കിടങ്ങൂര് സെന്റ് മേരീസ് ദേവാലയം

കോട്ടയം ജില്ലയില്‍, മീനച്ചിലാറിന്റെ പരിലാളനമേറ്റ്, കേരവൃക്ഷങ്ങളുടെയും നെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങളള്‍ സ്വീകരിച്ച്, പ്രകൃതിരമണീയമായി സ്ഥിതിചെയ്യുന്ന കിടങ്ങൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന പാലാ- ഏറ്റുമാനൂര്‍ റോഡിനോടു ചേര്‍ന്ന്, കിടങ്ങൂര്‍ കവലയില്‍ നീണ്ട 100 വര്‍ഷമായി പൌഢഗംഭീരമായ തലയെടുപ്പോടുകൂടി സ്ഥിതി ചെയ്യുന്നതാണ് കിടങ്ങൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനപള്ളി. എല്ലാ മതവിശ്വാസികളും വളരെയധികം സ്നേഹത്തോടും സഹോദര്യത്തോടും കൂടി ജീവിക്കുന്ന കിടങ്ങൂര്‍ പ്രദേശത്ത് വിശുദ്ധിയുടെ പ്രതീകമായി ഉത്തുംഗമണിമാളികയോടുകൂടി പതിനായിരങ്ങള്‍ക്ക് ആത്മശാന്തി അരുളിക്കൊണ്ട് കിടങ്ങൂരിന്റെ തിലകക്കുറിയായി കോട്ടപ്പുറം പള്ളി നിലകൊള്ളുന്നു. രാക്കുളി തിരുനാളിനുശേഷം വരുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍െറ തിരുനാള്‍ ജാതിമതഭേദമന്യേ എല്ലാ ആളുകളും വളരെയധികം സന്തോഷത്തോടും ഒത്തൊരുമയോടും ഭക്തിയോടും കൂടി ആഘോഷിക്കുന്നു.

‘ഒറ്റ രാത്രികൊണ്ട് നിര്‍മിച്ച പള്ളി’എന്ന പേരില്‍ പ്രസിദ്ധമാണ് ഈ പള്ളി. കിടങ്ങൂരില്‍ പള്ളിവയ്ക്കുവാന്‍ അനുവാദത്തിനായി ക്രിസ്ത്യാനികളല്ലാം ഒപ്പിട്ട ഒരു അപേക്ഷ ഗവണ്‍മെന്റില്‍ കൊടു ക്കുകയും എതിര്‍ചേരിയുടെ പ്രേരകശക്തിയാല്‍ അതു തള്ളപ്പെടു കയും ചെയ്തു. ഒരു പള്ളിവയ്ക്കാന്‍ ദിവാന്‍ജി സമക്ഷം അപേക്ഷ കൊടുത്തിട്ട് 90 ദിവസത്തിനകം എന്തെങ്കിലും മറുപടി ഉണ്ടായില്ലെങ്കില്‍ അപേക്ഷപ്രകാരം വച്ച പള്ളിയുടെ അംഗീകാരം നിഷേധിക്കുകയില്ല എന്നൊരു കല്പന തിരുവെഴുത്തു വിളംബരത്തിലൂടെ മഹാരാജാവ് പുറപ്പെടുവിച്ചിരുന്നു. വാര്‍ത്താമാധ്യമങ്ങള്‍ വിരളമായിരുന്ന അക്കാലത്തെ വിളംബരങ്ങളെല്ലാം സാധാരണക്കാര്‍ക്ക് അറിയില്ലായിരുന്നു. ഇടവഴിക്കല്‍ പോത്തന്റെ നിയമോപദേശത്തില്‍ ഇന്നാട്ടിലെ കത്തോലിക്ക പ്രമുഖരെല്ലാവരുംകൂടി ആലോചിച്ച് പള്ളിക്ക് വീണ്ടും അപേക്ഷ കൊടുക്കുവാന്‍ ഉറച്ചു. പക്ഷേ, തള്ളിപ്പോയ മുന്‍ അപേക്ഷയില്‍ ഉള്‍പ്പെടാത്തവര്‍ക്കേ അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരുന്നുള്ളൂ.

