മാഹിപള്ളി

റ്യൂ ദ് ലെഗീസിലെത്തിയപ്പോള്‍ റൈട്ടര്‍ മടിയില്‍ നിന്നു രണ്ടു മെഴുകുതിരിയെടുത്തു ദാസനു കൊടുത്തു.
മാതാവിന്റെ മുമ്പില് കത്തിച്ചുവെക്ക്.
അവര്‍ പള്ളിയിലേക്കു കയറി. വിശുദ്ധ കന്യാമറിയത്തിന്റെ വിഗ്രഹത്തിനു മുമ്പില്‍ കൈപ്പത്തികൊണ്ടു മറപിടിച്ച് ദാസന്‍ മെഴുകുതിരികള്‍ കത്തിച്ചു വച്ചു..
( മയ്യഴിപ്പുഴയുടെ തീരങ്ങളില്‍)

എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ മാഹിയിലെ വിശുദ്ധ കന്യാമറിയത്തിന്റെ തെരേസ ദേവാലയം മലയാളികള്‍ക്കു പരിചിതമാണ്. മതമൈത്രിയുടെ പ്രകാശഗോപുരമായി മയ്യഴിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം വീണ്ടുമൊരു വാര്‍ഷിക മഹോല്‍സവത്തിനു ഒരുങ്ങി. ഒക്ടോബര്‍ അഞ്ചു മുതല്‍ 22 വരെയാണ് ആഘോഷം. ദേവാലയത്തിലെ തിരുസ്വരൂപം വഹിച്ചുകൊണ്ട്  പ്രദക്ഷിണം നീങ്ങുമ്പോള്‍ വീടുകളിലും വഴിയോരങ്ങളിലും തിരികള്‍ കൊളുത്തി ജാതിമതഭേദമന്യേ പ്രാര്‍ഥനാ പ്രണാമമര്‍പ്പിക്കും. അമ്പലത്തിന്റെ സമീപമെത്തുമ്പോള്‍ പൂജാരികള്‍ തിരുസ്വരൂപത്തിന് പുഷ്പഹാരം ചാര്‍ത്തുന്നത് വേറെയെവിടെ കാണാന്‍ കഴിയും. മതസൌഹാര്‍ദത്തിന്റെ ചാരുതയാര്‍ന്ന ആഘോഷത്തിനായി മയ്യഴി ഒരുങ്ങിക്കഴിഞ്ഞു. മാഹിയുടെ ദേശീയ ഉല്‍സവമായാണ് തിരുന്നാള്‍ കണക്കാക്കുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ ആത്മീയ പ്രബോധനങ്ങളിലൂടെ ലോകത്തിനു മാതൃകയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ നാമധേയത്തിലാണ് മാഹിയിലെ തീര്‍ഥാടന കേന്ദ്രം പ്രതിഷ്ഠിതമായത്. മയ്യഴിയമ്മയെന്നും മാഹി മാതാവെന്നും വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ മാധ്യസ്ഥം വഴി ദൈവിക ദാനങ്ങള്‍ ലഭിക്കുമെന്ന് നിരവധി ഭക്തര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തിരുന്നാള്‍ സമയമല്ലാത്തപ്പോഴും ആയിരങ്ങള്‍ ഇവിടെ ആത്മീയ നവീകരണത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കുമായി എത്താറുണ്ട്.

