ബ്രിട്ടീഷ് പൗരനായ മുഹമ്മദ് ആമിർ എപിഎൽ ഡ്രാഫ്റ്റിൽ ഒന്നാമനായി
മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിറിനെ അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗ് 2026 ഡ്രാഫ്റ്റിൽ കാണ്ഡഹാർ വാരിയേഴ്സ് ഒന്നാമതായി തിരഞ്ഞെടുത്തു.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന ഡ്രാഫ്റ്റിലാണ് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിറിനെ കാണ്ഡഹാർ വാരിയേഴ്സ് ഒന്നാമതായി തിരഞ്ഞെടുത്തത്. മെയ് മാസത്തിൽ ബ്രിട്ടീഷ് പൗരത്വം ലഭിച്ച 34 വയസ്സുകാരനായ ആമിറിനെ പ്ലാറ്റിനം വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. മുഹമ്മദ് നബി, ജോ ക്ലാർക്ക്, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവർക്കൊപ്പം ഈ ടീമിൽ അദ്ദേഹം കളിക്കും.
പാകിസ്ഥാനുവേണ്ടി 36 ടെസ്റ്റുകളും 61 ഏകദിനങ്ങളും 62 ടി20 അന്താരാഷ്ട്ര മത്സരങ്ങളും ആമിർ കളിച്ചിട്ടുണ്ട്. 2024 ജൂണിൽ ടി20 ലോകകപ്പിൽ അയർലൻഡിനെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം. ബ്രിട്ടീഷ് പൗരത്വമുള്ളതിനാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ എൻഒസി ഇല്ലാതെ ടൂർണമെന്റിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കും.
ഫഖർ സമാൻ, സായിം അയൂബ്, ഹസൻ അലി, ഷാൻ മസൂദ് എന്നിവരുൾപ്പെടെ 30-ലധികം പാകിസ്ഥാൻ താരങ്ങൾ ഡ്രാഫ്റ്റിനായി രജിസ്റ്റർ ചെയ്തിരുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പിരിമുറുക്കം കാരണം ബോർഡ് എൻഒസി നൽകാൻ സാധ്യതയില്ലെന്ന് എന്ന് പറയപ്പെടുന്നു. അഞ്ച് ടീമുകളുള്ള ലീഗിൽ ഓരോ ടീമിലും പരമാവധി 18 കളിക്കാരാകാം. പ്ലാറ്റിനം വിഭാഗക്കാർക്ക് 100,000 ഡോളർ (367,250 ദിർഹം) ശമ്പളം ലഭിക്കും, അഞ്ച് വിഭാഗങ്ങളിൽ ഏറ്റവും ഉയർന്നതാണിത്. ടൂർണമെന്റ് ഡിസംബർ 27-ന് ആരംഭിക്കും.