ദൈവത്തിൻറെ അഭിഷിക്തരെ വിധിക്കാൻ നാം യോഗ്യരോ?

ആരോ ഫോർവേഡ് ചെയ്ത കുറെ ലേഖനങ്ങളാണ് എന്നെ ഇങ്ങനെയെല്ലാം ചോദിക്കാൻ പ്രേരിപ്പിക്കുന്നത്.  ഔട്ട്‌ലുക്ക്‌ മാസികയിൽ കേരള സഭയെപ്പറ്റി വന്ന ചില ലേഖനങ്ങളും സഭവിട്ടിറങ്ങേണ്ടി വന്ന സിസ്റ്റർ മേരി ചാണ്ടിയുടെയും പുരോഹിതനായിരുന്ന ഷിബു കാലമ്പറമ്പിലിന്റെയും അഭിമുഖ സംഭാഷങ്ങളും ചില മലയാള സിനിമകളുടെ സംഭാഷണങ്ങളും അവിടെ കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ കുടുംബ സിനഡിൽ ബിഷപ്പുമാരെ ദത്തെടുത്തു പ്രാർത്ഥിക്കാൻ അപേക്ഷിച്ചു കൊണ്ട് സമീപിച്ചപ്പോൾ ചിലരിൽ നിന്നെങ്കിലും വന്ന പ്രത്യുത്തരങ്ങൾ വല്ലാതെ വിഷമിപ്പിച്ചു.  പുരോഹിതർ എങ്ങനെ ആയിരിക്കണമെന്നും എന്താവരുതെന്നുമെല്ലാം ഇതേപ്പറ്റി വലിയ ഗവേഷണം നടത്തിയ മാതിരി വലിച്ചു വാരി എഴുതിയിരുന്നു.    പള്ളി വികാരിമാരുടെയും സന്യസ്തരുടെയും ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ അക്കമിട്ട ചിലരുമുണ്ടായിരുന്നു.  രാവും പകലും കഷ്ടപ്പെട്ട യാമ പ്രാർത്ഥനകളിലൂടെയും, ഉപവാസത്തിലൂടെയും നോമ്പാചരണങ്ങളിലൂടെയും   ക്രിസ്തു ശരീരത്തെ കെട്ടിപ്പടുക്കാൻ മുൻപേ നിന്ന കേരള സഭയുടെ അഭിനവ തലമുറകൾക്ക് ഇന്നുള്ള മറ്റൊരു സംശയം എന്ത് കൊണ്ട് എല്ലാ സഭാ ശ്രേഷ്ടന്മാരും നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയെപ്പോലെ ആകുന്നില്ല എന്നാണ്. 

കുറ്റം വിധിക്കാനായി ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റു നാലു വിരലുകളും  നമ്മുടെ നേരെയാണെന്നറിയാത്ത നമ്മോടു തന്നെ നാം ചില ചോദ്യങ്ങൾ ചോദിക്കാൻ ബാധ്യസ്ഥരല്ലേ? നമ്മുടെയെല്ലാം ജീവിതത്തിൽ പുരോഹിതർക്കും സമർപ്പിത ജീവിതർക്കും നാം നൽകിയിട്ടുള്ള സ്ഥാനമെന്താണ്?  എല്ലാ ആഘോഷങ്ങൾക്കും തുടക്കം കുറിക്കാനായി കർത്താവിന്റെ നാമത്തിൽ ആനാം വെള്ളം തളിക്കാനോ?  എന്ത് പാപം ചെയ്താലും ഒരു കുമ്പസാരത്തിലൂടെ അത് മാറുമെന്ന അഹങ്കാരത്തിനു കൂട്ടായി നിൽക്കാനോ? വിധവയുടെ നാണയത്തുട്ടിനു മറ്റാരുടെതിനെക്കാളും വില നൽകിയവനെ ആഘോഷങ്ങളുടെയും തിരുനാളുകളുടെയും പേരിൽ അതിശയിപ്പിക്കാനോ? സ്വാർത്ഥമായ വ്യക്തി താൽപര്യങ്ങളുടെ പേരിൽ പള്ളിക്കമ്മറ്റികളിൽ ഇരു വശങ്ങളിലും നിന്ന് വലിച്ച് അവരെ കുരിശിൽ കയറ്റാനോ?

വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും പറഞ്ഞു കേൾക്കുന്നില്ല നിങ്ങൾ മോശയെപ്പോലെയാകൂ എന്നോ അബ്രഹമിനെപ്പൊലെയാകൂ എന്നോ പത്രോസിനെയോ തോമസിനെയോ പോലെയാകൂ എന്നോ, മറിച്ച് നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിശുദ്ധനായിരിക്കുന്നത് പോലെ നിങ്ങളും പരിശുദ്ധരാകൂ എന്നാണ്.  പിന്നെയെന്തിനാണ് കല്ലെറിയാൻ പറഞ്ഞവരുടെ മുൻപിൽ കുനിഞ്ഞിരുന്നവൻറെ അനുയായികൾ എല്ലാ സമർപ്പിത ജീവിതക്കാരും വിശുദ്ധരാകണം എന്ന് വാശിപിടിക്കുന്നത്?  കരിസ്മാറ്റിക് നവീകരണത്തിൽ വന്നവർ പോലും പലപ്പോഴും കയ്യിൽ നിന്ന് വിട്ടുപോയാൽ തിരികെയെടുക്കാൻ സാധിക്കാത്ത വാക് ശരങ്ങൾ കൊണ്ട് അഭിഷിക്തരെ വേദനിപ്പിക്കാറുണ്ട് എന്നത് നാം മറക്കരുത്. മാതാപിതാക്കൾ നേർച്ച നേർന്നും, കുരിശുമല ചവിട്ടിയും ധ്യാനം കൂടിയും ഒക്കെ ലഭിച്ചിരിക്കുന്ന ജീവിത സൗകര്യത്തിൽ കഴിയുമ്പോൾ മുൻപോട്ടുള്ള ജീവിതം കർത്താവിന്റെ അഭിഷിക്തരുടെ പോരായ്മകൾ കണ്ടെത്താനായി മാറ്റി വെക്കുന്നവരോട് - മക്കളെപ്പറ്റി ഒത്തിരിയേറെ സ്വപ്നം കണ്ട മാതാപിതാക്കളുടെ കുട്ടികൾ തന്നെയാണവരും. മക്കൾക്കായി അവർ തിരഞ്ഞെടുത്തത് യോഗ്യം തന്നെയായിരുന്നു എന്ന് മനസ്സിലാക്കണമെങ്കിൽ ലൗകീകതയുടെ മൂടുപടങ്ങൾ മാറ്റി ദൈവീക പരിപാലനയെയും പദ്ധതികളെയും പറ്റി മനസ്സിലാക്കുവാനുള്ള ആല്മീയ തലത്തിലേക് നാം വളരണം.  

Views: 305

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service