എടത്വാ പള്ളി

കേരളത്തിലെ പ്രശസ്ത ക്രൈസ്തവതീര്‍ഥാടന കേന്ദ്രങ്ങളില്‍ എടത്വാപള്ളി പ്രമുഖ സ്ഥാനമാണ് അര്‍ഹിക്കുന്നത്. കുട്ടനാടിന്റെ സിരാകേന്ദ്രമായും വൈജ്ഞാനിക തലസ്ഥാനമായും അറിയപ്പെടുന്ന എടത്വായിലെ, വിശുദ്ധഗീവര്‍ഗീസിന്റെ നാമത്തില്‍ സ്ഥാപിതമായ ദേവാലയം ആയിരങ്ങള്‍ക്ക് അഭയസ്ഥാനവും തീര്‍ഥാടകര്‍ക്ക് പുണ്യവുമാണ്. അത്ഭുതപ്രവര്‍ത്തകനായി അറിയപ്പെടുന്ന എടത്വാ പുണ്യവാളന്‍ ഭക്തജനങ്ങള്‍ക്ക് വിളിപ്പുറത്തെത്തുന്നു. മാനസിക രോഗികളും പിശാചുബാധിതരും വിശുദ്ധന്റെ രൂപത്തെ രക്ഷാകേന്ദ്രമായി കരുതുന്നു.

ഒരു കാലത്ത് ദേവാലയത്തിന്റെ അഭാവം കൊണ്ട് വിഷമിച്ച ജനങ്ങള്‍ തങ്ങളുടെ ആത്മീയകാര്യങ്ങള്‍ക്കായി ആലംബമാക്കിയിരുന്നത് നിരണം പള്ളിയെയാണ്. നിരണത്ത് കൊച്ചുവള്ളങ്ങളിലും മറ്റുമായെത്തിയിരുന്ന കുട്ടനാട്ടിലെ വിശ്വാസികള്‍ അവര്‍ക്കു സൌകര്യപ്രദമായ സ്ഥാനത്തു ദേവാലയം നിര്‍മിക്കാന്‍ ആഗ്രഹിച്ചു. അങ്ങനെ ക്രിസ്ത്വബ്ദം 417-ല്‍ ചമ്പക്കുളം (കല്ലൂര്‍ക്കാട്) ദേവാലയം സ്ഥാപിതമായി. എടത്വാ പ്രദേശങ്ങളിലെ ക്രൈസ്തവരും  ദേവാലയത്തില്‍ മതകര്‍മങ്ങള്‍ അനുഷ്ഠിച്ചു. എന്നാല്‍, അവര്‍ക്കു വേണ്ടിയിരുന്നത് എടത്വായില്‍ തന്നെയുള്ള ഒരു ദേവാലയമായിരുന്നു. അനുവാദത്തിനായി അവര്‍ വാരാപ്പുഴ അതിരൂപതാധികൃതരെ സമീപിച്ചു. അക്കാലത്ത് എടത്വാപ്രദേശം വാരാപ്പുഴ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളിലായിരുന്നു.

വാരാപ്പുഴ മെത്രാനായിരുന്ന അഭിവന്ദ്യ റെയ്മണ്ട് തിരുമേനി എടത്വായില്‍ ദേവാലയം സ്ഥാപിക്കാനുള്ള കാനോനികമായ അനുമതി നല്‍കി. എടത്വായില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ നാമധേയത്തില്‍ ഒരു ദേവാലയത്തിന്റെ ശിലാസ്ഥാപനം നടന്നത്. 1810 സെപ്റ്റംബര്‍ 29നായിരുന്നു. എടത്വാക്കാരുടെ സ്വപ്നസാക്ഷാത്ക്കാരമായ പള്ളിസ്ഥാപനത്തിനു മുന്നണിയില്‍ പ്രവര്‍ത്തിച്ചത് എടത്വാ തെക്കേടത്തു പോത്തന്‍മാപ്പിള, വെട്ടുതോട്ടുങ്കല്‍ തൊമ്മിമാപ്പിള, പാണ്ടങ്കരി ഊരാംവേലി കുര്യന്‍ തരകന്‍, ചെക്കിടിക്കാട് മെതിക്കളത്തില്‍ മാത്തന്‍മാപ്പിള എന്നിവരായിരുന്നു. ചാങ്ങങ്കരി വല്യവീട്ടില്‍ ഗീവര്‍ഗീസ് കത്തനാരുടെ നിര്‍ലോപമായ പ്രോത്സാഹനവുമുണ്ടയിരുന്നു. പള്ളിക്കാവശ്യമായ സ്ഥലം പ്രമുഖ നായര്‍ തറവാടായ ചങ്ങംകരി വെള്ളാപ്പള്ളിയിലെ കൊച്ചെറുക്കപ്പണിക്കാരാണ്. പ്രതിഫലം വാങ്ങാതെയാണ് ആ ഹൈന്ദവ സഹോദരന്‍ പള്ളി സ്ഥാപിക്കുന്നതിലേക്കായി സ്ഥലം വിട്ടുകൊടുത്തത്. മതസൌഹാര്‍ദ്ദത പണ്ടു മുതല്‍ക്കെ നമ്മുടെ പൈതൃകമായിരുന്നു എന്നതിന്റെ തെളിവ്.

