മെക്‌സിക്കോയിലെ ലേഡി ഓഫ് ലൈറ്റ് എന്ന ദേവാലയത്തിലെ അത്ഭുത ഗോവണി


സാന്റാഫീ: ന്യൂ മെക്‌സികോയിലെ ലൊറീറ്റി ചാപ്പലില്‍ ഒരു കോണിപ്പടിയുണ്ട്. ശാസ്ത്ര കൗതുകമായി മാത്രമേ ഈ കോണിപ്പടിയെ വിളിക്കുവാന്‍ സാധിക്കൂ. എന്നാല്‍ എന്താണ് ഈ ശാസ്ത്രമെന്ന് ആര്‍ക്കും ഇതുവരെ മനസിലായിട്ടുമില്ല. രണ്ടു ചുറ്റലോടെ നിര്‍മ്മിക്കപ്പെട്ട ആറു മീറ്ററോളം പൊക്കമുള്ള ഈ കോണിപടി എങ്ങനെയാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ആര്‍ക്കും മനസിലായിട്ടില്ല. 1852-ല്‍ സാന്റാഫീയുടെ ബിഷപ്പിന്റെ കല്‍പ്പന പ്രകാരമാണ് ഔര്‍ ലേഡി ഓഫ് ലൈറ്റ് എന്ന ഈ ചാപ്പല്‍ നിര്‍മ്മിച്ചത്. 

സമീപത്തു തന്നെ ഉള്ള മഠത്തിന്റെ ആരാധനയ്ക്കു വേണ്ടിയാണ് ഈ ചാപ്പല്‍ നിര്‍മ്മിക്കപ്പെട്ടത്. മഠത്തിലെ കന്യാസ്ത്രീകള്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂളും ഇവിടെ നടത്തുന്നുണ്ടായിരുന്നു. ചാപ്പലിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ മാത്രമാണ് പണിക്കാര്‍ ആ പോരായ്മ ശ്രദ്ധിച്ചത്. ഗാനാലാപന സംഘത്തിനു വേണ്ടി തയ്യാറാക്കിയ ബാല്‍ക്കണിയിലേക്ക് കയറുവാന്‍ ഗോവണി നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ചാപ്പലിന്റെ ഡിസൈന്‍ വരച്ച ആന്റോണിയോ മൗലിയോട് ഇതിനെ കുറിച്ച് ചോദിക്കുവാന്‍ ചെന്നപ്പോഴേക്കും അദ്ദേഹം മരിച്ചു പോയിരുന്നു. ആകെ കുഴപ്പത്തിലായ കന്യാസ്ത്രീകള്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തില്‍ നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ചു. 

പാരമ്പര്യമായി പറയുന്നതനുസരിച്ച്, പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ചാപ്പലിന്റെ വാതിലില്‍ ഒരു മനുഷ്യന്‍ നില്‍ക്കുന്നത് കന്യാസ്ത്രീകള്‍ കണ്ടു. ആരും അടുത്ത മൂന്നു മാസത്തേക്ക് ചാപ്പലിലേക്കു കടന്നുവരാതെ നോക്കാമെങ്കില്‍ താന്‍ ബാല്‍ക്കണിയിലേക്ക് കയറുവാനുള്ള ഗോവണി നിര്‍മ്മിച്ചു നല്‍കാമെന്ന് അപരിചിതനായ ആ മനുഷ്യന്‍ പറഞ്ഞു. അയാളുടെ നിബന്ധന കന്യാസ്ത്രീകള്‍ അംഗീകരിച്ചു. ചാപ്പലിന്റെ വാതിലുകള്‍ എല്ലാം പൂട്ടി. അപരിചിതനായ മനുഷ്യന്‍ മാത്രം ചാപ്പലിനുള്ളില്‍ താമസിച്ചു പണികള്‍ നടത്തി.

ചില ദിവസങ്ങളില്‍ അദ്ദേഹം ചെറിയ ചില ആയുധങ്ങള്‍ കന്യാസ്ത്രീകളോട് ആവശ്യപ്പെട്ടു. അവര്‍ അത് എത്തിച്ചു നല്‍കി. അങ്ങനെ മൂന്നു മാസം കഴിഞ്ഞ ദിവസം കന്യാസ്ത്രീകള്‍ ചാപ്പലില്‍ വന്നു നോക്കി. മനോഹരമായ ഒരു ഗോവണി ബാല്‍ക്കണിയിലേക്ക് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ തറയില്‍ നിന്നും ആറു മീറ്ററില്‍ അധികം ഉയരത്തില്‍ പണിതിരിക്കുന്ന ഗോവണിക്ക് താങ്ങുകള്‍ ഒന്നും തന്നെയില്ല. ചുരുക്കി പറഞ്ഞാല്‍ അന്തരീക്ഷത്തില്‍ ഒരു ഗോവണി നില്‍ക്കുന്ന പ്രതീതി. സാധാരണ ഇത്തരം ഗോവണികള്‍ക്ക് നടുഭാഗത്ത് ഒരു താങ്ങ് നല്‍കാറുള്ളതാണ്. നിര്‍മ്മാതാവായ അപരിചിതനെ തിരക്കിയ കന്യാസ്ത്രീകള്‍ അദ്ദേഹത്തെ അവിടെ കാണാനില്ലെന്ന കാര്യവും പിന്നീട് മനസിലാക്കി. 

ഗോവണിക്കായി ഉപയോഗിച്ചിരിക്കുന്ന തടി ഈ പ്രദേശത്ത് കാണാത്ത ഒരു തരം മരത്തിന്റേതാണ്. ആണികളോ പശയോ ഗോവണിയുടെ നിര്‍മ്മാണത്തിനായി തച്ചന്‍ ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. അത്ഭുത ഗോവണിയുടെ പണിക്കാരനെ കണ്ടു പിടിക്കുവാന്‍ കന്യാസ്ത്രീമാര്‍ പല വഴിയും ശ്രമങ്ങള്‍ നടത്തി. പണിക്കൂലി വാങ്ങാതെ പോയ ആ തച്ചനെ ഓര്‍ത്ത് അവര്‍ ഏറെ നാള്‍ വ്യാകുലപ്പെട്ടു. പിന്നീട് ചാപ്പലിലെ ഈ അത്ഭുത ഗോവണി അവര്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തില്‍ സമര്‍പ്പിച്ചു. ഇന്നും അനേകരുടെ കണ്ണുകളുടെ അതിശയിപ്പിച്ച് കൊണ്ട് ഔര്‍ ലേഡി ഓഫ് ലൈറ്റ് ചാപ്പലിലെ കോവണി നിലനില്‍ക്കുന്നു. ഈ ചെറുചാപ്പലിലേക്ക് അനുദിനം നിരവധി ആളുകള്‍ എത്തുന്നുണ്ട്. 


Views: 304

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service