പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസ സത്യങ്ങള്‍

പരിശുദ്ധ കന്യകാമാതാവിനെക്കുറിച്ചു കത്തോലിക്കാസഭ പഠിപ്പിക്കുന്ന ചില വിശ്വാസസത്യങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കാനുള്ള എളിയ പരിശ്രമമാണീക്കുറിപ്പു്.

ദൈവത്തിനമ്മയോ? സകലവും സൃഷ്ടിചെയ്തവനു് അമ്മയുടെ ആവശ്യമെന്ത്? തുടങ്ങിയ ചോദ്യങ്ങളുമായി ചിലരെങ്കിലുമൊക്കെ നെറ്റി ചുളിക്കാറുണ്ട്. തന്റെ പരസ്യജീവിതകാലത്തു്, ഈശോ മാതാവിനെ പരിഗണനയിലെടുത്തില്ലെന്നും അമ്മയ്ക്കൊരു സ്ഥാനവും നല്കിയിരുന്നില്ലെന്നും സ്ഥാപിക്കാന്‍ ചില  തിരുവചനങ്ങളും അക്കൂട്ടര്‍ ഉദ്ധരിക്കാറുണ്ട്; അല്ലെങ്കില്‍ സാത്താന്‍ ചില തിരുവചനങ്ങള്‍ ഇവരുടെ നാവിലേക്കു നല്കാറുണ്ട്.

യോഹന്നാന്‍ 19:26 യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നത് കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ ഇതാ നിന്റെ മകന്‍ തുടങ്ങിയ വചനങ്ങള്‍ ഉദാഹരണങ്ങളാണു്.

 

ഈശോയെ പരീക്ഷിക്കുമ്പോഴും സാത്താന്‍ തിരുവചനങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നു നമുക്കറിയാം. ലൂക്ക 4: 10-11ല്‍ നമ്മള്‍ അതു വായിക്കുന്നുണ്ട്. തൊണ്ണൂറ്റൊന്നാം സങ്കീര്‍ത്തനത്തിലെ പതിനൊന്നും  പന്ത്രണ്ടും തിരുവചനങ്ങള്‍ - നിന്നെക്കാത്തുപാലിക്കാന്‍ ആവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ പാദം കല്ലില്‍ തട്ടാത്തിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചു കൊള്ളും    ഉദ്ധരിച്ചു കൊണ്ടാണു സാത്താന്‍ യേശുവിന്റെ മുന്നില്‍ നിന്നതു്.

 

ആദ്യം പറഞ്ഞ വചനങ്ങള്‍  പ്രാര്‍ത്ഥനാപൂര്‍വ്വം പരിശോധിച്ചാല്‍, അവ മാതാവിനെ അവഹേളിക്കുന്നവയല്ലയെന്നു നമുക്കു വ്യക്തമാകും.  നമുക്കെല്ലാമറിയാം,  നാലാംപ്രമാണം മാതാപിതാക്കളെ ബഹുമാനിക്കണമെന്നാണു്. പ്രഭാഷകന്റെ പുസ്തകം മൂന്നാമദ്ധ്യായത്തില്‍ മുഴുവനായും മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പ്രതിപാദിക്കുന്നു.  മാതാപിതാക്കളെ ബഹുമാനിക്കാന്‍ കല്പന നല്കിയ ദൈവംതന്നെ അവരെ അവഹേളിക്കേണ്ടതിനു മാതൃകയാകുമോ? അങ്ങനെ നമ്മള്‍ ചിന്തിക്കുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ?

 

മുകളില്‍ ഉദ്ധരിച്ച തിരുവചനങ്ങളില്‍ സ്ത്രീ എന്നു മാതാവിനെ വിശേഷിപ്പിക്കുന്നതു ദൈവം വാഗ്ദാനം ചെയ്ത രണ്ടാമത്തെ ഹവ്വയായ സ്ത്രീ തന്റെ അമ്മ തന്നെയാണെന്നു പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ്. (ഉല്പത്തി 3:15

 

വെളിപാടുപുസ്തകത്തിന്റെ പന്ത്രണ്ടാദ്ധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീയും മറിയം തന്നെ. 

 

ഗലാത്തിയര്‍ക്കുള്ള ലേഖനത്തില്‍ പൌലോസ് ശ്ലീഹാ ഇങ്ങനെ പറയുന്നു: "എന്നാല്‍ കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീ യില്‍ നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു." (ഗലാ. 4:4എല്ലാ മനുഷ്യരും സ്ത്രീയില്‍ നിന്നു ജനിച്ചവരാണ്. ദൈവം തന്റെ പുത്രനെയയച്ചു അവന്‍ ഭൂമിയില്‍ ജാതനായി എന്നു പറഞ്ഞാല്‍ കാര്യം വ്യക്തമാകില്ലേ? എന്നാല്‍ അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി എന്നു ശ്ലീഹ എടുത്തു പറയുന്നതു് ഉല്പത്തിപുസ്തകത്തിലും വെളിപാടുപുസ്തകത്തിലും പരാമര്‍ശിക്കപ്പെടുന്ന സ്ത്രീയിലേക്കു തന്നെയാണു വിരല്‍ ചൂണ്ടുന്നതു്‌.

