മാര്‍ ആന്റണി പടിയറ തിരുമേനി രാജമറ്റം തിരുഹൃദയ ദൈവാലയത്തെ ഇടവക പള്ളിയായി ഉയര്‍ത്തി. പിന്നീട് അനേകം വൈദികര്‍ പള്ളി വികാരിയായി വരികയും ചെയ്തു. ഫാ. ആന്റണി താന്നിക്കല്‍, ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടില്‍, ഫാ. കുര്യന്‍ കളപ്പുരയ്ക്കല്‍, ഫാ. ജോസഫ് ചേന്നാട്ടുശേരി, ഫാ. ജോണ്‍ പീലിയാനിക്കല്‍, ഫാ. ജേക്കബ് കുളംകുത്തി, ഫാ. ആന്റണി എത്തയ്ക്കാട്ട്, ഫാ. ഫിലിപ്പ് കുന്നിന്‍പുറം, ഫാ. ജോസഫ് പാറശ്ശേരി, ഫാ. ലൂയിസ് വെള്ളാനിക്കല്‍, ഫാ. സേവ്യര്‍ കുന്നിപ്പറമ്പില്‍, ഫാ. ജേക്കബ് കൊച്ചുപുരയ്ക്കല്‍. (കൊച്ചുപുരയ്ക്കല്‍ അച്ചന്‍ പുതിയ പള്ളിക്കുള്ള പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു). 1997 മുതല്‍ 2000 വരെ വികാരിയായിരുന്ന ഫാ. വിരിപ്പേല്‍ അച്ചന്റെ ശ്രമഫലമായി മനോഹരമായ പാരിഷ്ഹാള്‍ പള്ളിപ്പരിസരത്തും വട്ടോലിക്കവലയില്‍ മനോഹരമായ കുരിശടിയും നിര്‍മിക്കാന്‍ സാധിച്ചു. 10 ആധാരപ്രകാരം ഏകദേശം 3 ഏക്കറില്‍ ഭൂമിയും രാജമറ്റം ദൈവാലയത്തിന് ഇപ്പോളുണ്ട്. ഇത് ഇടവക കുടുംബകൂട്ടായ്മയുടെ ഒരുമയുടെ ഫലംതന്നെയാണ്.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service