നോമ്പ് തിരിച്ച് നടക്കാനുള്ള സമയമാണ്

നോമ്പ് തിരിച്ച് നടക്കാനുള്ള സമയമാണ്. നമ്മുടെ വിശ്വാസജീവിതത്തിൽ പറ്റിപ്പോയ എല്ലാ അഴുക്കുകളെയും കണ്ടറിഞ്ഞ് ദൈവത്തിങ്കലേക്കുള്ള ഒരു മടക്കയാത്ര… (ലൂക്കാ 15:18). എന്നെ സ്‌നേഹിക്കുന്ന എന്റെ ദൈവത്തെ തിരിച്ചറിയാൻ തക്കവണ്ണം സുബോധമുണ്ടാകേണ്ട ദിവസങ്ങൾ (ലൂക്കാ 15:17). ക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കേണ്ട കാലഘട്ടം.

ഈ അമ്പതുദിവസവും സഹനത്തിലൂടെ കടന്നുപോയിട്ടും ക്രിസ്തുവിനൊപ്പം മുന്നേറിയവരെക്കുറിച്ച് നമുക്ക് ചിന്തിക്കാം. അവരുടെ വഴിത്താരകൾ നമ്മുടെ ജീവിതത്തെയും ധന്യമാക്കട്ടെ.

ഇന്ന് നാം കാണുന്നത് കോൺവെന്റിന്റെ അടുക്കളയല്ലാതെ പുറംലോകം കാണാതിരുന്ന ഒരു സ്ത്രീയെ ദൈവം അളവില്ലാത്ത വിധം എടുത്തുപയോഗിച്ച് വഴികളെക്കുറിച്ചാണ്. നിരക്ഷരയായ ഈ അടുക്കളജോലിക്കാരി ഇന്ന് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വചനപ്രഘോഷകയാണ്. കർണാടകയിലെ ‘ധർമ്മസ്ഥല’ സ്വദേശിനിയായ ഫിലോ കരേടൻ എന്ന കേവലം അടുക്കളക്കാരി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പറന്ന് നടന്ന് ദൈവവചനം പങ്കുവയ്ക്കുന്നു. അവളുടെ വാക്കുകൾക്കായി സമൂഹത്തിലെ റ്റവും ഉയർന്ന വിഭാഗത്തിൽപ്പെട്ടവർ പോലും കേൾക്കാൻ കാതോർക്കുന്നു. ഈ വിഭൂതി ദിനത്തിൽ ഈശോയിലേക്ക് നോക്കാൻ ഫിലോയുടെ ജീവിതം നമുക്കും പ്രചോദനമാകുമെന്ന് തീർച്ചയാണ്.

1968 അവസാനമാണ് കിളിയന്തറ ആരാധനാമഠത്തിൽ അടുക്കള ജോലിക്കാരിയായി ഫിലോ എത്തുന്നത്. 1980 വരെ അവിടുത്തെ സിസ്റ്റേഴ്‌സിന് ആഹാരമൊരുക്കുക മാത്രമായിരുന്നു ഏക തൊഴിൽ. ഇതിനിടയിൽ കിഡ്‌നികൾക്ക് മാരകരോഗം ബാധിച്ച് ശരീരം മുഴുവൻ നീരുവന്ന് വീർത്ത് തീവ്രവേദനയോടെയാണ് ഫിലോയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. പരിശോധിച്ച ഡോ.തോമസ് മാത്യു തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി. ”രണ്ട് വൃക്കകളും നശിച്ചു. വൈദ്യശാസ്ത്രത്തിന് ഇതിൽ കൂടുതലൊന്നും ചെയ്യാനാവില്ല…..” അങ്ങനെ മരണത്തോട് മല്ലിട്ട് 1982 മാർച്ച് വരെ മുന്നോട്ടുപോയി. തുടർന്ന് ജീവിതത്തെ മുഴുവൻ മാറ്റിമറിച്ച ഒരനുഭവം ഫിലോക്കുണ്ടായി. ആ അനുഭവം ഫിലോയുടെ വാക്കുകളിലൂടെ.