 

യോഹന്നാന്‍ 2:4  യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത് എന്ന വചനഭാഗം ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സ്ത്രീയേഇനിയും നമ്മള്‍ തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? എനിക്കും നിനക്കുമെന്തു്? എന്റെ സമയമിനിയുമായിട്ടില്ല എന്നു മന്ദഹാസത്തോടെ പറയുന്ന ഈശോയേ ആണ് ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നമ്മള്‍ കാണുന്നതു്.   പണ്ടു ഞാന്‍ നിന്റേതു മാത്രമായിരുന്നു, ഞാന്‍ അനുസരിച്ചു, നിനക്കു കീഴ്വഴങ്ങി ജീവിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ ദൌത്യത്തിന്റേതാണു് എന്ന സന്ദേശമാണു് ഈ വചനങ്ങള്‍ നല്‍കുന്നതെന്നു് ഈശോ വിശദീകരിക്കുന്നു

 

കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗ്ഗ രാജ്യത്തിന് യോഗ്യനല്ല. (ലൂക്ക 9:62)  ഈശോ പറയുന്നു, ഞാന്‍ കലപ്പയില്‍ കൈവച്ചു കഴിഞ്ഞു; നിലം ഉഴുതുമറിക്കാനല്ല, മനുഷ്യരുടെ ഹൃദയങ്ങള്‍ തുറക്കുവാന്‍. അവിടെ ദൈവവചനം വിതയ്ക്കുവാന്‍. ...

 

യഥാര്‍ത്ഥത്തില്‍ തന്റെ സമയം ആകാതിരുന്നിട്ടു കൂടി, കാനായില്‍ ഈശോ അമ്മയ്ക്കുവേണ്ടി തന്റെ ദൈവികശക്തി വെളിവാക്കുകയായിരുന്നു ചെയ്തതു്. മേരി എന്താണു ചെയ്തതെന്നു നമ്മള്‍ യോഹന്നാന്‍ 2:5ല്‍ വായിക്കുന്നു. അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ തന്റെ സമയം ആയിട്ടില്ല എന്നു യേശു പറയുമ്പോഴും തന്റെ പുത്രന്റെ മനസ്സു വായിക്കാന്‍ അറിയുമായിരുന്ന മേരിക്കു്  സംഭവിക്കാന്‍ പോകുന്നതെന്താണെന്നതു വ്യക്തമായിരുന്നു. തന്റെ സമയം ആകാതിരുന്നിട്ടുപോലും അമ്മയ്ക്കു വേണ്ടി യേശു അത്ഭുതം പ്രവര്‍ത്തിച്ചു. പച്ചവെള്ളം വീഞ്ഞായി മാറി.  മേരി എല്ലായ്പ്പോഴും എന്താണു നമ്മളോടു പറയുന്നതെന്നു് യോഹന്നാന്‍ 2:5 വ്യക്തമാക്കുന്നു. യേശു നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിന്‍ എന്നു മാത്രമാണു പരിശുദ്ധ അമ്മ ആവശ്യപ്പെടുന്നതു്. ദൈവത്തിന്റെ സമയം നേരത്തേയാക്കുവാന്‍ മേരിയുടെ പ്രാര്‍ത്ഥനകള്‍ക്കാവുമെന്നുകൂടി വ്യക്തമാക്കുന്നു, കാനായിലെ സംഭവങ്ങള്‍ .

 

ഈശോ പറയുന്നു, നിങ്ങള്‍ മേരിയോടു നന്ദിപറയുവിന്‍ അത്ഭുതം പ്രവര്‍ത്തിക്കുന്ന ഗുരു നിങ്ങളുടെ അടുത്തു വരാന്‍ കാരണം മേരിയാണ്. വഴിയും സത്യവും ജീവനുമായ യേശുവിലേക്കുള്ള വഴികാട്ടിയാണ് എപ്പോഴും പരിശുദ്ധയമ്മ. 

 

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ എലിസബത്താണു് മറിയത്തെ ആദ്യമായി ” എന്റെ കര്‍ത്താവിന്റെ അമ്മ എന്നഭിസംബോധന ചെയ്യുന്നത്.  പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ എലിസബത്ത്, സ്വന്തം സഹോദരിയുടെ മകളെ കണ്ടപ്പോള്‍ പറയുന്നതെന്താണ്?

 

എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്കെവിടെ നിന്നു് ?"(ലൂക്ക 1: 43)".

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവര്‍ക്കു മാത്രമേ മറിയത്തെ കര്‍ത്താവിന്റെ അമ്മ എന്നു വിളിക്കാന്‍ സാധിക്കുകയുള്ളൂ.