ഇടപ്പള്ളിയില്‍ നിന്നുമാണ് വിശുദ്ധ ഗീവര്‍ഗീസിന്റെ രൂപം പ്രതിഷ്ഠയ്ക്കായി ഇടപ്പള്ളിയിലെത്തിച്ചത്. രൂപപ്രതിഷ്ഠയ്ക്കുശേഷം 1811 ഏപ്രില്‍ 27നു കൊടിയേറി പെരുനാള്‍ ആരംഭിച്ചു. 1811ല്‍ ആരംഭിച്ച പെരുനാള്‍ ഇന്നും അഭംഗം തുടരുകയാണ്. വിശുദ്ധ ഗീവര്‍ഗീസിന്റെ അനുഗ്രഹം തേടി നാനാജാതിമതസ്ഥരായ ഭക്തജനലക്ഷങ്ങളാണ് എടത്വായിലേക്ക് വര്‍ഷംതോറും പ്രവഹിക്കുന്നത്.

കേരളത്തില്‍ നദീതീര ക്ഷേത്രങ്ങളും ദൈവാലയങ്ങളും ധാരാളമുണ്ട്. അവയില്‍ കേരളത്തിനു പുറമെയും വിദേശ രാജ്യങ്ങളില്‍പ്പോലും അറിയപ്പെടുന്ന ഒന്നാണ് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി. മധ്യകാല യൂറോപ്പില്‍ ഉയര്‍ന്നുവന്ന ഉന്നതങ്ങളും മനോഹരങ്ങളുമായ ഭദ്രാസന ദൈവാലയങ്ങളെ അനുസ്മരിപ്പിക്കുമാറ് ഔന്നത്യംകൊണ്ടും കലാസൌകുമാര്യംകൊണ്ടും വ്യത്യസ്തമായ ഈ ദൈവാലയം പമ്പയാറിന്റെ തീരത്ത് തലയുയര്‍ത്തി നിലകൊള്ളുന്നു. 1810 സെപ്റ്റംബര്‍ 29-ാം തീയതി (986 കന്നി 14) പുതിയ ഒരിടവക പള്ളിക്ക് ആരംഭം കുറിച്ചുകൊണ്ട് നടന്ന ശിലാസ്ഥാപനത്തോടെ രൂപംകൊണ്ട കോയില്‍മുക്കുപള്ളിയാണ് പിന്നീട് വിഖ്യാതമായ എടത്വ പള്ളി എന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടിയത്.

ആരംഭം   
ഒന്നാം നൂറ്റാണ്ടു മുതല്‍ ആത്മീയ ആവശ്യങ്ങള്‍ക്കായി നിരണം പള്ളിയില്‍ എത്തിയിരുന്നവരില്‍ പുറക്കാട്, ആലപ്പുഴ എന്നീ തീരദേശങ്ങള്‍ വരെയും അധിവസിച്ചിരുന്ന നസ്രാണികളുണ്ടായിരുന്നു. തലവടി, തെക്കേമുറി, ചങ്ങങ്കരി എന്നീ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ നാലു വള്ളങ്ങളില്‍ തലവടിയില്‍ സന്ധിച്ചു പറ്റംചേര്‍ന്ന് നിരണത്തിനു പോയിരുന്നതായി പറയപ്പെടുന്നു. എഡി 417ല്‍ കുട്ടനാട്ടിലെ ക്രൈസ്തവര്‍ ചമ്പക്കുളത്ത് ഒരു പള്ളി (കല്ലൂര്‍ക്കാട് പള്ളി) സ്ഥാപിച്ചതോടെ എടത്വയിലെ വിശ്വാസികളുടെ വള്ളങ്ങള്‍ അങ്ങോട്ട് നീങ്ങാന്‍ തുടങ്ങി. എഡി 1125ല്‍ ചെമ്പകശേരി രാജ്യം സ്ഥാപിതമായതോടെ കുറവിലങ്ങാട്, കുടമാളൂര്‍ തുടങ്ങിയ പുരാതന നസ്രാണി കേന്ദ്രങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ കുട്ടനാട്ടില്‍ ധാരാളമായി കുടിയേറി. രാജാവ് അവര്‍ക്ക് താമസത്തിനും കൃഷിക്കും വേണ്ട സ്ഥലങ്ങള്‍ നല്‍കി പ്രോല്‍സാഹിപ്പിച്ചു. വിശാലമായ നെല്‍പ്പാടങ്ങളില്‍ ആറുകളുടെയും തോടുകളുടെയും അരികുപറ്റി ജലനിരപ്പില്‍ നിന്ന് ഉയര്‍ന്നുനിന്ന തുരുത്തുകളില്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചു.