വടകര വാഴുന്നവര്‍ എന്നറിയപ്പെട്ടിരുന്ന കടത്തനാട്ടു രാജാവുമായുള്ള ഉടമ്പടി പ്രകാരമാണ് 1721ല്‍ ഫ്രഞ്ചുകാര്‍ മയ്യഴിയിലും സമീപ പ്രദേശമായ പള്ളൂരിലും പന്തക്കലിലും  സ്ഥാനമുറപ്പിച്ചത്. ഫ്രഞ്ചുകാരാണ് മയ്യഴിയെ മാഹിയാക്കിയത്.  ഇറ്റാലിയന്‍ കര്‍മ്മലീത്താ വൈദികനായ ഫാ. ഡൊമിനിക് ഒാഫ് ജോണ്‍ ഒാഫ് ദ് ക്രോസ് 1723ല്‍ ഫ്രഞ്ച് ഇൌസ്റ്റ് ഇന്ത്യാ കംപനിയുടെ സഹായത്തോടെ സുവിശേഷ പ്രവര്‍ത്തനത്തിനായി മയ്യഴിയിലെത്തി. സഹപ്രവര്‍ത്തകരായിരുന്ന ഫാ. മാത്യൂസ് ഒാ.സി.ഡി, ഫാ. ക്ളമന്റ് ഒാ.സി.ഡി എന്നിവരോടൊപ്പം അദ്ദേഹം രൂപം കൊടുത്ത ക്രൈസ്തവ സമൂഹത്തിന് ആരാധനയ്ക്കും മതബോധനത്തിനുമായി 1728ല്‍ പുല്ലുമേഞ്ഞ ചെറിയ വീടുണ്ടാക്കി. 1763ല്‍ അതു പള്ളിയായി രൂപാന്തരപ്പെട്ടു. എന്നാല്‍ ബ്രിട്ടീഷ്- ഫ്രഞ്ച് യുദ്ധത്തില്‍ ദേവാലയം അഗ്നിക്കിരയായി. 1788ല്‍ ആണ് ആബേദു ഷേങ് ഇന്നത്തെ രീതിയില്‍ പള്ളി കല്‍ചുവരാക്കി പുതുക്കിപണിതത്. മാഹി നഗരസഭയിലെ പ്രഥമ അംഗമായിരുന്നു അദ്ദേഹം. മാഹിയിലെ ആദ്യകാല മിഷണറിമാര്‍ ദേവാലയ ശ്രുശൂഷയ്ക്കൊപ്പം ആതുര സേവനത്തിലും സാധുജന സംരക്ഷണത്തിലും ശ്രദ്ധകൊടുത്തിരുന്നു. അതിനാല്‍ ദേവാലയം പുതുക്കിപണിതത് മതസാഹോദര്യത്തിന്റെ തെളിവായിട്ടാണ് പറയുന്നത്. നാട്ടിലെ ഹൈന്ദവര്‍ കായികമായി ധാരാളം സഹായം നല്‍കിയിരുന്നു. ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായവും ലഭിച്ചു.

പുതുക്കി പണിതതിനു ശേഷമാണ് ദേവാലയത്തോടനുബന്ധിച്ച് മണിഗോപുരം ഒരുക്കിയത്. 70 സെന്റീമീറ്റര്‍ വ്യാസമുള്ള വലിയ മണി  നടുവിലും രണ്ടു ചെറിയ മണികള്‍ ഇരുവശങ്ങളിലുമായി സ്ഥാപിച്ചു. അതിന്‍മേല്‍ നാല് അടി വ്യാസമുള്ള വലിയ ക്ളോക്കും ഉറപ്പിച്ചു. ഫ്രഞ്ച് നാവികരായിരുന്നു ഇതെല്ലാം ചെയ്തത്. ദേവാലയ മണിയും ക്ളോക്കുമായിരുന്നു വര്‍ഷങ്ങളോളം മാഹിക്കാരെ സമയത്തെക്കുറിച്ച് ബോധവാന്‍മാരാക്കിയിരുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ രൂപതയുടെ കീഴിലായിരുന്ന മാഹി ദേവാലയം 1836ല്‍  പോണ്ടിച്ചേരി കടല്ലൂര്‍ അതിരൂപതയുടെ ഭരണത്തിലായി. ഇന്ത്യയ്ക്കു സ്വാതന്ത്യ്രം ലഭിച്ചപ്പോള്‍ മാഹി തീര്‍ഥാടന കേന്ദ്രം കോഴിക്കോടു രൂപതയ്ക്കു കൈമാറി.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service