 

മറിയത്തെ ദൈവത്തിന്റെ അമ്മയെന്നു വിളിക്കുമ്പോള്‍ അവളുടെ പുത്രന്‍ ദൈവമാണെന്നു നമ്മള്‍ ഏറ്റുപറയുന്നുദൈവമാതാവിലുള്ള വിശ്വാസമധഃപതിക്കുമ്പോള്‍ ദൈവപുത്രനിലുംദൈവപിതാവിലുമുള്ള ഉള്ള വിശ്വാസവും  അധഃപതിക്കുക തന്നെയാണു ചെയ്യുന്നതു്.

 

യോഹന്നാന്‍ 14:9 യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നിട്ടും പീലിപ്പോസേ, നീയെന്നെ അറിയുന്നില്ലേ? എന്നെക്കാണുന്നവന്‍ പിതാവിനെ കാണുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം സത്തയില്‍ ഏകനാണു്. അതിനാല്‍ യേശുക്രിസ്തുവിനെ ഉദരത്തില്‍ വഹിച്ചു പ്രസവിച്ച കന്യകാമേരി ദൈവമാതാവു തന്നെയാണു്.

 

എ.ഡി431ലെ എഫേസൂസ് സൂനഹദോസാണു മറിയത്തിന്റെ ദൈവമാതൃത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതു്സഭ അതു നിരന്തരം നമ്മെ അനുസ്മരിപ്പിക്കുന്നു.

 

നിത്യകന്യകയായ മേരി

 

മത്തായി. 1:25 പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല.

മത്തായി. 12:47 ഒരുവന്‍ അവനോടു പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്ക്കുന്നു. (മര്‍ക്കോസ് 3: 31 -32; ലൂക്ക 8: 20-21)

 

പരിശുദ്ധയമ്മ നിത്യകന്യകയല്ലയെന്നു സ്ഥാപിക്കാന്‍ നിരന്തരം ഉദ്ധരിക്കപ്പെടുന്ന തിരുവചനങ്ങളാണിവ. നമുക്കു്  ഈ തിരുവചനങ്ങളുടെ സാംഗത്യമൊന്നു പരിശോധിക്കാം.

 

 മത്തായി. 1:25 പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല.

 

ഈ വചനം പുത്രനെ പ്രസവിച്ചതിനു ശേഷം മേരിയും ജോസഫും തമ്മില്‍ ശാരീരികമായ ബന്ധമുണ്ടായി എന്നു സൂചിപ്പിക്കുന്നുണ്ടോ? മരിക്കുന്നതുവരെ ഒരുവള്‍ക്കു മക്കളുണ്ടായിരുന്നില്ല എന്നു പറഞ്ഞാല്‍ മരണശേഷം അവള്‍ക്കു മക്കളുണ്ടായി എന്നതിനര്‍ത്ഥമുണ്ടോ? താഴെ സൂചിപ്പിച്ചിട്ടുള്ള വചനങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ.

 

2 സാമുവേല്‍ 6:23 സാവൂളിന്റെ പുത്രി മിഖാല്‍ മരണം വരെയും സന്താന രഹിതയായിരുന്നു. 

1 തിമോത്തിയോസ് 4:13 ഞാന്‍ വരുന്നത് വരെ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്കുന്നതിലും അദ്ധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം

1 തിമോത്തിയോസ് 6:14 കര്‍ത്താവായ യേശു പ്രത്യക്ഷപ്പെടുന്നത് വരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യൂനമായും നീ കാത്തു പാലിക്കണം.

 

മിഖാലിന്റെ പുത്രിക്കു മരണശേഷം മക്കള്‍ ഉണ്ടായി എന്നോ ശ്ലീഹ മടങ്ങി വന്നാല്‍ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്കുന്നതിലും അദ്ധ്യാപനത്തിലും ശ്രദ്ധവേണ്ടന്നോ കര്‍ത്താവായ യേശു പ്രത്യക്ഷപ്പെട്ടാല്‍ പ്രമാണങ്ങള്‍ കാത്തുപാലിക്കെണ്ടതില്ലെന്നോ ഒന്നും മേല്പറഞ്ഞ വചനങ്ങള്‍ അര്‍ത്ഥമാക്കുന്നില്ലല്ലോ! പരാമര്‍ശിക്കപ്പെടുന്ന കാര്യത്തിനു ഊന്നല്‍ നല്‍കുന്നതിനുള്ള ഒരു ഭാഷാപ്രയോഗം മാത്രമാണ് ഈ വചനങ്ങളിലുള്ളത്.  അതുപോലെ യേശുക്രിസ്തു കന്യകാജാതനാണെന്ന സത്യമൂന്നിപ്പറയാനുള്ള ഒരു ഭാഷാശൈലി മാത്രമാണു പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല. (മത്തായി. 1:25) എന്ന വചനത്തില്‍ കാണുന്നതു്.

