മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെ .....(ജോ കാവാലം)

പത്താം ക്ളാസ്സിലെ മോഡൽ പരീക്ഷയുടെ ഒന്നാം ദിവസം കാവാലം എൻ. എസ് എസ് ഹൈ സ്കൂളിലെ പരീക്ഷാ മുറിയിൽ ഞാൻ തല ചുറ്റിവീണു. കൂട്ടുകാർ എന്നെ എടുത്തു തൊട്ടടുത്തുള്ള എന്റെ ആൽമ മിത്രവും ഇപ്പോൾ സീരിയൽ നടനുമായ കല്ലൂക്കളം സോജപ്പന്റെ (സോജപ്പൻ കാവാലം) വീട്ടിൽ കൊണ്ടുപോയി കിടത്തിയത് ഓർമ്മയുണ്ട്. ഉണരുമ്പോൾ അവന്റെ അമ്മയും മറ്റും എന്നെ ശുശ്രൂഷിക്കുന്നതാ കണ്ടത്. ഏട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് എന്നെ ബാധിച്ച ഒരു ഉദര രോഗത്തിന്റെ പരിണിത ഫലമായിരുന്നു ആ തല ചുറ്റൽ. ഹൈസ്കൂൾ പഠനം തുടങ്ങിയത് തന്നെ ആശുപത്രിയും മരുന്നുകളുമൊക്കെയായാണ്. ആയുർവേദവും അലോപ്പതിയും ഹോമിയോയും ഉൾപ്പടെ പല വിദഗ്ധ ഡോക്ടേഴ്സിനേം മാറി മാറി കണ്ടിട്ടും കാര്യമായ വ്യത്യാസം ഉണ്ടായില്ല. പഠനത്തിൽ ഭേദപ്പെട്ട ഒരു വിദ്യാർത്ഥിയായിരുന്ന എന്റെ പഠനത്തെ ഈ രോഗം വളരെ കാര്യമായി ബാധിച്ചു. ശക്തമായ വയറുവേദനയും, ഛർദിലും എന്നെ ആകെ തളർത്തി. തൈരും ചോറും മാത്രം ഭക്ഷണം. എരുവ് പുളി, എണ്ണ, പഴവർഗങ്ങൾ, പയറുവർഗങ്ങൾ എന്നിവ എല്ലാം നിഷിദ്ധം. സഹനത്തിന്റെ തീച്ചൂളയിൽ എനിക്ക് ആൽമ ധൈര്യം നല്കിയത് വി.അൽഫോൻസാമ്മയും, ചെറുപുഷ്പ മിഷൻ ലീഗെന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഭക്തസംഘടനയുമൊക്കെയാണ്.
എത്ര വേദനയുണ്ടായാലും സംഘടനാ പ്രവർത്തനം ഞാൻ തുടർന്ന് കൊണ്ടിരുന്നു. ഏതായാലും പത്താം ക്ളാസ്സിലെ പരീക്ഷ ഒരുവിധം എഴുതിക്കഴിഞ്ഞപ്പോൾ വീട്ടുകാർ എന്റെ രോഗവിവരം വളരെ കാര്യമായി പരിഗണിക്കുകയും പല വിദഗ്ധ ഡോക്ടർമാരെ കാണുകയും ചെയ്തു. ഇതിനിടയിൽ ഞാൻ പ്രീഡിഗ്രി പഠനത്തിനായി വിശ്വവിഖ്യാതമായ ചങ്ങനാശേരി എസ് ബി കോളേജിൽ ചേർന്നു . പഠനവും രോഗവും വേദനയും സംഘടനാ പ്രവർത്തനവും, ചികിത്സയുമൊക്കെ തുടർന്നുകൊണ്ടിരുന്നു. ഈ സമയം ഞാൻ ചെറു പുഷ്പ മിഷൻ ലീഗിന്റെ ചങ്ങനാശേരി അതിരൂപതാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു . ആലപ്പുഴ മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന അതിരൂപതയുടെ എല്ലാ കോണുകളിലും ഓടി നടന്നു പ്രവർത്തിക്കുമ്പോളും എന്റെ രോഗാവസ്ഥ മൂർച്ചിച്ചു കൊണ്ടിരുന്നു.പലപ്പോഴും ക്ലാസ്സുകളെടുക്കുംപോളും, പ്രസംഗിക്കുമ്പോളും മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോളുമൊക്കെ അതി ശക്തമായ വയറു വേദന സഹിക്ക വയ്യാതെ ഒരു കൈ കൊണ്ട് ഞാൻ എന്റെ വയറിൽ ശക്തമായി അമർത്തി കുത്തി പിടിക്കുക പതിവായിരുന്നു.
ഇതിനിടയിൽ ഉദരരോഗ വിദഗ്ധനായ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ എബ്രഹമിനെ കാണാൻ ഞാനും എന്റെ പാപ്പായും കൂടി പോയി. വിദഗ്ദ പരിശോധ ന്യ്ക്കു ശേഷം അദേഹം എന്നെ പുറത്തിറക്കി പപ്പയോടു മാത്രം സംസാരിച്ചു . ഡോക്ടറുടെ മുറിക്കു പുറത്തേക്കു ഏതാനും നിമിഷങ്ങൾക്ക് ശേഷം ഇറങ്ങി വന്ന പപ്പയുടെ കണ്ണുകളിലൂടെ കണ്ണുനീർ പൊടിച്ചി റങ്ങുന്നതു ഞാൻ കണ്ടു. അന്ന് മുതൽ 15 ദിവസം