റിയോ ഒളിമ്പിക്സിലെ കാരുണ്യ സ്പർശം.(ജോ കാവാലം)

റിയോ: മനസിലെ നന്മയാൽ പ്രകാശം പരത്തിയ നിക്കി ഹാംബ്ലിൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ‘സ്പോർസ് വുമൻ’ സ്പിരിറ്റിന്റെയും, സഹാനുഭൂതിയുടെയും ഉത്തമ മാതൃകയാണ് ന്യൂസിലാന്‍ഡിന്റെ നിക്കി ഹാംബ്ലിൻ കാഴ്ച്ചവെച്ചത്.

വനിതകള്‍ക്കായുള്ള 5000 മീറ്റര്‍ ഓട്ടമത്സരത്തിൽ അമേരിക്കയുടെ അബെ ഡിഅഗോസ്റ്റിനോ എന്ന താരം ന്യൂസിലാന്‍ഡിന്റെ നിക്കി ഹാംബ്ലിന്റെ കാലില്‍ തട്ടി വീണതിനെ തുടര്‍ന്നായിരുന്നു അപൂർവ്വ കാഴ്ചയ്ക്ക് ലോകം സാക്ഷ്യം വഹിച്ചത്.

താഴെ വീണ അഗ്നോസ്റ്റിനോയെ കൈപിടിച്ച്‌ എഴുന്നേല്‍പ്പിച്ച നിക്കി സഹതാരത്തെ സഹായിക്കാനായി ഒരു വേള മത്സരം മറന്നു. സെക്കന്‍ഡിന്റെ ഓരോ അംശത്തിനും വിലയുള്ള കടുത്ത മത്സര വേളയിലാണ് നിക്കി ഈ ദയാവായ്പ് പ്രകടിപ്പിച്ചത്.

ഇരുതാരങ്ങളും മത്സരത്തിന്റെ 3000 മീറ്റര്‍ പിന്നിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനിടയിലായിരുന്നു ഇന്നലെ ഈ വീഴ്ചയുണ്ടായത്. അടുത്തടുത്തായി കുതികുതിക്കുന്ന വേളയില്‍ നിക്കിയുടെ കാലിന്റെ ഉപ്പൂറ്റിയില്‍ തട്ടിയിട്ടായിരുന്നു അഗോസ്റ്റിനോ നിലത്തേക്ക് ഇടറി വീണത്.

മെഡല്‍ നേട്ടത്തിനായി സഹതാരത്തെ അവഗണിക്കാത്ത നിക്കിയുടെ ഉദാരമനസ്കതയ്ക്ക് സ്വര്‍ണ്ണ മെഡലിനേക്കാള്‍ തിളക്കമേറി. ഇരു വനിതാ താരങ്ങളും ശ്രദ്ധേയമായ സഹവര്‍ത്തിത്വമാണ് പ്രകടിപ്പിച്ചത്. തല്‍ഫലമായി മെഡല്‍ നേടിയ താരങ്ങളേക്കാൾ ശ്രദ്ധ ഇവര്‍ക്ക് ലഭിച്ചു.

വീഴ്ചയില്‍ പരുക്കേറ്റതിനാല്‍ വേദന കടിച്ച്‌ പിടിച്ച്‌ വേച്ച്‌ വേച്ചായിരുന്നു അവര്‍ എഴുന്നേറ്റ് നടന്നിരുന്നത്. എങ്കിലും ഓട്ടം തുടര്‍ന്നു. 15;04;35 മിനുറ്റ് സമയമെടുത്ത് അല്‍മാസ് അയനയാണ് മത്സരത്തില്‍ വിജയിച്ചിരിക്കുന്നത്. സഹതാരത്തെ സഹായിക്കാന്‍ സമയമെടുത്തിട്ടും നിക്കി 16;43 മിനുറ്റ് സമയമെടുത്ത് ലക്ഷ്യത്തിലെത്തി. അഗോസ്റ്റിനോ 17;10;02 മിനുറ്റ് സമയമെടുത്ത് ലക്ഷ്യത്തിലെത്തി.

ലക്ഷ്യസ്ഥാനത്തെത്തിയ ഇരുതാരങ്ങളും തങ്ങളുടെ സ്നേഹം വീണ്ടും പ്രകടിപ്പിച്ചു. അഗോസ്റ്റിനോ വീല്‍ ചെയറിലാണ് മടങ്ങിയതെങ്കിലും, നിക്കിയുടെ നന്മ ഹബ്ലിന്റെ മുഖത്ത് സംതൃപ്തമായ ചിരിയുടെ തിളക്കം നൽകി.

മത്സരത്തിനിടയില്‍ വീണ് പോയെങ്കിലും, വെള്ളിയാഴ്ച നടക്കുന്ന 5000 മീറ്റര്‍ ഫൈനലില്‍ മത്സരിക്കാനായി ഇരുതാരങ്ങളെയും ശുപാർശ ചെയ്തിട്ടുണ്ട്. ഈ താരങ്ങളുടെ സ്നേഹഗാഥ ഒളിമ്പിക്‌സ് ചരിത്രത്തിൽ മാത്രമല്ല, മാനവ സ്നേഹത്തിന്റെ ഉദാത്തമായ ഏടുകളിലും ഇടം നേടുമെന്ന് ഉറപ്പാണ്.

Views: 340

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service