ചന്ദ്രനിലേക്ക് പോകാൻ താൽപ്പര്യമുണ്ടോ? നാസ പുതിയ ബഹിരാകാശ യാത്രികരെ തേടുന്നു
ചന്ദ്രോപരിതലത്തിൽ സ്ഥിരം താവളം നിർമ്മിക്കുന്നതിനുള്ള ആർട്ടെമിസ് പദ്ധതിക്കായി നാസ പുതിയ ബഹിരാകാശ യാത്രികരുടെ ബാച്ചിനായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 3 വരെ അപേക്ഷിക്കാം.
ആർട്ടെമിസ് ചാന്ദ്ര പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി പുതിയ ബഹിരാകാശ യാത്രികരുടെ ബാച്ചിലേക്ക് നാസ അപേക്ഷ ക്ഷണിച്ചു. കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നടന്ന എയർ ഷോയിലാണ് ഉദ്യോഗസ്ഥർ ശനിയാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. രണ്ട് വർഷം മുമ്പായിരുന്നു നാസയുടെ മുൻ അപേക്ഷാ ക്ഷണം. 8,000-ത്തിലധികം പേർ അപേക്ഷിച്ചപ്പോൾ 2025 സെപ്റ്റംബറിൽ 10 പേരെ തിരഞ്ഞെടുത്തു. നിലവിൽ 32 സജീവ ബഹിരാകാശ യാത്രികർ മാത്രമേയുള്ളൂവെന്നും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിനപ്പുറത്തേക്ക് സാന്നിധ്യം വ്യാപിപ്പിക്കാൻ കൂടുതൽ പേരെ ആവശ്യമുണ്ടെന്നും നാസ പറഞ്ഞു.
ഡിസംബർ 3 വരെ അപേക്ഷകൾ സമർപ്പിക്കാം. 2027 അവസാനത്തോടെ അന്തിമ തിരഞ്ഞെടുപ്പ് നടത്താനാണ് നാസയുടെ പദ്ധതി. 2028 ആദ്യം പരിശീലനം ആരംഭിക്കും. ആ വർഷം ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. യു.എസ് പൗരത്വവും കോളേജ് ബിരുദവും പ്രൊഫഷണൽ തൊഴിൽ പരിചയവുമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. രണ്ട് വർഷത്തെ പരിശീലനമാണ് ഉണ്ടാവുക. ബഹിരാകാശ യാത്രയ്ക്ക് ഇതിനു ശേഷവും ഏതാനും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം.
ആർട്ടെമിസ് III സംഘം അടുത്ത വേനൽക്കാലത്ത് വിക്ഷേപിക്കപ്പെടും. സ്പേസ് എക്സ് നിർമ്മിച്ച ഒരു ചാന്ദ്ര ലാൻഡറുമായും ബ്ലൂ ഒറിജിൻ നിർമ്മിച്ച മറ്റൊന്നുമായും ഡോക്കിങ് പരിശീലിക്കുകയാണ് ദൗത്യലക്ഷ്യം. ഭൂമിക്ക് സമീപം തന്നെയാവും ദൗത്യം. അടുത്ത വർഷത്തെ ആർട്ടെമിസ് IV ദൗത്യത്തിനുള്ള മുന്നൊരുക്കമായാണ് ഇതിനെ കാണുന്നത്. ആർട്ടെമിസ് IV ദൗത്യത്തിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് രണ്ട് ബഹിരാകാശ യാത്രികരെ ഇറക്കാനാണ് ലക്ഷ്യം.