ദൈവത്തിന്റെ ശക്തി പ്രകടമാകുന്ന വഴികൾ

             35 വർഷങ്ങൾക്കുമുമ്പാണ് ഈ സംഭവം നടന്നത്. കരിസ്മാറ്റിക് ധ്യാനങ്ങൾക്ക് കേരളസഭയിൽ സ്വീകാര്യതയൊന്നും കിട്ടാത്ത ആരംഭകാലം. നായാട്ടുകാരനും ആരെയും കൂസാത്ത തന്റേടിയും നാട്ടുകാർക്കെല്ലാം ഭയവും ആദരവുമുള്ള ആ മനുഷ്യൻ എങ്ങനെയോ ഒരു ധ്യാനത്തിൽ സംബന്ധിക്കാനിടയായി. ധ്യാനം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം വീടിനടുത്തുള്ള അങ്ങാടിയിൽ എന്തോ വാങ്ങാനായി എത്തിയതായിരുന്നു അദ്ദേഹം. അപ്പോഴതാ മദ്യലഹരിയിൽ സുബോധം നഷ്ടപ്പെട്ട തന്റെ തോട്ടത്തിലെ ടാപ്പിങ്ങ് തൊഴിലാളി എതിരേ വരുന്നു.

മുതലാളിയെ കണ്ട ഉടൻ തൊഴിലാളി തെറി പറയാനാരംഭിച്ചു. മുതലാളിയെയും മുതലാളിയുടെ ഭാര്യയെയും പൂർവികരെയുമെല്ലാം അപമാനിക്കുന്ന തരത്തിലുള്ള അസഭ്യങ്ങളുടെ വർഷം നാട്ടുകാരെല്ലാം നെഞ്ചിടിപ്പോടെ നോക്കിനിന്നു. എന്തും സംഭവിക്കാം കൊലപാതകം വരെ. കാരണം എന്തും ചെയ്യാൻ മടിക്കാത്തവനാണ് മുതലാളി. നാട്ടുകാരൊന്നും അദ്ദേഹത്തിന്റെ നേരെ നോക്കി ഒരു വാക്കുപോലും പറയാൻ ഇന്നുവരെ ധൈര്യപ്പെട്ടിട്ടില്ല. ആ മനുഷ്യനെയാണ് അയാളുടെ ജോലിക്കാരൻ പരസ്യമായി അപമാനിക്കുന്നത്.

പക്ഷേ ഒന്നും സംഭവിച്ചില്ല. അദ്ദേഹം ടൗണിന്റെ മറ്റൊരു ഭാഗത്തേക്ക് ഒന്നും കേൾക്കാത്ത ഭാവത്തിൽ മാറിപ്പോയി. പക്ഷേ, മദ്യലഹരിയിലായ മനുഷ്യൻ വിടാനുള്ള ഭാവമില്ല. അയാൾ പുറകെ ചെന്ന് പിന്നെയും അസഭ്യങ്ങൾ പറഞ്ഞ് അപമാനിക്കാൻ തുടങ്ങി. മുതലാളി അപ്പോഴും പ്രതികരിച്ചില്ല. അദ്ദേഹം ഒന്നും മിണ്ടാതെ തന്റെ വീട്ടിലേക്ക് തിടുക്കത്തിൽ നടന്നു. നാട്ടുകാർക്കെല്ലാം അത്ഭുതമായി! എന്തും ചെയ്യാൻ കഴിവും തന്റേടവും ന്യായവും ഉണ്ടായിട്ടും എന്തുകൊണ്ട് അദ്ദേഹം പ്രതികരിച്ചില്ല എങ്ങനെ ഇന്നുവരെയും വലിയ അഭിമാനിയായി നാട്ടിൽ ജീവിച്ച മനുഷ്യൻ പരസ്യമായ അവഹേളന ശാന്തതയോടെ സഹിച്ചു…?
അപ്പോഴാണ് അദ്ദേഹം പങ്കെടുത്ത ധ്യാനത്തെക്കുറിച്ച് ആളുകൾ ചിന്തിക്കാൻ തുടങ്ങിയത്. മാനുഷികമായി പ്രതികരിച്ചുപോകാൻ സാധ്യതയുണ്ടായിട്ടും പ്രകോപിതനാകാതെ ശാന്തതയോടെ നിന്നത് ധ്യാനത്തിലൂടെ കിട്ടിയ പരിശുദ്ധാത്മാവിന്റെ ശക്തിയാലാണെന്ന് ജനങ്ങൾ വിശ്വസിച്ചു. തൽഫലമായി ആ നാട്ടിലുള്ള വലിയൊരു വിഭാഗം ആളുകളും കരിസ്മാറ്റിക് ധ്യാനങ്ങളിൽ സംബന്ധിക്കുകയും ജീവിതനവീകരണം നേടുകയും ചെയ്തു.