 

മത്തായി. 12:47 ഒരുവന്‍ അവനോടു പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്കുന്നു. (മര്‍ക്കോസ് 3: 31 -32; ലൂക്ക 8: 20-21)

സ്വന്തം മാതാപിതാക്കളില്‍ ജനിച്ചവര്‍ മാത്രമാണോ സഹോദരര്‍ എന്നതുകൊണ്ടു വിവക്ഷിക്കപ്പെടുന്നതു്? വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നു തന്നെയുള്ള ചില ഉദാഹരണങ്ങള്‍ നമുക്കു നോക്കാം.

ഉല്പത്തി 13:8 അബ്രാം ലോത്തിനോട് പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്മാര്‍ തമ്മിലും കലഹം ഉണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്മാരാണ്.

ഉല്പത്തി 12:5 അബ്രാം ഭാര്യ സാറായിയേയും സഹോദര പുത്രന്‍ ലോത്തിനേയും കൂടെ കൊണ്ടുപോയി.

 ഈ രണ്ടു വചനങ്ങള്‍ സഹോദരപുത്രനെ സഹോദരന്‍ എന്നു വിളിക്കുന്നതിനുദാഹരണമാണു്.

 

ഫിലമോന്‍ 1:16ല്‍ പൌലോസ് ശ്ലീഹാ ഒനേസിമോസിനെക്കുറിച്ച് പറയുന്നു, ഇനി ഒരു ദാസനായിട്ടല്ല, അതിലുപരി ലൌകികമായും കര്‍ത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു

കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനങ്ങളിലുടനീളം വിശ്വാസി സമൂഹത്തെ പൌലോസ് ശ്ലീഹാ സഹോദരര്‍ എന്നാണഭിസംബോധന ചെയ്യുന്നതു്. ക്രിസ്തു വിശ്വാസത്തില്‍ നിലനില്കുന്നവരെയെല്ലാം  സഹോദരര്‍ എന്ന പദം കൊണ്ടാണു വിശുദ്ധഗ്രന്ഥം വിശേഷിപ്പിക്കുന്നതെന്നു ഇതില്‍ നിന്നും നമുക്കു മനസ്സിലാക്കാം.

 

മത്തായി 28:10 യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ചെന്ന്‍ എന്റെ സഹോദരന്മാരോട് ഗലീലിയിലേക്ക് പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക. 

മത്തായി 28:16 യേശു നിര്‍ദ്ദേശിച്ചതു പോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്ക് പോയി ഇവിടെ യേശു തന്റെ ശിഷ്യരെ സഹോദരരെന്നു വിളിക്കുന്നതായി നമ്മള്‍ കാണുന്നു.


അപ്പോള്‍ ഒരു കൂട്ടര്‍ ചോദിക്കുന്നു: ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, യൂദാസ്, ശിമയോന്‍ എന്നിവരല്ലേ സഹോദരന്മാര്‍ ? മത്തായി 13:55   (മാര്‍ക്കോസ് 6:3) 

 

 ഈ ചോദ്യം ഉന്നയിച്ചവര്‍ക്കു്  ഇടര്‍ച്ചയുണ്ടായിരുന്നുവെന്നു തുടര്‍ന്നുള്ള തിരുവചനങ്ങള്‍  തന്നെ പറയുന്നുണ്ടു്. എങ്കിലും ഈ വചനത്തില്‍ ഈശോയുടെ സഹോദരര്‍ ആയി പറയുന്ന വ്യക്തികളെക്കുറിച്ചു വിശുദ്ധഗ്രന്ഥത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉള്ള പരാമര്‍ശങ്ങള്‍ കൂടി നമുക്കു പരിശോധിക്കാം.

 

മത്തായി 10: 3 ഹല്‍പൈയുടെ പുത്രനായ യാക്കോബും യേശുവിന്റെ ശിഷ്യനായിരുന്നു. - വിശുദ്ധ യൌസേപ്പിന്റെ അനുജനാണ് ഹല്‍പൈ (അല്‍ഫേയൂസ് എന്നു ഇംഗ്ലീഷ് ബൈബിള്‍ ) എന്നു ദൈവമനുഷ്യന്റെ സ്നേഹഗീത പറയുന്നു. ജോസഫ്, ശിമയോന്‍ , ചെറിയ യാക്കോബ്, യൂദാസ് തദേവൂസ് ഇവര്‍ നാലുപേരും അല്‍ഫേയൂസിന്റെ മക്കളായിരുന്നുവെന്ന് ദൈവമനുഷ്യന്റെ സ്നേഹ ഗീതയില്‍ കാണാം..