ദൈവനിയോഗത്താല്‍ മുന്‍ അപേക്ഷയില്‍ പങ്കുകൊള്ളാന്‍ സാധിക്കാതെ പോയവരുടെ മക്കളായി ഇവിടെ ഉണ്ടായിരുന്ന മഴുവന്നൂര്‍ ഇട്ടിയവിരാ തൊമ്മനും പിള്ളവീട്ടില്‍ എസ്തപ്പാന്‍ കുര്യാക്കോസും കൂടി (നിര്‍ദേശപ്രകാരം) ദിവാന്‍ കച്ചേരില്‍ പള്ളിക്കുവേണ്ടി അവര്‍ അപേക്ഷ സമര്‍പ്പിക്കുകയും 90 ദിവസത്തിനകം തീര്‍പ്പ് കല്പിക്കാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ അവിടെ ചെയ്തശേഷം ഇക്കാര്യം പരമരഹസ്യമായി വച്ചുകൊണ്ടിരിക്കുകയും ചെയ്തു. അപേക്ഷ സമര്‍പ്പണത്തിനുശേഷം 94-ാം ദിവസമാണ് ഇവിടെ പള്ളിവച്ചത്. പല ദിവസങ്ങളിലെ രഹസ്യ ആലോചനകളില്‍ ഉരുത്തിരിഞ്ഞ അതിവിദഗ്ധമായ ആസുത്രണത്തിലൂടെയാണ് ഒറ്റ രാത്രികൊണ്ട് ഇവിടെ പള്ളി സ്ഥാപിക്കുവാനായത്. കോട്ടയരുകില്‍ തൊമ്മന്‍ എന്നയാളുടെ വക ഇന്നു പള്ളിയിരിക്കുന്ന സ്ഥലം വില്‍ക്കുവാന്‍ പോകുന്നുവെന്നറിഞ്ഞ് റോഡിനോട് ചേര്‍ന്നുള്ള സ്ഥലമാകയാല്‍ എന്നെങ്കിലും ഒരു പള്ളി പണിയാമെന്നുദ്ദേശത്തോടുകൂടി കോട്ടൂര്‍ ബഹുമാനപ്പെട്ട വല്ല്യതോമാച്ചന്‍ ആ സ്ഥലം കോട്ടൂര്‍ മത്തായിയുടെയും തെക്കേക്കോട്ടൂര്‍ പാച്ചിയുടെയും പേരില്‍ വിലയ്ക്കു വാങ്ങിയിരുന്നു. പള്ളിപണിക്കുവേണ്ട ആലോചനകള്‍ നടക്കുമ്പോള്‍ കോട്ടയരുകില്‍ പുരയിടത്തില്‍ത്തന്നെ പള്ളി പണിയാമെന്നുള്ള തീരുമാനം എടുത്തിരുന്നു.

അപേക്ഷയുടെ കാലാവധി പൂര്‍ത്തിയായതോടെ ഇന്നദിവസം പള്ളിവയ്ക്കണമെന്ന സന്ദേശം വാമോഴിയായി ഓരോ ക്രൈസ്തവനിലും എത്തിച്ചിരുന്നു. ഏതുസമയത്തും എന്തിനും തയ്യാറായി ആവേശഭരിതരായി എല്ലാവരും ഒരുങ്ങിക്കഴിഞ്ഞിരുന്നു. അതത് ഭാഗത്ത് നേതാവായി താന്താങ്ങള്‍തന്നെ കല്പിച്ച് നിശ്ചയിച്ചിരുന്നവര്‍ വഴി ലഭിക്കുന്ന ഏതു സന്ദേശവും ആത്മാര്‍ഥതയോടെ പ്രാവര്‍ത്തികമാക്കുവാന്‍ ഓരോരുത്തരും ഉല്‍സുകരായിരുന്നു. അന്നൊക്കെ കാര്യപ്രാപ്തിയുള്ളവരെ നേതാവായി കണ്ടിരുന്നു. അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് ഒരു കുറവായി കണ്ടിരുന്നില്ല. നേതാക്കള്‍ അനുചരന്മാരുടെ കാര്യത്തില്‍ സദാ ജാഗ്രതയുള്ളവരായിരുന്നു. നേതാവായി ആരാലും തിരഞ്ഞെടുക്കപ്പെട്ടവരല്ലെങ്കിലും ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി നേതൃനിരയിലെത്തിയവര്‍ പലരുമുണ്ട്. പിന്നീടുണ്ടായ പള്ളിക്കേസിലെ പ്രതികളായ ബഹുമാനപ്പെട്ട മാപ്ളേട്ട് തൊമ്മിച്ചന്‍, മഴുവന്നൂര്‍ തൊമ്മന്‍, പിള്ളവീട്ടില്‍ കുര്യാക്കോ എന്നിവര്‍ക്കു പുറമേ കടുതോടില്‍ തൊമ്മി, കൈതവേലില്‍ ചാക്കോ, വടശ്ശേരിക്കുന്നേല്‍ മത്തായി തുടങ്ങിയവരെ ഞങ്ങള്‍ പ്രത്യേകം സ്മരിക്കുന്നു. അന്നു രാത്രി മുഴുവനും ഇവിടെ പണി നടന്നുകൊണ്ടിരിക്കുമ്പോള്‍, വന്ദ്യവയോധികനും പുണ്യശിരസ്കനുമായ മാക്കീല്‍ തിരുമേനി, അരമന ചാപ്പലിലെ ദിവ്യകാരുണ്യസന്നിധിയില്‍ മുട്ടിന്മേല്‍നിന്ന് ആരാധന നടത്തുകയും ഇവിടത്തെ അജഗണങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു എന്ന വസ്തുത ഇത്തരുണത്തില്‍ പ്രത്യേകം അനുസ്മരിക്കേണ്ട കാര്യമാണ്.

