മനുഷ്യാവകാശങ്ങളും മനുഷ്യാവകാശകമ്മീഷനും

മനുഷ്യാവകാശങ്ങളും മനുഷ്യാവകാശകമ്മീഷനും

അഡ്വ. ചാര്‍ളി പോള്‍
മനുഷ്യോചിതമായ ജീവിതസാഹചര്യങ്ങള്‍ക്കുവേണ്ടി വിവിധ ജനവിഭാഗങ്ങള്‍ വ്യത്യസ്തകാലഘട്ടങ്ങളില്‍ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്രവിജയമാണ്‌ ആഗോളമനുഷ്യാവകാശ പ്രഖ്യാപനം. 1948 ഡിസംബര്‍ 10-നാണ്‌ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്‌. ഡിസംബര്‍ 10, അന്നു മുതല്‍ സാര്‍വ്വദേശീയമായി മനുഷ്യാവകാശ സംരക്ഷണദിനമായി ആചരിച്ചു പോരുന്നു.
1215-ല്‍ ഒപ്പു വച്ച മാഗ്നാകാര്‍ട്ടയിലാണ്‌ ചരിത്രകാരന്മാര്‍ ആധുനിക കാലഘട്ടത്തിലെ മനുഷ്യാവകാശ നിയമങ്ങളുടെ തുടക്കം കാണുന്നത്‌. പൗരാവകാശങ്ങളെക്കുറിച്ചുള്ള നവീന കാലഘട്ടത്തിലെ ആദ്യ പ്രമാണമാണത്‌. ഇംഗ്ലണ്ടിലെ ജോണ്‍ രാജാവില്‍ നിന്നും ഇടപ്രഭുക്കന്മാര്‍ സ്വന്തം താത്പര്യ സംരക്ഷണാര്‍ത്ഥം സമ്മര്‍ദ്ദം പ്രയോഗിച്ചു നേടിയതാണെങ്കിലും പിന്നീട്‌ ഇംഗ്ലണ്ടിലെ പാര്‍ലമെന്റ്‌ അംഗീകരിച്ച മാഗ്നാകാര്‍ട്ട ജനായത്തഭരണ ക്രമത്തിലേക്കുള്ള ലോകത്തിന്റെ ആദ്യ ചുവടുവയ്പാണ്‌.
1776ലെ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം മനുഷ്യാവകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്‌. 19-ാ‍ം നൂറ്റാണ്ടിന്റെ പിറവിയോടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഭരണഘടനാ നിയമത്തിന്റെ ഭാഗമായിത്തീര്‍ന്നു മനുഷ്യാവകാശങ്ങള്‍.
മനുഷ്യാവകാശങ്ങളുടെ വികസിത രൂപമാണ്‌ 1948 ഡിസംബര്‍ 10-ന്‌ ഒപ്പു വച്ച ഐക്യരാഷ്ട്രസഭയുടെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം. ലോക ജനത ചിരകാലം അഭിലഷിച്ചുപോന്ന മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഹ്രസ്വമായും സരളമായും പ്രതിപാദിക്കുന്ന 30 അനുച്ഛേദങ്ങളും ആമുഖവുമടങ്ങിയതാണ്‌ സാര്‍വ്വദ്ദേശീയ മനുഷ്യാവകാശപ്രഖ്യാപനം. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി പാസ്സാക്കിയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ചുരുക്കം താഴെ ചേര്‍ക്കുന്നു.
1. എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു. അവര്‍ക്കു തുല്യ അന്തസ്സും അവകാശങ്ങളുമുണ്ട്‌. യുക്തിബോധവും മനഃസാക്ഷിയും അവര്‍ക്കുണ്ട്‌. അവര്‍ പരസ്പരം സാഹോദര്യ മനോഭാവത്തോടുകൂടി വര്‍ത്തിക്കണം.
2. വംശം, വര്‍ണ്ണം, ലിംഗം, ഭാഷ, മതം, രാഷ്ട്രീയവിശ്വാസങ്ങള്‍, സാമൂഹിക പശ്ചാത്തലം, വസ്തുവകകള്‍, ജനനം, ഏതെങ്കിലും പദവി എന്നിവയുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും പാടില്ല. അതുപോലെ തന്നെ ഏതെങ്കിലും ഒരു രാജ്യത്തിലെ പൗരനെ ഭരണകൂടത്തിന്റെ സ്വഭാവത്തിന്റെയെ പദവിയുടെയോ അടിസ്ഥാനത്തില്‍ മറ്റൊരു രാജ്യത്തെ പൗരനില്‍നിന്നും വേര്‍തിരിച്ചു കണ്ടുകൂടാ.