പെട്ടെന്ന് പ്രതികരിക്കുകയും പ്രകോപിതരാവുകയും ചെയ്യുന്നവർ ആന്തരികമായി ദുർബലരും അഹങ്കാരം നിറഞ്ഞവരും ആയിരിക്കും. എല്ലാവരും പ്രതികരിച്ചുപോകുന്ന സാഹചര്യത്തിലും പ്രതികരിക്കാതെ ശാന്തതയോടെ നില്ക്കണമെങ്കിൽ ആന്തരികശക്തി വേണം. പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ ദീർഘക്ഷമയുടെയും ആത്മനിയന്ത്രണത്തിന്റെയും പ്രകടനമാണിത്. പരിശുദ്ധാത്മാവിന്റെ വരങ്ങളിലൂടെ പ്രകടമാകുന്ന ദൈവശക്തി സ്വന്തമാക്കാനാണ് എല്ലാവർക്കും ആഗ്രഹം. എന്നാൽ അരൂപിയുടെ ഫലങ്ങളിലൂടെ വെളിപ്പെടുന്ന ദൈവശക്തിയാണ് ജീവിതത്തെയും ലോകത്തെയും ഏറ്റവും ഏറെ സ്വാധീനിക്കുന്നത്. അതാണ് നമ്മുടെ ജീവിതങ്ങളെ ഏറ്റവും ഏറെ മനോഹരവും ശക്തവുമാക്കി മാറ്റുന്നത്.

മറ്റുള്ളവർ നമ്മളോട് എങ്ങനെ പെരുമാറുന്നു എന്നത് നമ്മുടെ നിയന്ത്രണത്തിന് വിധേയമായ കാര്യമല്ല. എന്നാൽ മറ്റുള്ളവരുടെ പെരുമാറ്റങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മുടെ നിയന്ത്രണത്തിലാണ്. അതിനാൽ മറ്റുള്ളവരുടെ പെരുമാറ്റങ്ങളെ നിയന്ത്രിക്കാൻ കഷ്ടപ്പെടാതെ നമ്മുടെതന്നെ പെരുമാറ്റങ്ങളെ ക്രമപ്പെടുത്തുക എന്നതല്ലേ അഭിലഷണീയം? എന്തുകൊണ്ടെന്നാൽ മറ്റുള്ളവർ നമ്മളോട് എന്തു ചെയ്യുന്നു എന്നതല്ല, നമ്മൾ മറ്റുള്ളവരോട് എന്തു ചെയ്യുന്നു എന്നതാണ് നമ്മുടെ ഭാവിയെ നിർണയിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ നമ്മിലൂടെ വെളിപ്പെടുമ്പോഴാണ് യഥാർത്ഥമായ ദൈവശക്തി ലോകത്തിന് ദൃശ്യമാവുക. അതിനായി നമുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന
കർത്താവേ…. എല്ലാവരും പ്രകോപിതരായിപ്പോകുന്ന സാഹചര്യത്തിലും പ്രകോപിതരാകാതെ, ശാന്തതയോടെ വർത്തിച്ച് അങ്ങയുടെ ശക്തിയെ വെളിപ്പെടുത്തുവാൻ എനിക്ക് കൃപ നല്കണമേ ആമ്മേൻ.

 

ബെന്നി പുന്നത്തറ

Views: 71

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service