തുലാമാസത്തിലെ കൂരിരുള്‍ നിറഞ്ഞ രാത്രിയുടെ ആദ്യയാമങ്ങള്‍ മറ്റുള്ളവര്‍ക്കെല്ലാം പതിവുപോലെ കടന്നുപോയി. പക്ഷേ, കിടങ്ങൂരും ചുറ്റുവട്ടത്തുമുള്ള സകല ക്രിസ്ത്യാനികളും അപ്പോള്‍ നിത്യസ്മരണാര്‍ഹമായ ഒരു ധീരയജ്ഞത്തിനുള്ള തയാറെടുപ്പിലായിരുന്നു. രാത്രി 10മണിയോടെ നാനാദിശകളില്‍ നിന്നും പട്ടാള വ്യൂഹങ്ങള്‍ പോലെ പുറപ്പെട്ട ക്രൈസ്തവര്‍ ചുമടുകണക്കിന് സാധനസാമഗ്രികളും പണിയായുധങ്ങളുമായി കോട്ടയരുകില്‍ പുരയിടത്തില്‍ എത്തിക്കഴിഞ്ഞു.

ആവേശവും ആശങ്കയും മുറ്റിനില്‍ക്കുന്ന മനസ്സുമായി തിരുവസ്ത്രങ്ങളണിഞ്ഞു തയാറായി കപ്യാരുടെ അകമ്പടിയോടെ പ്രാര്‍ഥനാ നിരതരായി വന്ന ത്യാഗമൂര്‍ത്തി, മാപ്ളേട്ട് തൊമ്മിച്ചന്‍ രാത്രിയുടെ മൂന്നാം യാമാരംഭത്തില്‍ പള്ളിയുടെ അടിസ്ഥാന ശില ആശീര്‍വദിച്ച് നിക്ഷേപിച്ചു. പണി ഉദ്ഘാടനം ചെയ്തത്, കൂടി നിന്നിരുന്ന സകല ജനങ്ങളും താന്താങ്ങള്‍ക്കു നിര്‍ദേശിക്കപ്പെട്ട ജോലികളില്‍ വ്യാപൃതരായി. റാന്തല്‍ വിളക്കുകളും തിരികളും ചൂട്ടുകറ്റകളുമെല്ലാം ആവശ്യത്തിനു മാത്രം തിരിതെളിച്ചു.

കൂട്ടംചേര്‍ന്നുള്ള പണിയുടെ ആര്‍പ്പുവിളികളോ ഭേരിമുഴക്കങ്ങളോ ഒന്നുമുണ്ടായില്ല. അടക്കംപറച്ചിലുകളും നിര്‍ദേശങ്ങളും ആവശ്യത്തിനുള്ള വര്‍ത്തമാനങ്ങളും മാത്രം കാതുകളിലെത്തിയിരുന്നു. പണിയായുധങ്ങളുടെ ഝകാരങ്ങള്‍ സദാ മുഴങ്ങിക്കൊണ്ടിരിക്കുന്നു. തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ചിട്ടപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ അവിരാമമായി ജാഗ്രതയോടും ഉല്‍സാഹത്തിമര്‍പ്പോടും കൂടി പുലര്‍ച്ചവരെ നടന്നു. വെളുപ്പിന് 5 മണിക്ക് മുന്‍പേ കോട്ടപ്പുറം പള്ളിയുടെ സകല പണികളും കഴിഞ്ഞു. അള്‍ത്താര(മേശ)യില്‍ ക്രൂശിതരൂപത്തിനു മുന്‍പിലായി കട്ടച്ചിറ പള്ളിയില്‍ നിന്നും രാത്രിയില്‍ കൊണ്ടുവന്നിരുന്ന മനോഗുണമാതാവിന്റെ തിരുസ്വരൂപം സ്ഥാപിതമായി.

