ഭരണങ്ങാനം പള്ളി

കേരളത്തിലെ പ്രാചീന ക്രൈസ്തവകേന്ദ്രങ്ങളിലൊന്നാണ് ഭരണങ്ങാനം. എ. ഡി. നാലാം നൂറ്റാണ്ടു മുതല്‍ കൊടുങ്ങല്ലൂര്‍, വടക്കന്‍ പറവൂര്‍, പള്ളിപ്പുറം, കടുത്തുരുത്തി, മൈലക്കൊമ്പ്, കുറവിലങ്ങാട്, ഇടപ്പള്ളി, നിലയ്ക്കല്‍, അങ്കമാലി,ആലങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അനവധി ക്രൈസ്തവ കുടുംബങ്ങള്‍ ഭരണങ്ങാനത്ത് കുടിയേറിയിട്ടുണ്ട്. കേരള സഭാചരിത്രത്തിലെ വിപ്ളവകരമായ പല സംഭവങ്ങള്‍ക്കും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കും സെന്റ് മേരീസ് ഫൊറോനപള്ളി സാക്ഷ്യം വഹിച്ചിട്ടുണ്ട്. മതമൈത്രിയുടെ സന്ദേശവുമായാണ് ഭരണങ്ങാനം പള്ളി സ്ഥാപിക്കപ്പെട്ടത്. എ. ഡി. ആയിരത്തിനു മുമ്പ് ഭരണങ്ങാനത്തെ ക്രൈസ്തവരുടെ ഏക ആരാധനാകേന്ദ്രം അരുവിത്തുറ പള്ളിയായിരുന്നു. ഭരണങ്ങാനത്ത് ഒരു പള്ളി സ്ഥാപിക്കണമെന്നുള്ള ദേശവാസികളുടെ ആഗ്രഹത്തെ തുടര്‍ന്ന് ആക്കല്‍, അറക്കന്‍, ചുണ്ട, ബ്രാട്ടിയാനി എന്നീ കുടുംബക്കാര്‍ നാടുവാഴിയെ മീനച്ചില്‍ കര്‍ത്താവില്‍ നിന്നും അനുവാദം വാങ്ങി. അന്നു കേരള സഭ ഭരിച്ചിരുന്ന മെസപ്പട്ടൊമിയാക്കാരനായ മാര്‍ യോഹന്നാന്‍ തിരുമേനിയുടെ അനുവാദവും ലഭിച്ചു.

ആനക്കല്ല് പള്ളി എന്ന പേരിന്റെ ഉത്ഭവം
ഇന്നത്തെ ഭരണങ്ങാനം പളളിയില്‍ നിന്നും രണ്ടു ഫര്‍ലോങ് കിഴക്കുമാറി വടക്കേല്‍ വളവിനടുത്ത് മീനച്ചിലാറിന്റെ തീരത്തുള്ള ആനക്കല്ലു പുരയിടത്തില്‍ ദേവാലയം സ്ഥാപിക്കുന്നതിനു പ്രാരംഭമായി ഒരു കുരിശു സ്ഥാപിച്ചു. പള്ളി എവിടെ സ്ഥാപിക്കണം എന്നതു സംബന്ധിച്ചു നാട്ടുകാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. ഇതേ തുടര്‍ന്ന് മീനച്ചില്‍ കര്‍ത്താവിനെ അഭയം പ്രാപിച്ചു. കര്‍ത്താവിന്റെ അഭിപ്രായമനുസരിച്ച്, മീനച്ചിലാറിന്റെ മധ്യത്തില്‍ വച്ച ഒരു കല്ല് ആനയെക്കൊണ്ട് എടുപ്പിച്ചു. ആനയ്ക്കു തോന്നിയ സ്ഥലത്തു കല്ലുവയ്പിച്ചു. അങ്ങനെ ആന കല്ലു വച്ച സ്ഥലത്ത് പളളി സ്ഥാപിച്ചതിനാല്‍ ആനക്കല്ലു പളളി എന്നു നാമവുമുണ്ടായി എന്നാണു വിശ്വാസം.