എന്നെ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ വിദഗ്ദ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തു. വളരെ പഴക്കം ചെയ്ത അൾസർ എന്ന മാരക രോഗമാണെനിക്കെന്നും രക്ഷപെടാനുള്ള സാധ്യത വളരെ വിരളമാണെന്നും ഒരു നഴ്സിലൂടെ ഞാൻ അറിഞ്ഞു. നിരാശയോ സങ്കടമോ ആ സമയം എന്നെ വേട്ടയാടിയില്ല. മരണത്തിനായി ഞാൻ ഒരുങ്ങിത്തുടങ്ങിയ ദിവസങ്ങൾ. ജില്ലാ ആശുപത്രിയിൽ നിന്നും സമയം കിട്ടുമ്പോളെല്ലാം ആലപ്പുഴ ബീച്ചിൽ പോയി വായനയിലും പ്രാർത്ഥനയിലും ധ്യാനത്തിലും വ്യാപൃതനായി. മരണത്തെ കുറിച്ചുള്ള ചിന്തകളാവണം എന്റെ സംസാരത്തിലും പെരുമാറ്റത്തി ലുമൊക്കെ വല്ലാത്ത മാറ്റങ്ങൾ ഉണ്ടായി പരമാവധി പ്രാർത്ഥിക്കുക, പരസഹായപ്രവർ ത്തികൾ ചെയ്യുക, തിന്മയിൽ നിന്നും അകന്നു നിൽക്കുക ഇതിനൊക്കെയുള്ള ബോധപൂർവ്വമുള്ള ഒരു ശ്രമം എന്റെ ഭാഗത്തു നിന്നുണ്ടായി. തീക്ഷണതയിൽ മാന്ദ്യം കൂടാതെ ഞാൻ എന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തികൊണ്ടിരുന്നു. അനുദിനം എന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരുന്നു. ശരീര ഭാരം നന്നായി കുറഞ്ഞു. വേദനയുടെ തീവ്രത ഓരോ ദിവസവും കൂടി കൊണ്ടേ ഇരുന്നു.
എന്റെ അവസ്ഥയിൽ പലരും എന്നോട് സഹതപിച്ചു എനിക്ക് വേണ്ടി പലരും പ്രാർത്ഥിച്ചു. എന്റെ ഇടവകയിലെ പ്രധാനികളിൽ ഒരാളായിരുന്ന നെടുംപറമ്പിൽ ദേവസ്യ സാർ അദേഹത്തിന്റെ സഹപാഠിയായ ഡോ ചെമ്മനം വർഗീസ് എന്ന കോട്ടയം മെഡിക്കൽ കോളേജിലെ അതി പ്രഗത്ഭ ഡോക്ടറെ ഒന്ന് കാണാൻ എന്നെ നിർബന്ധിക്കുകയും അദ്ദേഹം തന്നെ എന്റെയും പപ്പായുടേയും കൂടെ വന്നു ഡോക്ടറോട് സംസാരിക്കുകയും ചെയ്തു. 15 ദിവസത്തെ വിദഗ്ദ പരിശോധനകൾക്ക് ശേഷം എന്റെ ചെറുകുടലിന്റെ ഉൾഭാഗത്തെ കാർന്നു തിന്നു ദ്രവിപ്പിക്കുന്ന വളരെ മാരകമായ രോഗം (ഇപ്പോൾ ആ രോഗത്തിന്റെ പേരെനിക്കോർമയില്ല) കണ്ടുപിടിച്ചു. അന്ന് ലോകത്തിൽ 10 ലക്ഷം പേരിൽ ഒരാൾക്ക് വരുന്ന രോഗമാണിതെന്നും അത് കണ്ടെത്താൻ ഒരു മാസം കൂടി വൈകിയിരുന്നേൽ അത് മരണത്തിലേക്ക് നയിച്ചേനെ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ എന്നെ അതിരില്ലാതെ സ്നേഹിക്കുന്ന ദൈവത്തിനും, ദൈവത്തിന്റെ ഉപകരണമായി മാറിയ ഡോ ചെമ്മനം വർഗീസ്‌ സാറിനും നിറകണ്ണുകളോടെ നന്ദി പറയാൻ മത്രമേ എനിക്ക് കഴിഞ്ഞുള്ളു.
മൂന്ന് മാസത്തെ ചികൽസ കൊണ്ട് എന്നിലെ മാരകമായിരുന്ന ഉദര രോഗം പൂർണമായും സുഖപ്പെട്ടു. ഇത്രയും വർഷങ്ങളായി അന്ന് സുഖപെട്ട രോഗം പിന്നീടെന്നെ ഉപദ്രവിച്ചിട്ടില്ല. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് സംഭവിച്ച ഈ വലിയ ദൈവീക ഇടപെടലിനെക്കുറിച്ചുള്ള ഓർമ്മകൾ ഇന്നും ദൈവത്തോട് നന്ദിയും കടപ്പാടും ഉള്ളവനയിരിക്കാൻ എന്നെ സഹായിക്കുന്നു. മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെ നടക്കേണ്ടി വന്നാലും ദൈവം കൂടെ ഉണ്ടെങ്കിൽ യാതൊരു വിധ ഭയപ്പാടിന്റേയും ആവശ്യമില്ല എന്ന വലിയ ബോധ്യവും ദൈവം എനിക്ക് തന്നു.

Views: 267

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service