3. സ്വതന്ത്രനായി, സുരക്ഷിതത്വത്തോടുകൂടി ജീവിക്കുന്നതിനുള്ള അവകാശം.
4. അടിമത്തത്തില്‍നിന്നും അടിമവേലയില്‍നിന്നുമുള്ള വിമോചനം.
5. ആരെയും മര്‍ദ്ദനത്തിനോ, ക്രൂരമോ മനുഷ്യത്വരഹിതമോ അപമാനകരമോ ആയ രീതിയിലുള്ള പെരുമാറ്റത്തിനോ ശിക്ഷയ്ക്കോ വിധേയരാക്കരുത്‌.
6. നിയമത്തിന്റെ മുമ്പില്‍ ഒരു വ്യക്തിയായി അംഗീകരിക്കുവാനുള്ള അവകാശം.
7. എല്ലാവരും നിയമത്തിന്റെ മുമ്പില്‍ സമന്‍മാരാണ്‌. എല്ലാവര്‍ക്കും വിവേചനം കൂടാതെ നിയമത്തിന്റെ തൂല്യ സംരക്ഷണം ലഭിക്കണം.
8. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കണം.
9. ആരെയും തോന്ന്യാസം അറസ്റ്റുചെയ്യുകയോ, തടങ്കലില്‍ വയ്ക്കുകയോ നാടുകടത്തുകയോ ചെയ്യരുത്‌.
10. ന്യായമായ പരസ്യവിചാരണയ്ക്കുള്ള അവകാശം, വിചാരണ നടത്തുന്നവര്‍ സ്വതന്ത്രരും നിഷ്പക്ഷരുമായിരിക്കണം.
11. പരസ്യവിചാരണയ്ക്കുശേഷം ഒരാള്‍ കുറ്റവാളിയാണെന്നു വിധിക്കുന്നതുവരെ അയാളെ നിര്‍ദ്ദോഷിയായി കരുതണം. ഒരു പ്രവൃത്തി ചെയ്യുന്ന അവസരത്തില്‍ ആ പ്രവൃത്തി കുറ്റകരമല്ലെങ്കില്‍ പിന്നീടുണ്ടാകുന്ന നിയമം അനുസരിച്ചു കുറ്റകരമാക്കിയിട്ടുണെ്ടങ്കിലും ആ നിയമം ഉണ്ടാകുന്നതിന്‌ മുമ്പുള്ള പ്രവൃത്തികള്‍ കുറ്റകരമാവുകയില്ല. (മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശിക്ഷാ നിയമങ്ങള്‍ക്ക്‌ പൂര്‍വ്വകാല പ്രാബല്യം കൊടുക്കാന്‍ പാടില്ല).
12. കുടുംബം, സ്വകാര്യത, സല്‍പ്പേര്‌ എന്നിവയെ സംബന്ധിച്ചുള്ള അവകാശങ്ങള്‍.
13. ഒരു പൗരന്‌ അയാളുടെ രാജ്യത്ത്‌ എവിടെ താമസിക്കുന്നതിനും എങ്ങോട്ടു പോകുന്നതിനുമുള്ള അവകാശം.
14. രാഷ്ട്രീയ കുറ്റവാളികള്‍ക്ക്‌ അന്യരാജ്യങ്ങളില്‍ അഭയം പ്രാപിക്കുന്നതിനുള്ള അവകാശം.
15. രാഷ്ട്രതത്വത്തെ സംബന്ധിച്ചുള്ള അവകാശം.
16. വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള അവകാശം.
17. വസ്തുവകകളും സ്വത്തുക്കളും സമ്പാദിക്കുന്നതിനുള്ള അവകാശം.
18. ചിന്താസ്വാതന്ത്ര്യം- മതവും വിശ്വാസവും മാറുന്നതിനുള്ള അവകാശം.
19. അഭിപ്രായ സ്വാതന്ത്ര്യം
20. സമാധാനപരമായി സംഘടിക്കുവാനുള്ള അവകാശം.
21. ഭരണകാര്യങ്ങളില്‍ പങ്കാളിത്തത്തിനുള്ള അവകാശം.
22. സാമൂഹിക സുരക്ഷിതത്വം, വ്യക്തിത്വവികസനത്തിനും അന്തസ്സിനും അനുയോജ്യമായ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങള്‍ ലഭിക്കുവാനുള്ള അവകാശം.
23. തൊഴില്‍ ചെയ്യുന്നതിനും ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനത്തിനുമുള്ള സ്വാതന്ത്ര്യം.