 

ഈശോയുടെ കുരിശിന്‍ ചുവട്ടില്‍ സന്നിഹിതരായിരുന്ന സ്ത്രീകള്‍ ആരെല്ലാമെന്നു വിശുദ്ധ മത്തായി പറയുന്നു. അക്കൂട്ടത്തില്‍ മഗ്ദലന മറിയവും യാക്കോബിന്റെയും ജോസഫിന്‍റേയും അമ്മയായ മറിയവും സെബദീപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.  മത്തായി 27:56

 

മര്‍ക്കോസ് 15:40 ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലനമറിയവും യോസേയുടേയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

 

യോഹന്നാന്‍ 19:25 യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്കുന്നുണ്ടായിരുന്നു.

ഈ നാലു തിരുവചനങ്ങളിലും യോസേയുടെയും(ജോസഫ്) ചെറിയ യാക്കോബിന്റെയും അമ്മയായ മറിയത്തെക്കുറിച്ചു പറയുന്നു.

 

യൂദാസ് 1:1ല്‍ ഇങ്ങനെ വായിക്കുന്നു: യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാസ്

 

അതായത് മത്തായി 13:55ലും  മാര്‍ക്കോസ് 6:3ലും പറയുന്ന നാലില്‍ മൂന്നു പേരും മേല്പറഞ്ഞ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അവരാരും തന്നെ ഈശോയുടെ അമ്മയായ മറിയത്തിന്റെ പുത്രന്മാരല്ലെന്നും ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. അപ്പോസ്തലനായ രണ്ടാമത്തെ യാക്കോബ് സെബദിയുടെ പുത്രനാണ്. (മത്തായി 20: 20-28; മാര്‍ക്കോസ് 10:35-38 സെബദീ പുത്രന്മാരുടെ അഭ്യര്‍ത്ഥന.)

 

അപ്പോള്‍  യേശുവിന്റെ സഹോദരന്മാര്‍ എന്നു സുവിശേഷങ്ങളില്‍ സൂചിപ്പിക്കുന്നവര്‍ ആരും തന്നെ കന്യാമേരിയുടെ മക്കള്‍ അല്ലായെന്നു തിരു വചനത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം.

 

ഹേറോദേസിന്റെ മരണത്തിനുശേഷം കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനേയും അമ്മയേയും കൂട്ടി ഇസ്രയേല്‍ ദേശത്തേക്കു മടങ്ങുക. ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചു കഴിഞ്ഞു (മത്തായി 2:19-20 ) യൌസേപ്പിന് മറിയത്തില്‍ മറ്റു മക്കള്‍ ഉണ്ടായിരുന്നെങ്കില്‍ അവരേക്കുറിച്ചും ദൂതന്‍ പറയുമായിരുന്നില്ലേയേശുവിന് 12വയസ്സുള്ളപ്പോള്‍ ദേവാലയത്തില്‍ വച്ചു കാണാതായി അന്വേഷിക്കുമ്പോഴും മറ്റുമക്കളെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തില്‍ പരാമര്‍ശമില്ല. (ലൂക്കായുടെ സുവിശേഷം രണ്ടാമദ്ധ്യായം

 

മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നത് എഴുന്നേറ്റ് നിന്റെ ഭാര്യയേയും കൂട്ടി എന്നല്ലശിശുവിനേയും അമ്മയേയും കൂട്ടി എന്നാണ്. (മത്തായി 2:13; മത്തായി 2:19പഴയ നിയമത്തില്‍ സോദോം ഗോമോറയെ ദൈവം നശിപ്പിക്കുന്നതിനു മുമ്പായി ദൈവദൂതന്‍ ലോത്തിനോടു  പറയുന്നതു്  എഴുന്നേറ്റ് ഭാര്യയേയും പെണ്മക്കള്‍ രണ്ടുപേരേയും കൂട്ടി വേഗം പുറപ്പെടുക (ഉല്പത്തി 19:15എന്നാണു്. അപ്പോള്‍ വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ കാണുന്ന  ശിശുവിനേയും അമ്മയേയും കൂട്ടി എന്നുള്ള പരാമര്‍ശം തെളിയിക്കുന്നത് മേരി അവന്റെ യഥാര്‍ത്ഥ്യത്തിലുള്ള അമ്മയാണെന്നാണു്. യേശുവിനെ കൂടാതെ മറ്റുമക്കള്‍ മേരിക്കുണ്ടായിരുന്നെങ്കില്‍ അവരുടെ കാര്യവും ദൈവദൂതന്‍ സൂചിപ്പിക്കുമായിരുന്നു.

 

ലൂക്കാ 1:34ല്‍ ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ എന്ന മേരിയുടെ ചോദ്യത്തിന്റെയര്‍ത്ഥമെന്താണു്? മേരിയും ജോസഫും തമ്മില്‍ വിവാഹനിശ്ചയം കഴിഞ്ഞിരിക്കയാല്‍ അവര്‍ വൈകാതെ വിവാഹിതരാകുമെന്നു മേരിക്കറിവുള്ളതല്ലേ?

