സത്താഭേദം: സത്യമെന്ത്?

പുരോഹിതർ ബലിയർപ്പിക്കുമ്പോൾ അപ്പത്തിലും വീഞ്ഞിലും സത്താഭേദം സംഭവിക്കുന്നുവെന്നും അത് ഇപ്രകാരമാണെന്നും കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: "അപ്പവും വീഞ്ഞും കൂദാശ ചെയ്യപ്പെടുമ്പോൾ അപ്പത്തിന്റെ മുഴുവൻ സത്തയും നമ്മുടെ കർത്താവായ ക്രിസ്തുവിന്റെ ശരീരത്തിന്റെ സത്തയാകുകയും, വീഞ്ഞിന്റെ മുഴുവൻ സത്തയും അവിടുത്തെ രക്തത്തിന്റെ സത്തയാകുകയും ചെയ്യുന്ന ഒരു മാറ്റം സംഭവിക്കുന്നു.'


കുർബാനയിലെ സത്താഭേദത്തിന് ബലം നല്കാൻ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം പലരും ഉദ്ധരിക്കുന്നതായി കാണുന്നു. ഇവിടെ 'എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട് ' എന്ന് കർത്താവ് ആവർത്തിച്ച് പറയുന്ന ഭാഗങ്ങളുണ്ട്. അവന്റെ കേൾവിക്കാരിൽ ഇത് അസ്വസ്ഥതയ്ക്കും തർക്കത്തിനും കാരണമായി. സ്വശരീരം എങ്ങനെ ഭക്ഷണമായി തരാൻ കഴിയും എന്ന് ചോദിച്ചു കൊണ്ട് പലരും അവനെ വിട്ടു പോയി. ശിഷ്യൻമാരും ആശയ കൊഴപ്പത്തിലായിരുന്നു. ഇത് മനസ്സിലാക്കിയ കർത്താവ് അവർക്ക് നല്കിയ വിശദീകരണം ശ്രദ്ധിക്കുക: "ആത്മാവാണ് ജീവൻ നല്കുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്." യോഹ 6:61
സത്താഭേദത്തിന് പ്രാധാന്യം കൊടുക്കുന്നവർ ഈ വചനഭാഗം അവഗണിക്കുന്നു. ഒന്നിനും ഉപകരിക്കാത്തതാണ് ശരീരമെങ്കിൽ അപ്പം കർത്താവിന്റെ ശരീരമായി 'ഭേദം' വന്നതുകൊണ്ട് എന്ത് പ്രയോജനം? വീഞ്ഞിന്റെ കാര്യത്തിലും ഇതേ ഫലശൂന്യതയല്ലേ? നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ എന്ന യേശുവിന്റെ ചോദ്യത്തിന് പത്രോസ് നല്കിയ മറുപടി "കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്" എന്നായിരുന്നു. തൊട്ടു മുൻപുവരെ തർക്ക വിഷയമായിരുന്ന ആ മാംസീയ ഭക്ഷണപാനീയങ്ങൾ സകലരും വിസ്മരിച്ചതെന്ത്? എന്തുകൊണ്ട് പത്രോസിനെ കർത്താവ് തിരുത്തിയില്ല? അതുവരെ എന്റെ ശരീരം യഥാർത്ഥ ഭക്ഷണം, എന്റെ രക്തം യഥാർത്ഥ പാനീയം. എന്ന് പറഞ്ഞ് കൊണ്ടിരുന്നവൻ നിത്യജീവന്റെ വചനങ്ങളിലേക്ക് പത്രോസിനെപ്പോലെ വഴി മാറിയതെന്ത്? പത്രോസ് തുടർന്ന് പറയുന്നത് ചിന്തനീയമാണ്. "നീയാണ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കന്നു." യോഹ 6:69
നീയാണ് ദൈവത്തിൽ നിന്നുള്ള വിശിഷ്ട ഭോജ്യം എന്നല്ല പത്രോസ് പറഞ്ഞത്.


വാക്കുകളുടെ ബാഹ്യകാഴ്ചകളിൽ തങ്ങി നില്ക്കാതെ ആന്തരാർത്ഥത്തിലേക്ക് ചുഴിഞ്ഞിറങ്ങി കുരിശിൽ പൂർത്തിയായ രക്ഷാകര പ്രവർത്തി മനസ്സിലാക്കേണ്ടി യിരിക്കന്നു.ഇതേ സുവിശേഷത്തിലെ സമാനമായ മറ്റ് വചനഭാഗങ്ങൾ പരിശോധിച്ചാൽ ഇതിന്റെ ആവശ്യകത ബോധ്യമാകും.


1. നശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്യാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുവിൻ... അപ്പോൾ അവർ ചോദിച്ചു: ദൈവഹിതമനുസരിച്ച് പ്രവർത്തിക്കുന്നവരാകാൻ ഞങ്ങൾ എന്ത് ചെയ്യണം? യേശു മറുപടി പറഞ്ഞു:ഇതാണ് ദൈവഹിതമനുസരിച്ചുള്ള പ്രവർത്തി- അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക.
ചോദ്യകർത്താക്കൾ ഇവിടെ അപ്പത്തിന് ഊന്നൽ നല്കുകുന്നില്ലന്ന് പ്രത്യേകം ശ്രദ്ധിക്കുക. കർത്താവ് തന്റെ മറുപടിയിൽ, അപ്പത്തെക്കുറിച്ചോ , വീഞ്ഞിനെക്കുറിച്ചോ വീണ്ടും പറയാതെ, വിശ്വാസത്തിലേക്ക് കേൾവിക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.


2. യേശു അവരോട് പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കയുമില്ല..... പുത്രനെ കാണുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവന് നിത്യജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. യോഹ 6:35,40
ഇവിടെയും അപ്പ വീഞ്ഞുകളുടെ ക്രയവിക്രയമല്ല ഉദേശിക്കുന്നത്. കർത്താവിനെയും അവന്റെ വചനങ്ങളെയും സ്വീകരിക്കുന്നതിലാണ് നിത്യജീവൻ


3. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാൻ പിതാവു മുലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. യോഹ 6:57
'ഞാൻ പിതാവു മൂലം ജീവിക്കുന്നു'
എന്ന് പറയുമ്പോൾ പിതാവിനെ ഭക്ഷിച്ചു കൊണ്ട് ജീവിക്കുന്നുവെന്ന് അർത്ഥമില്ലല്ലോ! അയച്ചവന്റെ ഇഷ്ടം കർത്താവ് അന്വേഷിക്കുന്നതുപോലെ കർത്താവിന്റെ ഇഷ്ടം അവനെ പിൻപറ്റുന്നവരും അന്വേഷിക്കണം.

കുരിശിൽ പൂർത്തിയാക്കിയ ആത്മബലിയെ മാനവർ അംഗീകരിക്കുക എന്നതാണ് കർത്താവിന്റെ ഇഷ്ടം. ബലിയുടെ തുടർച്ച കർത്താവിന്റെ ഹിതമല്ല. 'ഇനിയൊരു ബലിയർപ്പിക്കുവാൻ താൻ വരുമോ ഇല്ലയോ' എന്ന സന്ദേഹം കർത്താവിനില്ല. "ഇനിയൊരു ബലി അവശേഷിക്കുന്നില്ല" എന്ന് തന്നെയാണ് വചനം___ഹെബ്റായർ 10:26 കുർബാനയിൽ ഏറ്റുചൊല്ലുന്ന വിശ്വാസപ്രമാണത്തിലും ബലിയർപ്പകനായ കർത്താവിനെ സഭ പ്രതീക്ഷിക്കുന്നില്ല.
കുരിശിലെ ആത്മത്യാഗം സദാകാലത്തേക്കും ഗുണകരമെങ്കിൽ സത്താഭേദത്തിലൂന്നിയുള്ള കുർബാന എന്ന ബലിയുടെ പ്രസക്തിയെന്ത്
****************

Views: 54

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Ernest Bob on September 25, 2017 at 6:51

അപ്പസ്തോല പ്രവര്ത്തനങ്ങൾ പരിശോദിച്ചാൽ, ആഴ്ചവട്ടത്തിന്റെ ആദ്യ ദിവസം അപ്പം നുറുക്കൽ ശുശ്രൂഷ നടത്തുന്നതായി കാണാം. ഇത് ഒരിക്കലും ബലിയല്ല. എന്നാൽ നമ്മുടെ സഭയിൽ ഒരിക്കൽ നടന്ന ബലിയുടെ പുനരാവിഷ്കരണമാണ് നടക്കുന്നത്. ഇതിന്റെ ആവശ്യമേയില്ല.

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service