രാത്രി മുഴുവന്‍ പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന മാപ്ളേട്ട് ബഹു. തൊമ്മിക്കത്തനാര്‍ തിരുക്കര്‍മങ്ങള്‍ക്കുള്ള വസ്ത്രങ്ങളണിഞ്ഞ് പുതിയ ദേവാലയ കവാടത്തിലെത്തി. അള്‍ത്താരയില്‍ ജ്വലിച്ചു നിന്ന മെഴുകുതിരികള്‍ക്കിടയില്‍ മന്ദസ്മിതം തൂകിനിന്ന മാതാവിന്റെ തിരുസ്വരൂപം വണങ്ങി. ക്രിസ്ത്യാനികളുടെ സഹായമായി മറിയത്തിന്റെ നമാധേയത്തില്‍ പള്ളിയുടെ വെഞ്ചരിപ്പുകര്‍മം നടത്തി.

1909 നവംബര്‍ 1-ാം തീയതി സകല വിശുദ്ധരുടെയും തിരുനാള്‍ ദിവസം രാവിലെ കോട്ടപ്പുറം പള്ളി ഉദയം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം ക്രൈസ്തവരായ ആബാലവൃദ്ധം ജനങ്ങളും കോട്ടപ്പുറം പള്ളിയിലേക്ക് ഇടമുറിയാതെ ഒഴുകിക്കൊണ്ടിരുന്നു. ശ്രുതിമധുരമായ ഗാനാലാപമുയര്‍ന്നു. ചേങ്ങലമണികള്‍ ഇടതടവില്ലാതെ മുഴങ്ങി. കതിനാവെടികള്‍ ദിഗന്തങ്ങള്‍ ഭേദിച്ചു മാറ്റൊലികൊണ്ടു.

ആനന്ദകരവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍, മാപ്ളേട്ട് ബഹു. തൊമ്മിച്ചന്‍ ആദ്യമായി കിടങ്ങൂര്‍ പള്ളിയുടെ അള്‍ത്താരയില്‍ കുര്‍ബാനയര്‍പ്പിച്ചു. എല്ലാവരും ദിവ്യബലിയില്‍ സംബന്ധിച്ചു നിര്‍വൃതി പൂണ്ടു. പഴയ നാട്ടുരാജ്യങ്ങളായ തെക്കുംകൂറിന്റെയും വടക്കുംകൂറിന്റെയും അതിര്‍ത്തി തിരിച്ചുണ്ടാക്കിയിരുന്ന കോട്ടയില്‍കൂടി പിന്നീടുണ്ടാക്കിയ റോഡിന് അരുകില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഈ പള്ളിക്ക് കോട്ടപ്പുറം പള്ളി എന്നു പേരുണ്ടായത്.

കിടങ്ങൂരിന്റെ അഭിവൃദ്ധിയും കുറേക്കൂടി വിസ്തൃതവും നൂതനവുമായ ഒരു ദേവാലയത്തിന്റെ ആവശ്യം കാലക്രമത്തില്‍ സുസ്പഷ്ടമാക്കിത്തീര്‍ത്തു. ഭാഗ്യമെന്നു പറയട്ടെ, ശുഭാപ്തിവിശ്വാസിയും നയകോവിദനും സ്ഥിരോല്‍സാഹിയുമായ കോട്ടൂര്‍ ബഹു. ജോസഫച്ചന്‍ തക്കസമയത്ത് കിടങ്ങൂര്‍ പള്ളിവികാരിയായി ചാര്‍ജെടുത്തു. സ്ഥലത്ത് ജനിച്ചുവളര്‍ന്ന ആളായിരുന്നതിനാലും ജന്മനാ ലഭിച്ച സിദ്ധികളാലും കിടങ്ങൂരും പരിസരങ്ങളിലുമുള്ള ഹൈന്ദവ സഹോദരങ്ങളുടെ സ്നേഹവും സഹകരണവും എളുപ്പത്തില്‍ അദ്ദേഹം സമ്പാദിച്ചു.