 

1 കോറിന്തോസ് 7:37 എന്നാല്‍ ആത്മസംയമനം പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും തന്റെ കന്യകയെ, കന്യകയായിത്തന്നെ സൂക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നെങ്കില്‍ അവന്റെ പ്രവൃത്തി ഉത്തമമാണ്.  

 

വിവാഹവാഗ്ദാനം ചെയ്തതിനു ശേഷവും കന്യകാത്വവും ബ്രഹ്മചര്യവും കാത്തുപാലിക്കുന്ന ദമ്പതിമാര്‍ അക്കാലത്തു യഹൂദര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പൌലോസ് ശ്ലീഹ ഇങ്ങനെ ഒരു പരാമര്‍ശം നടത്തില്ലായിരുന്നല്ലോ. വിവാഹവാഗ്ദാനം ചെയ്ത നീതിമാനായ ജോസഫും കന്യകയായ മറിയവും ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നുവെന്നു തന്നെയാണു നമ്മള്‍ കരുതേണ്ടതു്. അല്ലെങ്കില്‍ ലൂക്കാ 1:34ല്‍ കാണുന്ന ചോദ്യം കന്യകാമേരി ദൈവദൂതനോടു ചോദിക്കുമായിരുന്നില്ല.

 

ഏശയ്യാ പ്രവചനമനുസരിച്ചു കന്യകയായ മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചുവെങ്കിലും പ്രസവത്തില്‍ കന്യകാത്വം നഷ്ടപ്പെട്ടു എന്നു പഠിപ്പിക്കുന്ന ചില സഭാ വിഭാഗങ്ങളുണ്ട് കന്യാമറിയം ഗര്‍ഭം ധരിച്ചതു സ്വാഭാവിക രീതിയിലല്ല, അതുകൊണ്ട് തന്നെ കന്യക പുത്രനെ പ്രസവിച്ചതും സ്വാഭാവിക രീതിയിലാകില്ല.

 

യോഹന്നാന്‍ 20: 19-29 വ്യാഖ്യാനിക്കുന്ന വിശുദ്ധ അഗസ്റ്റിന്‍ ജനലും വാതിലും തകര്‍ക്കാതെ മുറിയില്‍ അടച്ചിരുന്ന ശിഷ്യന്മാരുടെ മധ്യേ ശരീരത്തോടെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷനാവുകയും ചെയ്ത ഉത്ഥിതനായ ഈശോയുടെ ദൃഷ്ടാന്തം അവതരിപ്പിച്ച് കന്യാത്വം നഷ്ടപ്പെടാതെ തന്നെ മറിയം ഈശോയെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തുവെന്നുവിശദീകരിക്കുന്നു.

 

.ഡി649ല്‍ ലാറ്ററന്‍ സുനഹദോസില്‍ വച്ചു തിരുസഭ  മാതാവു നിത്യകന്യകയാണെന്നു പ്രഖ്യാപിക്കുകയും ഇപ്പോഴും പഠിപ്പിക്കുകയും ചെയ്യുന്നു. 

 

മാതാവിന്റെ അമലോത്ഭവം

 

വിശുദ്ധ ബൈബിളില്‍ പരാമര്‍ശമില്ലെന്നാണു പരാതി.

 

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം മറിയത്തിനു നല്‍കിയ അതിവിശിഷ്ട ദാനങ്ങളില്‍ ഒന്നാണുമറിയത്തിന്റെ അമലോത്ഭവംമറിയം തന്റെ അമ്മയായ അന്നയുടെ ഉദരത്തില്‍ ഉത്ഭവിച്ച അതേ നിമിഷം തന്നെ ദൈവം അവള്‍ക്കു പാപരഹിതമായവരപ്രസാദമുള്ള ആത്മാവിനെ സമ്മാനിച്ചുഅങ്ങനെ ഉത്ഭവപാപത്തില്‍ വീഴാതെ രക്ഷിച്ചു.

ഇതിനുപോല്‍ബലകമായി തിരുസഭ നമുക്കു രണ്ടുവ്യക്തികളെ കാണിച്ചു തരുന്നുണ്ട്. ജറമിയായും സ്നാപകയോഹന്നാനുമാണിവര്‍.. ക്രിസ്തുവിന്റെ മുന്നോടിയായ യോഹന്നാനെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ദൈവം ശുദ്ധീകരിച്ചു (ലൂക്കാ 1:15,41മാതാവിന്റെ ഉദരത്തില്‍ ജെറമിയായ്ക്ക് രൂപം നല്‍കുന്നതിനു മുമ്പേ ദൈവം ജെറമിയായെ അറിഞ്ഞുജനിക്കുന്നതിനു മുമ്പേ ദൈവം ജെറമിയായെ വിശുദ്ധീകരിച്ചു (ജെറ 1:4-5). ജെറമിയായെയുംയോഹന്നാനെയും ജനിക്കുന്നതിനുമുമ്പ് ദൈവം വിശുദ്ധീകരിച്ചെങ്കില്‍ ദൈവപുത്രന്റെ അമ്മയാകാന്‍ അനാദിയിലെ തിരഞ്ഞെടുക്കപ്പെട്ടവളെ ദൈവം ജനിക്കുന്നതിനുമുമ്പേ വിശുദ്ധീകരിക്കില്ലെ?

