ആര്ത്താറ്റ് പള്ളി

മലങ്കരസഭയിലെ ഒരു പുരാതന ദേവാലയമാണ് തോമാശ്ളീഹാ സ്ഥാപിച്ചെന്നു വിശ്വസിക്കപ്പെടുന്ന ആര്‍ത്താറ്റ് പള്ളി. ചരിത്രത്തിന്റെ ഏടുകളില്‍ 'ചാട്ടുകുളങ്ങര പള്ളിയെന്നാണ് ഈ ദേവാലയം പരാമര്‍ശിക്കപ്പെടുന്നത്. ചാട്ടുകുളം എന്ന പേരില്‍ പള്ളിയുടെ തെക്കുവശത്തായി വലിയൊരു കുളമുണ്ട്. 'ചാട്ടുകുളത്തിനരികെയുള്ള പള്ളി എന്നതാവാം ചാട്ടുകുളങ്ങര പള്ളിയായത്.

മലങ്കരസഭയിലെ ജനങ്ങളെ നിര്‍ബന്ധമായി റോമാസഭയില്‍ ചേര്‍ക്കുന്നതിനായി 1599ല്‍ മെനേസിസ് മെത്രാപ്പോലീത്ത വിളിച്ചു കൂട്ടിയ ഉദയം പേരൂര്‍ സുന്നഹദോസില്‍ നിന്നു ചാട്ടുകുളങ്ങരപള്ളിയിലെ പ്രതിനിധികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നു. ഇതു കണ്ട മറ്റു പള്ളിക്കാര്‍ കൊച്ചിരാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്തിരുന്ന തചാട്ടുകുളങ്ങര പള്ളിയെ 'അയര്‍ത്ത് അറ്റത്തെ പള്ളി എന്ന് ആദരവോടെ വിളിച്ചു പോന്നു. പഴയകാലത്ത് അയര്‍ക്കുക എന്ന വാക്കിന് എതിര്‍ക്കുക, ഇടയുക, വാഗ്വാദത്തില്‍ ഏര്‍പ്പെടുക തുടങ്ങിയ അര്‍ത്ഥങ്ങളുണ്ടായിരുന്നു. 'അയര്‍ത്ത അറ്റത്തെ പള്ളി ലോപിച്ചായിരിക്കണം ആര്‍ത്താറ്റ് പള്ളിയെന്ന പേരുണ്ടായത്.

പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഈ പ്രാചീന ദേവാലയം സ്ഥാപിതമായതു സംബന്ധിച്ച് വേണ്ടത്ര വിവരങ്ങളോ വ്യക്തമായ രേഖകളോ ലഭ്യമല്ല. തോമാശ്ളീഹാ പാലയൂര്‍ പള്ളി സ്ഥാപിച്ചപ്പോള്‍ ചാട്ടുകുളം പ്രദേശവാസികളായ യഹൂദക്രിസ്ത്യാനികള്‍ക്കു വേണ്ടി ഒരു കുരുശു സ്ഥാപിച്ചുവെന്നും പിന്നീട് കുരിശിരുന്ന സ്ഥലത്ത് ദേവാലയം നിര്‍മ്മിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. 16-ാം ശതകം വരെ ഈ ദേവാലയത്തിന്റെ കുരിശുപള്ളി മാത്രമായിരുന്നു പാലയൂര്‍ പള്ളിയെന്നൊരു വാദവും നിലവിലുണ്ട്.
1789ല്‍ ടിപ്പുവിന്റെ പടയോട്ടത്തില്‍ ആര്‍ത്താറ്റ് പള്ളി അഗ്നിക്കിരയാക്കപ്പെട്ടു. പിന്നീട് പലപ്പോഴായി പള്ളി പുതുക്കി പണിയുകയുണ്ടായി. ഇടവകക്കാരില്‍ ഒരു വിഭാഗം കത്തോലിക്കരായിരുന്നു. ദേവാലയം സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ 1805ല്‍ തര്‍ക്കസ്ഥലത്ത് നേരിട്ടു വന്ന് നറുക്കിട്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.
അതനുസരിച്ച് കുരിശ് കത്തോലിക്കര്‍ക്കും പള്ളി ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ക്കും ലഭിച്ചു.

1806-ല്‍ പുലിക്കോട്ട് ഇട്ടൂപ്പ് കത്തനാരാണ് പള്ളി ഇന്നു കാണുന്ന രൂപത്തില്‍ പുതുക്കി പണിതത്. പഴയ സെമിനാരി സ്ഥാപിച്ച പുലിക്കോട്ടില്‍ യൌസേഫ് മാര്‍ ദീവാന്നാസിയോസും ഇദ്ദേഹം തന്നെ.
1808-ല്‍ ബംഗാള്‍ ചാപ്ളെയ്നും കൊല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യം കോളജിലെ വൈസ് പ്രിന്‍സിപ്പലുമായ ഡോ. ക്ളോഡിയസ് ബുക്കാനന്‍ ആര്‍ത്താറ്റ് പള്ളി സന്ദരശിക്കുകയും വിലയേറിയ ഒരു 'പത്താക്ക് (സ്വര്‍ണമെഡല്‍) പള്ളിക്കു സമ്മാനിക്കുകയും ചെയ്തു. ആറേ മുക്കാല്‍ ഇഞ്ച് ചുറ്റളവും ആറു രൂപാത്തൂക്കവുമുള്ള ഈ പത്താക്ക് ചരിത്രപ്രധാന്യമുള്ള പുരാവസ്തുവെന്ന നിലയില്‍ കുന്നുകുളം പഴയപള്ളിയുടെ മേല്‍പൂട്ടില്‍ സൂക്ഷിച്ചുപോരുന്നു. കുന്നംകുളം ഭദ്രാസനം നിലവില്‍ വന്നതിനു ശേഷം ആര്‍ത്താറ്റ് പള്ളി കത്തീഡ്രല്‍ ദേവാലയമായി ഉയര്‍ത്തപ്പെട്ടു.

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service