പല സ്ഥലങ്ങളില്‍നിന്നും പല മതസ്ഥരില്‍നിന്നും  ഉദാരമായ സഹായങ്ങള്‍ പള്ളിയുടെ പുനര്‍നിര്‍മാണത്തിനു ലഭിക്കുകയുണ്ടായി.
വളവുകല്ലുകളും മൂലക്കല്ലുകളും വിദൂരത്തില്‍നിന്നും  പണിസ്ഥലത്ത് വന്നെത്തി. കലാകാരന്മാരായ മേസ്തിരിമാര്‍ അവ യഥാസ്ഥാനത്ത് ഉറപ്പിച്ചു. ബൃഹത്തും അതിമനോഹരവുമായ കിടങ്ങൂര്‍ കോട്ടപ്പുറം പള്ളി ബാഹൃമായി ഇന്നു കാണുന്ന രൂപത്തില്‍ ഒരു സൌധമായി മിന്നിത്തിളങ്ങി.

1951 ജൂലൈ മാസം 16-ാം തീയതി കര്‍മലമാതാവിന്റെ തിരുനാള്‍ ദിവസം ഭക്തിസംവര്‍ധകമായ തിരുക്കര്‍മങ്ങളുടെ മധ്യേ ബഹു. തറയില്‍ തിരുമേനി പള്ളിയുടെ വെഞ്ചരിപ്പുകര്‍മം നടത്തി. തുടര്‍ന്നു ബഹു. കുഞ്ഞേപ്പച്ചന്‍ പ്രഥമ ദിവ്യബലി ആഘോഷമായി അര്‍പ്പിച്ചു.

ആദ്യകാലത്ത് ഈ പ്രദേശത്തെ വിദ്യാഭ്യാസത്തിന് ഏക ആശ്രയമായിരുന്ന കിടങ്ങൂര്‍ സെന്റ് മേരീസ് ഇംഗീഷ് മീഡിയം സ്കൂള്‍ 1908ല്‍ സ്ഥാപിതമായി.

1935ല്‍ ഈ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായും 2000-ാം ആണ്ടില്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായും ഉയര്‍ന്നു. 1956 മേയ് 13ന് അഭി. മാര്‍ തോമസ് തറയില്‍ പിതാവ് കിടങ്ങൂരില്‍ കോണ്‍വന്റ് ചാപ്പല്‍, ആശുപത്രി എന്നിവ വെഞ്ചരിച്ചു. നവംബര്‍ 21ന് ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റല്‍ എന്ന പേരില്‍ ആതുരസേവനം ആരംഭിച്ചു. ഇതിന്റെ കീഴില്‍ 1979 മുതല്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് സ്കൂളും 2001 മുതല്‍ ജനറല്‍ നഴ്സിങ് സ്കൂളും പ്രവര്‍ത്തിച്ചുവരുന്നു. വിശ്രമജീവിതം നയിക്കുന്ന സന്യാസിനികള്‍ക്കായി 1993ല്‍ സായൂജ്യമഠം സ്ഥാപിതമായി. രൂപതയിലെ മറ്റൊരു സന്യാസിനി സമൂഹമായ സെന്റ് ജോസഫ് കോണ്‍വന്റ് 1995ല്‍ സ്ഥാപിതമായി. കിടങ്ങൂര്‍ പള്ളിയോടു ചേര്‍ന്നുള്ള പാരീഷ്ഹാള്‍ 1991ല്‍ അഭി. കുന്നശ്ശേരി പിതാവ് വെഞ്ചരിച്ചു.

2005ല്‍ സെന്റ് മേരീസ് ഇംഗീഷ് മീഡിയം സ്കൂള്‍ പള്ളിയോടു ചേര്‍ന്ന് ആരംഭിച്ചത് വിശ്വാസ പരിശീലനത്തിനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ ഗുണകരമായിട്ടുണ്ട്. കോട്ടയം രൂപതയിലെ ഔദ്യോഗികമായ എല്ലാ സംഘടനകളും പ്രസ്ഥാനങ്ങളും വളരെയധികം ഊര്‍ജസ്വലതയോടെ കിടങ്ങൂരില്‍ പ്രവര്‍ത്തിക്കുന്നു.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service