 

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീത്വൈക ദൈവമാണു  സകലവും സൃഷ്ടിച്ചു പരിപാലിക്കുന്നത്. തന്റെ അമ്മയെ സൃഷ്ടിച്ചതും അതേ ദൈവം തന്നെയാണ്.  യോഹന്നാന്‍ 14:9 യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടു  കൂടെ ആയിരുന്നിട്ടും പീലിപ്പോസേ നീയെന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം സത്തയില്‍ ഏകനാണ്. 

 

ലൂക്ക 1:28ലെ ദൈവകൃപ നിറഞ്ഞവളെ എന്ന ദൂതന്റെ അഭിസംബോധന,  ദൂതന്‍  പ്രത്യക്ഷപ്പെടുന്നതിനുമുമ്പേ മറിയം കൃപ നിറഞ്ഞവളാണെന്നതിനു ദൃഷ്ടാന്തമാണ്. അല്ലെങ്കില്‍ തന്നെ തന്റെ അമ്മയാകേണ്ടവളെ ദൈവം ജനനത്തിലേ വിശുദ്ധീകരിച്ചു എന്ന്‍ വിശ്വസിക്കാതിരിക്കാന്‍ എന്താണ് ന്യായമുള്ളത്?

 

1854 ഡിസംബര്‍ 8നാണ് പീയൂസ് 9-ാമന്‍ മാതാവിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതെങ്കിലും തിരുസഭയുടെ ആരംഭകാലം മുതലേ വിശ്വാസികളായ നമ്മുടെ പിതാക്കന്മാര്‍ വിശ്വസിച്ചിരുന്ന സത്യമാണിത്. (1854 ലെ 'വിവരണാതീതനായ ദൈവംഎന്ന തിരുവെഴുത്ത്). 

 

ശരീരത്തോടെയുള്ള സ്വര്‍ഗ്ഗാരോഹണം

 

അപ്പസ്‌തോലന്മാര്‍  പഠിപ്പിച്ചതും അന്നുമുതലേ സാര്‍വ്വത്രിക സഭയില്‍ വിശ്വസിച്ചിരുന്നതുമായ ഒരു സത്യമാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണം. തനിക്ക് ഉദരത്തില്‍ ഇടം നല്‍കിയവളെ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ ഇടം നല്കി ആദരിച്ചു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണു്.

 

ദൈവത്തിനുപ്രിയങ്കരനായി ജീവിച്ച ഹെനോക്ക് സ്വര്‍ഗ്ഗത്തിലേക്കു  സംവഹിക്കപ്പെട്ടു (ഉല്‍പ 5:24, ഹെബ്രായര്‍ 11:5). 

ഏലിയാ ഒരു ചുഴിലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ന്നു (2 രാജ 2:11). 

 

ദൈവത്തിനു പ്രിയങ്കരനായി ജീവിച്ച ഹെനോക്ക് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെങ്കില്‍, ഏലിയാ മരണം കാണാതെ സംവഹിക്കപ്പെട്ടുവെങ്കില്‍ കര്‍ത്താവ്  അരുളിചെയ്ത കാര്യങ്ങള്‍ നിറവേറും എന്ന് വിശ്വസിച്ച ഭാഗ്യവതിയായ മറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുക എത്രയോ യുക്തം!

 

പാപത്തിന്റെ ശിക്ഷയാണ് മരണം (ഉല്പത്തി 2: 17). പാപം പിശാചില്‍ നിന്നും വരുന്നുദൈവപുത്രന്റെ അമ്മ പാപത്തിന്റെ (പിശാചിന്റെഅടിമയായാല്‍ ദൈവത്തിന്റെ മുമ്പില്‍ പിശാച് ഞെളിഞ്ഞു നില്‍ക്കില്ലേ? ദൈവകുമാരന്റെ അമ്മയെ പിശാചിനു സ്പര്‍ശിക്കാന്‍ പോലും കഴിയില്ലഅതുകൊണ്ടുതന്നെ മാതാവിന് സ്വാഭാവികമരണം ഉണ്ടാകില്ല.

 

 1950 ആഗസ്റ്റ് 15നു പിയൂസ് 12-ാമന്‍ മാര്‍പാപ്പയാണു മറിയം സ്വര്‍ ‍ഗ്ഗാരോഹിതയാണെന്ന വിശ്വാസസത്യം പ്രഖ്യാപിച്ചതു്.

 

സ്വര്‍ഗ്ഗ രാജ്ഞിയായ മേരി

 

പരിശുദ്ധ കത്തോലിക്കാ സഭ മേരിയെ  മാലാഖമാരുടെ രാജ്ഞി എന്നും,സ്വര്‍ഗ്ഗരാജ്ഞി  എന്നും സംബോധന ചെയ്യുന്നു.

