ഷെയ്ഖ ലത്തീഫയുടെ ദക്ഷിണ കൊറിയ സന്ദർശനത്തെ ദുബായ് ഭരണാധികാരി അഭിനന്ദിച്ചു
യുഎഇയെ പ്രതിനിധീകരിച്ച് സിയോളിൽ പ്രവർത്തിക്കുന്ന മകൾ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമർപ്പണത്തെയും പ്രവർത്തനത്തെയും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രശംസിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, തന്റെ മകൾ ഷെയ്ഖ ലത്തീഫയുടെ പ്രവർത്തനത്തിലും സമർപ്പണത്തിലും അഭിമാനമുണ്ടെന്ന് സാമൂഹിക മാധ്യമ പോസ്റ്റിൽ പറഞ്ഞു. ദുബായിയുടെ മുഖവും ലോകത്തിന് മുന്നിൽ ദുബായിയുടെ ശബ്ദവുമാണ് അവർ എന്നും അദ്ദേഹം കുറിച്ചു.
ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ ഷെയ്ഖ ലത്തീഫ, ഭാവിയെ രൂപപ്പെടുത്തുന്ന മേഖലകളിൽ സഹകരണം ശക്തമാക്കാനും പങ്കാളിത്ത സാധ്യതകൾ കണ്ടെത്താനും ലക്ഷ്യമിട്ട് സിയോളിലേക്കുള്ള ഉന്നതതല സംഘത്തെ നയിക്കുന്നു. ദക്ഷിണ കൊറിയയുടെ ആരോഗ്യ, സാമൂഹിക ക്ഷേമ മന്ത്രി ഡോ. ജിയോങ് ഉൻ-ക്യോങ്ങുമായി നടത്തിയ ചർച്ചയിൽ, ആരോഗ്യ, സാമൂഹിക ക്ഷേമ സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കാൻ നവീന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് അവർ ചർച്ച ചെയ്തു.
അസാൻ മെഡിക്കൽ സെന്ററിൽ എത്തിയ അവർ സെന്ററിന്റെ പ്രസിഡന്റ് പാർക്ക് സ്യൂങ്-ഇലുമായി കൂടിക്കാഴ്ച നടത്തി, ആരോഗ്യ രംഗത്തെയും മെഡിക്കൽ നവീകരണത്തിലെയും ഗവേഷണത്തിലെയും പുരോഗതിയെക്കുറിച്ച് വിശദീകരണം കേട്ടു. ലോട്ടെ ഗ്രൂപ്പ്, ഹീരിം ആർക്കിടെക്റ്റ്സ് ആൻഡ് പ്ലാനേഴ്സ് എന്നിവയിലെ പ്രതിനിധികളുമായും ആരോഗ്യം, നിക്ഷേപം, നഗരാസൂത്രണം, സാംസ്കാരിക പൈതൃക സംരക്ഷണം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ചർച്ച നടത്തി. യുഎഇ കാബിനറ്റ് സെക്രട്ടറി ജനറലും മന്ത്രിയുമായ മറിയം അൽ ഹമ്മാദി, ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ആയിഷ മിറാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.