ദുബായ് ഹെൽത്തിന് എപിക് റേറ്റിങ്ങിൽ തുടർച്ചയായ രണ്ടാം വർഷവും ഉയർന്ന നേട്ടം
ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് സംവിധാനത്തിന് എപിക് ഗോൾഡ് സ്റ്റാർ ലെവൽ 10 റേറ്റിങ് തുടർച്ചയായ രണ്ടാം വർഷവും ദുബായ് ഹെൽത്ത് നിലനിർത്തി.
ദുബായ് ഹെൽത്തിന്റെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് സംവിധാനത്തിന് എപിക് ഗോൾഡ് സ്റ്റാർ കോൺഫിഗറേഷൻ ലെവൽ 10 വീണ്ടും ലഭിച്ചു. ഈ നേട്ടത്തോടെ ലോകത്തിലെ ആരോഗ്യ സ്ഥാപനങ്ങളിൽ 5 ശതമാനത്തിനുള്ളിൽ ദുബായ് ഹെൽത്ത് ഇടം നേടി. പദ്ധതിയുടെ കോൺഫിഗറേഷൻ മാനദണ്ഡങ്ങളിൽ 94 ശതമാനം ദുബായ് ഹെൽത്ത് പാലിച്ചു. 'ഇൻ യൂസ്' വിഭാഗത്തിൽ 82 ശതമാനം സ്കോറും നേടി. യുഎസിലെ വിസ്കോൺസിനിൽ നടന്ന എപിക് യുജിഎം 2026 പരിപാടിയിലാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.
രോഗികളുടെ വിവരങ്ങൾ നിയന്ത്രിക്കാനും പരിചരണം ഏകോപിപ്പിക്കാനും ലോകത്തിലെ 700-ലധികം ആരോഗ്യ സ്ഥാപനങ്ങൾ എപിക് ഉപയോഗിക്കുന്നു. സംവിധാനം എത്രത്തോളം ഫലപ്രദമായി ക്രമീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് ഗോൾഡ് സ്റ്റാർ പദ്ധതി വിലയിരുത്തുന്നത്. ലെവൽ 10 ആണ് ഏറ്റവും ഉയർന്ന നേട്ടം. ദുബായ് ഹെൽത്തിലെ ചീഫ് ഡിജിറ്റൽ ആൻഡ് എഐ ഓഫീസർ ആതിഫ് അൽബ്രൈകി, സാങ്കേതികവിദ്യ രോഗികൾക്കും ജീവനക്കാർക്കും പിന്തുണ നൽകാനുള്ള ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് പറഞ്ഞു.
ദുബായ് ഹെൽത്ത് എപിക് സംവിധാനത്തിലെ സൗകര്യങ്ങൾ വിപുലീകരിക്കുകയാണ്. ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും അടിയന്തര ചികിത്സ തേടുന്നവർക്കും ദിവസ ഷെഡ്യൂൾ, മരുന്നുകൾ, പരിചരണ സംഘവുമായുള്ള ആശയവിനിമയം എന്നിവ ആപ്പ് വഴി കാണാം. ഡിസ്ചാർജ് ചെയ്ത ശേഷവും ഈ സൗകര്യം ഉപയോഗിക്കാം. റദ്ദാക്കലുകൾ ഉണ്ടാകുമ്പോൾ നേരത്തെയുള്ള അപ്പോയിന്റ്മെന്റുകൾ വാഗ്ദാനം ചെയ്യുന്ന ഫാസ്റ്റ് പാസ് സൗകര്യവും ഉണ്ട്. രോഗികളുടെ ചരിത്രത്തിന്റെ സംക്ഷിപ്ത രൂപം നൽകാൻ ജനറേറ്റീവ് എഐ സമ്മറികൾ ക്ലിനിഷ്യൻമാരെ സഹായിക്കുന്നു.