ജനസംഖ്യാ വര്‍ധനയ്ക്ക് അനുസൃതമായി കൂടുതല്‍ കൂടുതല്‍ തുരുത്തുകള്‍ കട്ടകുത്തിയിട്ട് പൊക്കിയെടുക്കുകയും ഇവയ്ക്കിടയില്‍ ചിറകള്‍ നിര്‍മിച്ച് ഇവയെ യോജിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശ്വാസി സമൂഹങ്ങള്‍ വര്‍ധിച്ചതോടെ നിരണത്തിനും ചമ്പക്കുളത്തിനും പുറമെ ആലപ്പുഴയിലും പുറക്കാട്ടും പുളിങ്കുന്നിലും ദൈവാലയങ്ങള്‍ സ്ഥാപിതമായി. 1801ല്‍ ചേന്നങ്കരിയിലും പള്ളി വന്നു. അപ്പോള്‍ എടത്വക്കാര്‍ക്ക് സ്വന്തമായൊരു ദൈവാലയം വേണമെന്ന ആഗ്രഹം വര്‍ധിച്ചു. എടത്വ ഇടവകയുടെ ആദ്യത്തെ വികാരിയെന്ന ബഹുമതിക്ക് അര്‍ഹനായിത്തീര്‍ന്ന ചങ്ങങ്കരി വലിയവീട്ടില്‍ ഗീവര്‍ഗീസ് കത്തനാര്‍ ഇക്കാര്യത്തില്‍ അവരെ ഉല്‍സാഹിപ്പിക്കയാല്‍ ഒരു നിവേദകസംഘം വൈദിക മേലധ്യക്ഷനായിരുന്ന വരാപ്പുഴ വികാരി അപ്പസ്തോലിക്കാ റെയ്മണ്ട് മെത്രാനെ സമീപിക്കുകയും ദൈവാലയ സ്ഥാപനത്തിനുള്ള കാനോനികമായ അനുമതി നേടുകയും ചെയ്തു. ദൈവാലയം സ്ഥാപിക്കാനുള്ള സ്ഥലത്തിനുവേണ്ടി അവര്‍ അധികം അലയേണ്ടിവന്നില്ല. പമ്പയാറിന്റെ പടിഞ്ഞാറോട്ടൊഴുകുന്ന ഒരു ശാഖ തലവടിയും പിന്നിട്ട് എടത്വയിലെത്തുന്നു. അവിടെ നദിയുടെ ഒരു കൈവഴി വടക്കോട്ടൊഴുകി വളഞ്ഞ് പടിഞ്ഞാറോട്ട് ഒഴുകി മുഖ്യശാഖയില്‍ത്തന്നെ ചേരുന്നു. ഇപ്രകാരം പ്രകൃതി അതിരുതീര്‍ത്ത കാട്ടുംഭാഗം പാടത്തിന്റെ വടക്കരികിലും താമസയോഗ്യമായ സ്ഥലത്ത് ക്രൈസ്തവ ഭവനങ്ങളായിരുന്നു. വടക്കുകിഴക്കരികില്‍ ക്രൈസ്തവ വീടുകള്‍ക്കു നടുവില്‍ തരിശായി കിടന്ന സ്ഥലത്തിന്റെ കൈവശക്കാരനായിരുന്ന പച്ച വെള്ളാപ്പള്ളി എന്ന പ്രമുഖ നായര്‍ തറവാട്ടുകാരണവര്‍ ആ സ്ഥലം ദൈവാലയം സ്ഥാപിക്കാന്‍ വിട്ടുകൊടുത്തു - മതസൌഹാര്‍ദത്തിന്റെ ഉത്തമ നിദര്‍ശനം. ഏറെക്കുറെ ചതുപ്പായിരുന്ന ആ സ്ഥലത്ത് തേക്കിന്‍തടികള്‍കൊണ്ട് നെടുകെയും കുറുകെയും നിരത്തി പള്ളിവയ്ക്കാന്‍ അനുയോജ്യമാക്കിയെന്നാണ് പാരമ്പര്യം.