”എന്നെ കാണാനെത്തിയ ഒരു സിസ്റ്റർ ഞാൻ ധ്യാനം കൂടണമെന്ന് നിർദേശിച്ചു. വൃക്കകൾ നശിച്ച് മരണത്തെ മുഖാമുഖം ദർശിച്ച എനിക്ക് ധ്യാനം കൂടുവാൻ ആഗ്രഹമുണ്ടെങ്കിലും രോഗംമൂലം കഴിയുമായിരുന്നില്ല. ആ വർഷം മാർച്ച് മാസത്തിൽ മരുതോങ്കര പള്ളിയിൽ ഫാ.ജോസ് പാലാട്ടി നയിക്കുന്ന ഒരു ധ്യാനം ഉണ്ട്. അതിൽ എന്നെയും പങ്കെടുപ്പിക്കാനാണ് സിസ്റ്റർ ആഗ്രഹിച്ചത്. എന്നെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറും ഈ ധ്യാനത്തിൽ സംബന്ധിക്കുവാൻ അനുവാദം നൽകി. അങ്ങനെ മരിക്കാൻ ഒരുങ്ങിയാണ് ഞാൻ ധ്യാനത്തിനെത്തുന്നത്. മൃതദേഹത്തിൽ ധരിപ്പിക്കാനുള്ള വസ്ത്രം, തലയിൽ വെക്കാനുള്ള പുഷ്പമുടി എല്ലാം ഞാൻ നേരത്തെ തന്നെ തയ്യാറാക്കി സിസ്റ്റേഴ്‌സിനെ ഏൽപ്പിച്ചിരുന്നു. ഈ സമയത്താണ് അറിയുന്നത് ധ്യാനമില്ലെന്നും, അച്ചന് സുഖമില്ലാതെ ആശുപത്രിയിലാണെന്നും. മനസിൽ പ്രയാസമുണ്ടെങ്കിലും സിസ്റ്റേഴ്‌സ് എന്നെ ഒരു പ്രാർത്ഥനാഗ്രൂപ്പിൽ കൊണ്ടുപോയി. ആദ്യമായിട്ടാണ് ഞാൻ ആ പ്രാർത്ഥനാഗ്രൂപ്പിൽ പോകുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അവിടുത്തെ പ്രാർത്ഥനകളിൽ സജീവമായി സംബന്ധിച്ചു. ഈ സമയത്ത് ഒരു ദിവസം പ്രാർത്ഥിക്കുന്നതിനിടയിൽ അത്ഭുതകരമായ ഒരു ദൃശ്യം ഞാൻ കണ്ടു.

ഞാൻ കിടക്കുന്ന മുറിയിലേക്ക് നല്ല തടിയുള്ള നീളമുള്ള ഒരു മനുഷ്യൻ കയറിവരുന്നു. അദ്ദേഹം വലതുകൈ എന്റെ നേരെ നീട്ടി. കൈവെള്ളയ്ക്കുള്ളിൽ ഒരു ചുവന്ന പൊട്ടുകുത്തിയതുപോലുള്ള പാട് എനിക്ക് കാണാം. അദ്ദേഹം സ്‌നേഹത്തോടെ എന്നെനോക്കി. എന്തോ പറയാൻ വെമ്പുന്നതുപോലെ ആ അധരം കാണപ്പെട്ടു. പിറ്റേന്നും ഇതേപോലെ ദർശനം കണ്ടു. അന്ന് ഈ മനുഷ്യന്റെ ഇടതുകൈയിൽ ഒരു ചെറിയ തടിക്കഷണവും, വലതുകൈയിൽ കശുവണ്ടിപ്പരിപ്പുപോലുള്ള ഒരു വസ്തുവും ഒപ്പം സൂചിയും നൂലുമായാണ് വന്നത്. തടിക്കഷണം താഴ്ത്തിപ്പിടിച്ച് ആ കശുവണ്ടിപ്പരിപ്പുപോലുള്ള വസ്തു എന്നിൽ തയിച്ചുചേർക്കാൻ ശ്രമിക്കുന്നതുപോലെ. ഈ അവസ്ഥയിൽ എനിക്ക് വേദന അനുഭവപ്പെട്ടില്ലെങ്കിലും എല്ലുകൾക്കെല്ലാം ഒരു ചലനം. ഞാൻ അപ്പോൾ ‘എന്റെയീശോ’ എന്നുരുവിട്ടുകൊണ്ടിരുന്നു. എന്റെ ചുറ്റും നിന്നവർ എന്നോട് എന്തു സംഭവിക്കുന്നുവെന്ന് ചോദിച്ചു. ഞാൻ സംഭവിച്ചതെല്ലാം അവരോട് പറഞ്ഞു.