 

(വെളിപാട് 12:1 "സ്വര്‍ഗ്ഗത്തില്‍ വലിയ ഒരു അടയാളം കാണപെട്ടു,സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ,അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം!

 

"അവള്‍ ഗര്‍ഭിണിയായിരുന്നു, പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു.ഇരുമ്പുദണ്ഡു കൊണ്ട് ഭരിക്കാനുള്ളവന്‍ ആണവന്‍  " (വെളിപാട്12;2-5) 

ഈ പരമാര്‍ശത്തിലെ ആണ്‍കുട്ടി  ഈശോ ആണെന്ന് സമ്മതിക്കുന്നവര്‍ ഈ അമ്മയെ അവഗണിക്കുന്നതെന്തേ?

 

(1 കോറിന്തോസ് 6;3ദൂതന്മാരെ വിധിക്കേണ്ടവരാണ് നാം എന്ന് നിങ്ങള്‍ക്ക് അറിഞ്ഞു കൂടെ? വിശ്വാസികളായ നമ്മള്‍ ദൈവേഷ്ടമനുസരിച്ചു ജീവിച്ചാല്‍ ഒരിക്കല്‍ മാലാഖമാരുടെ വിധികര്‍ത്താക്കള്  ആകുമെങ്കില്‍ ഈശോയുടെ അമ്മ മാലാഖമാരുടെ രാജ്ഞി ആവാതെ പോകുന്നതെങ്ങനെ?

സ്വര്‍ഗ്ഗഭൂലോകങ്ങളുടെ രാജാവായ യേശുക്രിസ്തുവിനെ ഉദരത്തില്‍ വഹിച്ചു പ്രസവിച്ചു വളര്‍ത്തിയ ദൈവമാതാവാണ് മേരി. ദാവീദിന് വാഗ്ദാനം ചെയ്യപെട്ട രാജ്യമാണ് ക്രിസ്തുവിന് നല്‍കപ്പെടുന്നത്!(ലൂക്കാ 1:31-33അത് വ്യക്തമാക്കുന്നു! നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും,നീ അവന് യേശു എന്ന് പേരിടണം,അവന്‍ വലിയവനായിരിക്കും,അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും! അവന്‍റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും!യാക്കോബി ന്റെ ഭവനത്തിന്മേല്‍ അവന്‍ ഭരണം നടത്തുംഅവ ന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല! പുത്രന്‍ രാജാവാണെങ്കില്‍ അമ്മ രാജ്ഞിതന്നെയാണ് എന്നു 1 രാജ 15:13, 2 രാജ .24:12 തുടങ്ങിയ വചനങ്ങളിലൂടെ നമ്മള്‍ കാണുന്നു.

 

സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയുംസഹോദരനുംസഹോദരിയും (മത്തായി 12:46-50 മാര്‍ക്കോസ് 3:31-35 ലൂക്കാ 8 :19 -21) എന്നു യേശു പറയുമ്പോള്‍ മംഗളവാര്‍ത്ത മുതല്‍ മറിയം ചെയ്തുവന്നതിനെ പ്രഖ്യാപിക്കുകയും അംഗീകരിക്കുകയുമാണ്. കുരിശിന്‍ചുവട്ടില്‍ ദൈവപുത്രന്‍ തന്റെ അമ്മയെ യോഹന്നാനിലൂടെ മനുഷ്യകുലത്തിനു മുഴുവന്‍ നല്‍കുമ്പോള്‍ (യോഹന്നാന്‍ 19 :26-27രക്ഷാകരദൌത്യത്തില്‍ തന്നോടൊപ്പം സഞ്ചരിച്ച സഹരക്ഷകയാണ് അവള്‍ എന്നു കൂടി വിളംബരം ചെയ്യുന്നു.

 

 ഫലത്തില്‍ നിന്നും വൃക്ഷത്തെ അറിയുക. 

ഒന്നുകില്‍ വൃക്ഷം നല്ലതു്, ഫലവും നല്ലതു് . അല്ലെങ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍ ഫലത്തില്‍ നിന്നാണു വൃക്ഷത്തെ മനസ്സിലാക്കുന്നതു്. (മത്തായി 12:33)

Views: 518

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on November 14, 2014 at 5:53
നന്ദി ജോ. ജപമാല മാസത്തിന്റെ സമാപന ദിനത്തില്‍ ഞങ്ങളുടെ ചെറിയ കൂട്ടായ്മയിൽ സംസാരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ്. കൂടുതല്‍ പേരിലേക്കെത്തുന്നത് നന്നായിരിക്കും എന്ന ചിന്തയില്‍ ഇവിടെ പോസ്റ്റ് ചെയ്തതാണ്.
Comment by Jo Kavalam on November 13, 2014 at 5:44

Very nice article brother, God bless you.

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service