എന്നാല്‍ പളളിക്കു പ്രാരംഭമായി ആനക്കല്ല് പുരയിടത്തില്‍ കുരിശു നാട്ടിയതുകൊണ്ടാണ് ആനക്കല്ല് പള്ളി എന്ന നാമമുണ്ടായതെന്നും അഭിപ്രായമുണ്ട്. ആന കല്ലുവച്ച സ്ഥലം കേളച്ചാവുകുന്ന് ആക്കക്കുന്നേല്‍ എന്ന നായര്‍ കുടുംബത്തിലെ ഒരു വൃദ്ധയുടെ വകയായിരുന്നു. കര്‍ത്താവ് ആ സ്ഥലം കരമൊഴിവാക്കി അവരെക്കൊണ്ട് പള്ളിക്കു ദാനമായി കൊടുപ്പിക്കുകയായിരുന്നു. ആ കുടുംബക്കാര്‍ക്ക് ഒരവകാശം പള്ളിയില്‍ നിന്ന് ഇപ്പോഴും കൊടുത്തു വരുന്നുണ്ട്. അങ്ങനെ 1004 ഓഗസ്റ്റ് 15-ന് ഭരണങ്ങാനത്തെ ആദ്യ പള്ളി സ്ഥാപിക്കപ്പെട്ടു.

ഇപ്പോഴുള്ള പള്ളി
ഇന്നു കാണുന്ന ഭരണങ്ങാനം വലിയപള്ളി നാലാം പ്രാവശ്യം പൊളിച്ചു പണിയപ്പെട്ടതാണ്. കരിങ്കല്ലുകൊണ്ട് ക്ഷേത്രമാതൃകയില്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു ആദ്യ രണ്ടു പള്ളികളും. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ശില്പമാതൃകയില്‍ കുരിശാകൃതിയിലുള്ള ഇപ്പോഴത്തെ ദേവാലയത്തിന്റെ നിര്‍മാണം 1913-ല്‍ആരംഭിച്ചത് 1928-ല്‍ പൂര്‍ത്തിയാക്കി.

ഭരണങ്ങാനം പളളിയിലെ വിശുദ്ധ സെബാസ്ത്യാനോസ് പുണ്യവാനും ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമിക്ഷേത്രവുമായുള്ള ബന്ധം അതുല്യമാണ്. വിശുദ്ധന്റെ തിരുനാള്‍ പ്രമാണിച്ചു കമ്പക്കോട്ടയ്ക്കും വെളിച്ചെണ്ണയ്ക്കും വേണ്ടതുകയും ഒരു കോല്‍വിളക്കും ക്ഷേത്രത്തില്‍ നിന്നു പള്ളിക്കു ദാനം കിട്ടിയെന്നാണ് ഐതിഹ്യം. എ. ഡി. 14-ാം നൂറ്റാണ്ടില്‍ നിലയ്ക്കലില്‍ നിന്നെത്തിയ കുടിയേറ്റക്കാര്‍ കൊണ്ടുവന്നതാണ് വിശുദ്ധന്റെ ഈ തിരുസ്വരൂപം. മീനച്ചിലാറിന്റെ തീരത്തുള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു കരുതുന്നു. ക്ഷേത്രത്തിലേക്കുള്ള കുടകള്‍ പള്ളി നല്‍കിയെന്നാണു വിശ്വാസം. സെബാസ്ത്യനോസ് പുണ്യവാനും ക്ഷേത്രത്തിലെ ദേവനും ജേഷ്ഠാനുജന്മാരാണ് എന്നൊരു വിശ്വാസവും ഭരണങ്ങാനത്തിനുണ്ട്. പള്ളിയും ക്ഷേത്രവുമായുള്ള അഭേദ്യമായ മൈത്രിയുടെ കഥ പറയുന്നതാണ് ഈ വിശ്വാസം.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service