24. വിശ്രമവേളകള്‍ക്കുള്ള അവകാശം.
25. തന്റെയും തന്റെ കുടുംബത്തിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും ഉതകുന്ന ജീവിതനിലവാരം നിലനിര്‍ത്താനുള്ള അവകാശം. അതില്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം, സാമൂഹ്യസേവനം ലഭ്യമാക്കല്‍, ദുര്‍ബ്ബലവിഭാഗത്തിന്റെ സംരക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടും. മാതൃത്വത്തിനും കുട്ടികളുടെ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്‌.
26. വിദ്യാഭ്യാസസ്വാതന്ത്ര്യം. ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണ്‌ തങ്ങളുടെ കുട്ടികള്‍ക്ക്‌ കൊടുക്കേണ്ടതെന്ന്‌ തീരുമാനിക്കുവാനുള്ള അവകാശം രക്ഷിതാക്കള്‍ക്കാണ്‌.
27. സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാനുള്ള അവകാശം.
28. ഈ പ്രഖ്യാപനം അനുസരിച്ചുള്ള സ്വാതന്ത്ര്യവും, അവകാശങ്ങളും പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കണം.
29. എല്ലാവരും സമൂഹത്തോടു തങ്ങള്‍ക്കുള്ള കടമകളെപ്പറ്റി ബോധവാന്മാരായിരിക്കും. അന്യരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അംഗീകരിക്കുകയും ആദരിക്കുകയും വേണം.
30. ഈ അവകാശങ്ങളിലൊന്നു പോലും നിഷേധിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഒരു രാഷ്ട്രത്തിനും സംഘത്തിനും വ്യക്തിക്കും, ഒരു സ്വാതന്ത്ര്യം നല്‍കുന്നവിധം ഈ പ്രഖ്യാപനത്തിലെ ഒരു ഭാഗവും വ്യാഖ്യാനിക്കുവാന്‍ പാടില്ല.
മനുഷ്യരാശിയുടെ പൊതുപൈതൃകമായ മൂല്യങ്ങളുടെ സാന്ദ്രീകൃത രൂപമാണ്‌ മനുഷ്യാവകാശങ്ങള്‍. സ്വപ്നസദൃശമായ ജീവിതമാണ്‌ നിന്ദിതരും, പീഡിതരും ഭൂരിപക്ഷമായ ലോകജനതയ്ക്ക്‌ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം വാഗ്ദാനം ചെയ്യുന്നത്‌. മനുഷ്യവംശത്തിലെ ഓരോ അംഗവും ഭാരതീയനോ, ചീനനോ, അറബിയോ, ജൂതനോ, എസ്കിമോയോ, പിഗ്മിയോ എന്ന പരിഗണന കൂടാതെ അന്തസ്സോടെ പരമാവധി സന്തോഷകരമായ ജീവിതം നയിക്കുവാന്‍ അര്‍ഹനാണെന്ന പരമമായ സത്യത്തിന്റെ സാര്‍വ്വലൗകിക അംഗീകരമായി മനുഷ്യാവകാശ പ്രഖ്യാപനത്തെ കാണാം.
മനുഷ്യന്റെ മൂല്യങ്ങളും അന്തസ്സുമാണ്‌ മൗലികാവകാശങ്ങളിലൂടെ ലഭ്യമാകുന്നത്‌. സര്‍വ്വ മനുഷ്യരും ആദരണീയരും ബഹുമാനിതരുമാണെന്ന ചിന്തയ്ക്കും അതനുസരിച്ചുള്ള പ്രവൃത്തിക്കും ഈ അവകാശങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നു.
എവിടെ മനുഷ്യന്‍ തലകുനിച്ച്‌ നില്‍ക്കാന്‍ ഇടവരുന്നുവോ അവിടെ മനുഷ്യന്റെ മഹത്വം ചോരുന്നു. മനുഷ്യന്റെ മഹത്വം ഇടിച്ചു താഴ്ത്തുന്നിടത്തെല്ലാം മനുഷ്യാവകാശ ലംഘനങ്ങളും ഉണ്ടാകും.
ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പു നല്‍കുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും അന്തസ്സിനും ഉള്ളതും മാനുഷികവുമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയില്‍ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുന്‍നിര്‍ത്തി രൂപം നല്‍കിയിട്ടുള്ള സ്ഥാപനമാണ്‌ ദേശീയ മനുഷ്യാവകാശകമ്മീഷന്‍. 1993-ല്‍ നിലവില്‍ വന്ന മനുഷ്യാവകാശ സംരക്ഷണനിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിക്കുകയാണ്‌ കമ്മീഷന്റെ ചുമതല.