പിറ്റേന്ന് രാവിലെ പ്രാർത്ഥനാഗ്രൂപ്പിലുള്ള 15-ഓളം പേരുടെ മദ്ധ്യത്തിൽവച്ച് ഗ്രൂപ്പ് ലീഡർ എന്റെ കൈയിൽ ഒരു മലയാളം ബൈ ബിൾ എടുത്തുതന്നു. അന്നുവരെ ഒരു അക്ഷരംപോലും ഞാൻ വായിച്ചിട്ടില്ല. ബൈബിൾ തുറന്ന് വായിക്കുവാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ‘എനിക്ക് വായിക്കാനറിയില്ല’ എന്ന് ഞാൻ പറഞ്ഞെങ്കിലും അദ്ദേഹം എന്നോട് വീണ്ടും വായിക്കാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്. അതനുസരിച്ച് ഞാൻ വിശുദ്ധഗ്രന്ഥം തുറന്നപ്പോൾ യോഹന്നാന്റെ സുവിശേഷം രണ്ടാം അദ്ധ്യായമാണ് ലഭിച്ചത്. ഞാനത് വായിക്കാൻ തുടങ്ങി. ലീഡറും എന്നെ സഹായിച്ചുതന്നു. ആ അദ്ധ്യായം മുഴുവൻ ഞാനങ്ങനെ വായിച്ചു.

പിന്നീട് ഞാൻ എന്റെ കോൺവെന്റിലേക്ക് മടങ്ങി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ എനിക്ക് വേദനയും നീരും കൂടുതലായി അനുഭവപ്പെട്ടു. ഒരു രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ ഞാനെണീറ്റ് ചാപ്പലിൽ പോയിരുന്നു. അവിടെയിരുന്ന് ഞാൻ വാവിട്ടു കരഞ്ഞു. ‘ഈശോയേ! നീയെന്താണ് എന്നെ കൊല്ലാഞ്ഞത്? ഞാനെന്ത് പാപം ചെയ്തിട്ടാണ് നീയെന്നെ ഇങ്ങനെ പീഡിപ്പിക്കുന്നത്?’ ഞാനിങ്ങനെയൊക്കെ പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നപ്പോൾ സക്രാരിക്കടുത്തുനിന്ന് ഒരു സ്വരം വ്യക്തമായി കേട്ടു. ”ഫിലോ എന്തിനാണ് നീ മരിക്കണമെന്ന് പറയുന്നത്?” അത് ദൈവസ്വരമാണെന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല. ഭയചകിതയായിപ്പോയ ഞാൻ ചാപ്പലിൽ നിന്ന് പെട്ടെന്ന് എണീറ്റ് പോകാൻ തുനിഞ്ഞു. എന്നാൽ വീണ്ടും അതേ സ്വരം തന്നെ മുഴങ്ങി. ”…..എനിക്ക് വേണ്ടി നീ കുറച്ച് നാൾ കൂടി ജീവിക്കുക…..ഇന്നു മുതൽ നീ മരുന്ന് കഴിക്കണ്ട.” ഭയസംഭ്രമത്തോടെ പെട്ടെന്ന് ഞാൻ ചാപ്പലിൽ നിന്നും ചാടിപ്പുറത്ത് കടന്നു. എന്റെ മുറിയിൽ വന്നിട്ടും എന്റെ മനസിനും ശരീരത്തിനുമെല്ലാം എന്തോ ഒരു അസ്വസ്ഥതപോലെ….നേരം വെളുത്തപ്പോൾ ഞാൻ തീരുമാനമെടുത്തു. ദൈവമാണ് എന്നോട് ഇക്കാര്യം പറഞ്ഞതെങ്കിൽ ഞാൻ ഗുളിക കഴിക്കില്ല; ഇഞ്ചക്ഷനും എടുക്കില്ല.

