ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ പാകിസ്ഥാനിൽ 750-ലധികം വീടുകൾ പൂർത്തിയാക്കി
മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ചാരിറ്റി സംഘടന സാധാരണക്കാരായ കുടുംബങ്ങൾക്കായി 750-ലധികം വീടുകൾ നിർമിച്ചതായി അറിയിച്ചു.
2014-ൽ സ്ഥാപിതമായ ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ശുദ്ധമായ കുടിവെള്ളം, അടിയന്തര സഹായം എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു. ഭവന പദ്ധതിയും ഗണ്യമായി വികസിച്ചിട്ടുണ്ട്. പാകിസ്ഥാനിലുടനീളം 750-ലധികം വീടുകൾ പൂർത്തിയായതായി അഫ്രീദി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ദാതാക്കൾക്കും പിന്തുണക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.
വീടുകൾക്കൊപ്പം കുടുംബങ്ങൾക്ക് സോളാർ വൈദ്യുതി സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. 2025 ജൂണിൽ സിന്ധിലും ബലൂചിസ്ഥാനിലുമായി 350 വീടുകൾ നിർമിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. കൂടുതൽ അർഹരായ കുടുംബങ്ങൾക്ക് സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സംഭാവന തുടരണമെന്ന് അഭ്യർഥിച്ച അദ്ദേഹം, എസ്എംഎസ് വഴി ചെറിയ തുകയും സഹായകമാകുമെന്ന് പറഞ്ഞു.
പാകിസ്ഥാനുവേണ്ടി 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ടി20 മത്സരങ്ങളും കളിച്ച അഫ്രീദി, ക്രിക്കറ്റ് കരിയറിന് ശേഷവും ചാരിറ്റി പ്രവർത്തനങ്ങൾ തുടരുകയാണ്.