മനുഷ്യാവകാശലംഘനം സംബന്ധിച്ചോ അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിനു വിധേയനായ വ്യക്തിയോ വിഭാഗമോ നല്‍കുന്ന പരാതിയിന്മേലോ അതു സംബന്ധമായി ലഭിക്കുന്ന വിവരത്തിന്‍മേല്‍ നേരിട്ടോ അന്വേഷണം നടത്തുക, മനുഷ്യാവകാശ ലംഘനം സംബന്ധിച്ച കോടതി നടപടികളില്‍ കക്ഷി ചേരുക, ജയിലുകള്‍, സംരക്ഷണാലയങ്ങള്‍, പുനരധിവാസകേന്ദ്രങ്ങള്‍, ചികിത്സാലയങ്ങള്‍ മുതലായവ സന്ദര്‍ശിക്കുകയും പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും അവിടങ്ങളിലെ അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക. ഭരണഘടനാപരവും നിയപരവുമായി നിലവിലുള്ള മനുഷ്യാവകാശ പരിരക്ഷാ സംവിധാനങ്ങളുടെ നിര്‍വ്വഹണവും ഫലപ്രാപ്തിയും വിലയിരുത്തി യുക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുക, മനുഷ്യാവകാശധ്വംസനങ്ങള്‍, അതിക്രമങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ മുതലായവ സംബന്ധിച്ചു നിരീക്ഷണം നടത്തി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക, മനുഷ്യാവകാശം സംബന്ധിച്ച അന്തര്‍ദ്ദേശീയ കരാറുകള്‍, പ്രഖ്യാപനങ്ങള്‍ മുതലായവ വിശലകനം ചെയ്തു പ്രായോഗിക നടപടികള്‍ നിര്‍ദ്ദേശിക്കുക, മനുഷ്യാവകാശം സംബന്ധിച്ച ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുക തുടങ്ങിയവയാണ്‌ ചുമതല.
കമ്മീഷന്റെ നടപടിക്രമങ്ങള്‍ക്ക്‌ 1908-ലെ സിവില്‍ നടപടി നിയമം അനുശാസിക്കുന്നതും ഒരു സിവില്‍ കോടതിക്കുള്ളതുമായ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും.
കക്ഷികളെയും സാക്ഷികളെയും വിളിച്ചുവരുത്തുക, പ്രതിജ്ഞ ചൊല്ലി മൊഴിയെടുക്കുക, രേഖകള്‍ ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്യുക, നേരിട്ടോ പ്രതിനിധികള്‍ മുഖേനയോ തെളിവെടുക്കുക. ഇതര കോടതികളില്‍നിന്നോ ഓഫീസുകളില്‍ നിന്നോ പൊതുരേഖകള്‍ ആവശ്യപ്പെടുക എന്നിവ കമ്മീഷന്റെ അധികാര പരിധിയില്‍ വരുന്നതാണ്‌. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അതേ അധികാരങ്ങള്‍ തന്നെയാണ്‌ സംസ്ഥാന കമ്മീഷനുകള്‍ക്കുമുള്ളത്‌.
മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുമ്പോള്‍ അവയെ സംബന്ധിച്ച പരാതി ധ്വംസനങ്ങള്‍ക്ക്‌ ഇരയായ വ്യക്തിക്കോ അയാള്‍ക്കുവേണ്ടി മറ്റാര്‍ക്കെങ്കിലുമോ സമര്‍പ്പിക്കാം. പരാതിക്കു പ്രത്യേകം രൂപം നിഷ്കര്‍ഷിക്കുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി കമ്മീഷനു ബോധ്യപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി കമ്മീഷനു ഭരണകൂടത്തോടു ശിപാര്‍ശ ചെയ്യാം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, ജോലി സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊക്കെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെ പരിശോധിച്ച്‌ നടപടിയെടുക്കാന്‍ കമ്മീഷനധികാരമുണ്ട്‌.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിലാസം- National Human Rights Commission, Sardar Patel Bhavan, Sansad Marg, New Delhi110001, Ph: 911123346245.. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വിലാസം- സെക്രട്ടറി, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, അര്‍ക്കനിലയം, എം.പി.അപ്പന്‍ റോഡ്‌, വഴുതക്കാട്‌, തിരുവനന്തപുരം- 14. ഫോണ്‍: 04712336522, 2337263......

Views: 297

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service