അത് ഒരു ദൈവികസന്ദേശം തന്നെയാണെന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു. പതിവായി എനിക്ക് ഇഞ്ചക്ഷൻ നൽകാനെത്തുന്ന സിസ്റ്റേഴ്‌സ് അടുത്ത മൂന്നുദിവസത്തേക്ക് എന്റെയടുത്ത് വന്നില്ല. ഞാൻ ആ സമയത്തൊന്നും ഗുളികയും കഴിച്ചില്ല. എനിക്ക് നോർമ്മൽ ആയതുപോലെ. വളരെ നാൾകൂടി അൽപം യൂറിനൊക്കെ പോകാനും തുടങ്ങി. ഒത്തിരി സന്തോഷത്തോടെ ഞാൻ മഠത്തിലെ സിസ്റ്റേഴ്‌സിനോട് ഇക്കാര്യം പറഞ്ഞു. അവർക്ക് ഈ വാർത്ത അവിശ്വസനീയമായിരുന്നു. എങ്കിലും എന്റെ ശാരീരികസൗഖ്യം ആഗ്രഹിച്ച അവർ നിർബന്ധപൂർവ്വം രണ്ടുദിവസം കൂടി ഇഞ്ചക്ഷൻ എടുത്തു. പിന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്കു വേണ്ടി കൊണ്ടുപോയി.

ഡോ.തോമസ് മാത്യു എന്നെ കണ്ടപ്പോഴേക്കും കാര്യങ്ങൾ എങ്ങനെയുണ്ടെന്നന്വേഷിച്ചു. ഗുളികയും ഇഞ്ചക്ഷനുമൊന്നും സ്വീകരിക്കാതിരുന്ന കാര്യം സിസ്റ്റേഴ്‌സ് ഡോക്ടറോട് പറഞ്ഞു. എല്ലാം കേട്ടശേഷം ഡോക്ടർ പറഞ്ഞു. ”ഫിലോയുടെ വിശ്വാസമല്ലേ…..നമുക്ക് കാണാം. സമയത്ത് ഭക്ഷണം കൊടുത്തുകൊള്ളുക. മരുന്നുകളൊന്നും തൽക്കാലം കൊടുക്കണ്ട. 15 ദിവസത്തിനുശേഷം വീണ്ടും വരണം.”

ആ 15 ദിവസത്തിനുള്ളിൽ എനിക്ക് പരസഹായമില്ലാതെ ദന്തശുദ്ധീകരണം നടത്താനും, മുടി ചീകാനും കഴിഞ്ഞു. വളരെ നാളുകൾക്ക് ശേഷമാണ് ഞാനീക്കാര്യങ്ങളൊക്കെ സ്വയം ചെയ്യുന്നത്.

15-ാം ദിവസം ഡോക്ടർ പറഞ്ഞതുപോലെ എന്നെയും കൂട്ടി അവർ മെഡിക്കൽ കോളജിൽ പോയി. ടെക്സ്റ്റുകളെല്ലാം നടത്തി. വീണ്ടും പരീക്ഷണത്തിനുവേണ്ടി ഒരു മാസത്തിനുശേഷം വരാൻ നിർദ്ദേശിച്ചു. ഈ ഒരു മാസത്തിനിടയിൽ ഞാൻ കുറച്ചുകൂടി ഊർജ്ജസ്വലമായി എല്ലാ കാര്യങ്ങളും ചെയ്യാൻ പഠിച്ചു. പരിശോധനയ്ക്കായി വീണ്ടുമെത്തിയപ്പോൾ ഡോക്ടറുടെ മുഖത്ത് അസാധാരണമായ പുഞ്ചിരി ഞാൻ കണ്ടു. പിന്നീട് ഞാൻ സിസ്റ്റേഴ്‌സിനും കുട്ടികൾക്കും കൗൺസലിംഗ് നടത്താനും, പ്രാർത്ഥന നയിക്കാനുമൊക്കെ തുടങ്ങി. പിന്നെയും നാളുകൾ കഴിഞ്ഞാണ് ഞാൻ ധ്യാനത്തിൽ സംബന്ധിക്കുന്നത്. 1982 ജൂലൈ അവസാനം ഫാ.മേമനയും തോമസ് മലേപറമ്പിലുമൊക്കെ ചേർന്ന് നടത്തുന്ന ഒരു ധ്യാനം. അവരെന്നോട് ധ്യാനത്തിനുശേഷം സാക്ഷ്യം പറയാൻ ആവശ്യപ്പെട്ടു. സാക്ഷ്യം പറയാൻ ജനക്കൂട്ടത്തിലേക്ക് തിരിഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ആദ്യമായി ഞാൻ സാക്ഷ്യം പറയുന്നത് ഇരിട്ടിയ്ക്കടുത്തുള്ള നെല്ലിക്കാംപൊയിൽ പള്ളിയിൽവച്ചാണ്. ഫാ.അഗസ്റ്റിൻ തുരുത്തിമറ്റമാണ് എന്നെ സാക്ഷ്യം പറയാൻ വിളിച്ചത്. തുടർന്ന് സി.ജെ.വർക്കിയച്ചൻ നയിക്കുന്ന ധ്യാനങ്ങൾക്ക് സഹായിക്കാൻ പോയി. ദൈവസ്‌നേഹം എന്ന വിഷയമാണ് ആദ്യമായി ക്ലാസിലൂടെ അവതരിപ്പിച്ചത്. പിന്നീട് ഫാ.ജോർജ് കളത്തിലിന്റെ ടീമിൽ സജീവമായിത്തീർന്നു.”