സാമൂഹിക - രാഷ്ട്രീയ പശ്ചാത്തലം   
19-ാം നൂറ്റാണ്ടിന്റെ ആദ്യദശകം സംഭവബഹുലമായിരുന്നു. സാര്‍വത്രിക കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന പീയൂസ് ഏഴാമന്‍ മാര്‍പാപ്പ വത്തിക്കാന്‍ ഉള്‍പ്പെടുന്ന വിസ്തൃതമായ പേപ്പല്‍ സംസ്ഥാനങ്ങളുടെ രാജാവ് കൂടിയായിരുന്നെങ്കിലും സമഗ്രാധിപത്യമോഹിയായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ആ രാജ്യം ആക്രമിച്ചു കീഴടക്കി അദ്ദേഹത്തെ തടവുകാരനാക്കി. ആ അമൂല്യ തടവുകാരനെ ഫ്രാന്‍സില്‍ സാവോനായിലേക്കും മാറ്റി. യൂറോപ്പില്‍ നിലനില്‍പ്പിനു വേണ്ടി നെപ്പോളിയനെതിരെ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്ന ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ രാഷ്ട്രീയാധിപത്യം വ്യാപിപ്പിച്ചുകൊണ്ടിരുന്നു.

ഇന്നത്തെ കേരള സംസ്ഥാനം അന്ന് തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍, ബ്രിട്ടീഷ് മലബാര്‍ എന്നിങ്ങനെ മൂന്നു വ്യത്യസ്ത രാഷ്ട്രീയ വിഭാഗങ്ങളായിരുന്നു. തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവയുടെ ജീവത്യാഗം നടന്നുകഴിഞ്ഞു. രാജവാഴ്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലാവുകയും കേണല്‍ മണ്‍റോ റസിഡന്റ് ദിവാന്‍ജിയാവുകയും ചെയ്തു. വിദ്യാഭ്യാസരംഗത്തും സാംസ്കാരികതലത്തിലും പല മാറ്റങ്ങള്‍ക്കും വഴിതെളിച്ച ഒരു സംഭവവികാസമായിരുന്നു അത്. കിഴക്ക് തലവടിയും തെക്ക് കോയില്‍മുക്കും പ്രമുഖ നായര്‍ കേന്ദ്രങ്ങളായിരുന്നെങ്കിലും അവിടെയും ക്രൈസ്തവ ഭവനങ്ങളുണ്ടായിരുന്നു. പടിഞ്ഞാറ് ചങ്ങങ്കരിയില്‍ ഒരു പുരാതന ക്ഷേത്രം ഉണ്ടായിരുന്നു. അതിനു സമീപം കുറച്ച് കൊങ്കിണിമാരും ധനാഢ്യനായ ഒരു കൊങ്കിണിയുടെ നെല്ലറയും ഉണ്ടായിരുന്നതായി  
Memoir of Survey Report of Travancore (1827)  by Gt. B.S. Ward (Assistant Surveyer General Department)   എന്ന പ്രസിദ്ധീകരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെയും തായങ്കരി, പച്ച, ചെക്കിടിക്കാട് എന്നീ പരിസര പ്രദേശങ്ങളിലും ക്രൈസ്തവ കുടുംബങ്ങള്‍ കുറവല്ലായിരുന്നു. ഈ പ്രദേശങ്ങളെല്ലാം പുതിയ ഇടവകയുടെ അതിര്‍ത്തിക്കുള്ളില്‍ വന്നു. കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍ അന്ന് കത്തോലിക്കാ, യാക്കോബായ എന്ന ീ രണ്ടു വിഭാഗക്കാര്‍ മാത്രമായിരുന്നു. 1799ല്‍ ആറാം മാര്‍ത്തോമ്മ മാര്‍ ദിവന്നാസിയോസ് പുനരൈക്യപ്പെടുത്തിയെങ്കിലും ആ ഐക്യം അധിക കാലം നിലനില്‍ക്കാതിരുന്നതുകൊണ്ടാണ് പഴയകൂറ്റുകാര്‍, പുത്തന്‍ കൂട്ടെക്കാര്‍ എന്നു രണ്ടുകൂട്ടര്‍ നിലവിലുണ്ടായിരുന്നത്. എങ്കിലും സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിഭാഗീയത അപ്രസക്തമായിരുന്നു. അവര്‍ പരസ്പരം സ്നേഹത്തിലും സഹകരണത്തിലും വര്‍ത്തിച്ചു. 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service