നിരക്ഷരയായ ഫിലോ ജർമ്മനിയിൽ മൂന്നുതവണ പല സ്ഥലങ്ങളിലായി വചനപ്രഘോഷണം നടത്തിയിരിക്കുന്നു. ഫ്രാൻസ്, റോം, മസ്‌ക്കറ്റ്, ഷാർജ, ദുബായ് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ദൈവവചനത്തിന്റെ അഗ്നി പടർത്താൻ ദൈവം ഫിലോയിലൂടെ കൃപ ചൊരിഞ്ഞിരിക്കുന്നു. ഭാരതത്തിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇവർ ആയിരങ്ങൾക്കു മുന്നിൽ വചനസാക്ഷ്യം നൽകിയിരിക്കുന്നു. ഒരു നിമിഷം കൊണ്ടല്ല ഫിലോ വചനപ്രഘോഷകയായി മാറിയത്. അതിന്റെ പിന്നിൽ നീണ്ട വർഷങ്ങളുടെ പിൻബലമുണ്ട്. 20-ഓളം അംഗങ്ങളുള്ള മഠത്തിലെ കുശിനിയിൽ അവർക്കായി ഭക്ഷണമൊരുക്കുമ്പോഴെല്ലാം അവരതൊരു പ്രാർത്ഥനയായി കണ്ടു. ചെയ്യുന്ന ഏത് പ്രവർത്തിയിലും ദൈവമഹത്വത്തെ പ്രകീർത്തിച്ചതിലൂടെ ഫിലോയെ ദൈവം അനുഗ്രഹിച്ചു.

വിദ്യാസമ്പന്നരുടെ മുന്നിൽ നിരക്ഷരയായി നിൽക്കുമ്പോൾ ഭയമോ, ആശങ്കയോ, അവരെ അലട്ടാറില്ല. ആ സമയത്ത് നിഷ്‌കളങ്കമായ പ്രാർത്ഥനയിലൂടെ ഫിലോ ദൈവത്തിൽ ശരണം തേടും. അങ്ങനെ ദൈവപിതാവിന്റെ പ്രചോദനം സ്വീകരിച്ച് ഫിലോ തകർന്ന മനസുകളെ പ്രത്യാശാഭരിതരാക്കുന്നു.

ദൈവം വിളിച്ചതും വേർതിരിച്ചതും പണ്ഡിതരെയല്ല, സാധാരണക്കാരെയാണ്. ഫിലോ കരേടൻ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഈ നോമ്പിന്റെ ആദ്യദിനത്തിൽ നമ്മുക്കും അഹങ്കാരത്തിന്റെയും സ്വാർത്ഥതയുടെയും ബിംബങ്ങളെ ഉടച്ചുകളയാം. അപ്പോൾ ദൈവം നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കുമെന്ന് തീർച്ചയാണ്.
”വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാൻവേണ്ടി ലോകദൃഷ്ട്യാ നിസാരങ്ങളായവയേയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെ തന്നെയും ദൈവം തെരഞ്ഞെടുത്തു. ദൈവസന്നിധിയിൽ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്” (1 കൊറി.1:27-29)

Views: 523

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service